തിരുവനന്തപുരം: കൊല്ലത്ത് മുഖ്യമന്ത്രിയുടെ നവകേരള സദസിന് പഴുതടച്ച സുരക്ഷയൊരുക്കുമ്പോൾ തിരുവനന്തപുരത്തെ പൊലീസ് സ്‌റ്റേഷനുകളിൽ ആവശ്യത്തിന് പോലും ആളുകളില്ലാത്ത അവസ്ഥ. തിരുവനന്തപുരത്തെ മിക്ക പൊലീസ് സ്‌റ്റേഷനുകളിലേയും പൊലീസുകാരെ കൊല്ലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

നവകേരള സദസിന്റെ അവസാന ഘട്ടം എല്ലാ അർത്ഥത്തിലും വിജയിക്കുന്നുവെന്ന് ഉറപ്പിക്കാനാണ് ഇത്. ഫലത്തിൽ ഇത് തിരുവനന്തപുരത്ത് പൊലീസിന് ശക്തിക്ഷയമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധം അതിരുവിടുന്ന സമരമായാൽ പോലും നിയന്ത്രിക്കാൻ തിരുവനന്തപുരത്ത് പൊലീസുകാരില്ലാത്ത അവസ്ഥയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

പൊലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിൽ പൊലീസുകാരെ കൊണ്ടു പോയത് തിരുവനന്തപുരത്തെ പൊലീസുകാർക്കിടയിൽ അമർഷമുണ്ടാക്കുന്നുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടർന്ന് ചവറയിലും കുണ്ടറയിലും സദസ് നടക്കും. വൈകിട്ട് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാകും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് നിന്നും പൊലീസുകാരെ നിയോഗിച്ചിരിക്കുന്നത്.

നാളെ ഇരവിപുരത്തും ചടയമംഗലത്തും ചാത്തന്നൂരും നവകേരള സദസ് നടക്കും. അതിന് ശേഷം തിരുവനന്തപുരത്താണ് സമ്മേളനം. ഈ സമയവും തിരുവനന്തപുരത്തെ പൊലീസിന് പിടിപ്പത് പണിയാകും. ഈ സാഹചര്യത്തിൽ കൊല്ലത്ത് പോകുന്നത് തിരുവനന്തപുരത്ത് പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന് തടസ്സമാകുമോ എന്ന വിലയിരുത്തലുമുണ്ട്. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്.

20ന് രാവിലെ കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭാ യോഗം നടക്കും. 11-ന് കന്റോൺമെന്റ് മൈതാനത്തിലും മൂന്നിന് കടയ്ക്കലിലും സദസ്സ് നടക്കും. നാലരയ്ക്ക് ചാത്തന്നൂർ സ്പിന്നിങ് മിൽ മൈതാനത്താണ് ജില്ലയിലെ അവസാനസദസ്സ് നടക്കുക. സദസ്സ് നടക്കുന്നയിടങ്ങളിൽ ഗതാഗതക്രമീകരണവുമുണ്ട്. പൊലീസ്-അഗ്‌നിരക്ഷാ സേനാംഗങ്ങൾ സുരക്ഷാസംവിധാനവും വിലയിരുത്തി. പ്രതിഷേധക്കാരെ കരുതൽ തടങ്കലിലും എടുക്കും.

ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. ഇത്തവണ ശബരിമലയിൽ തുടക്കത്തിൽ അതുണ്ടായില്ല. അത് ഏറെ ചർച്ചയായി.

ഇതോടെ കൂടുതൽ പൊലീസ് ശബരിമലയിൽ എത്തി. ഈ സാഹചര്യത്തിലാണ് സ്‌റ്റേഷനുകളിൽ ദൈനംദിന ജോലി ചെയ്യുന്നവരെ കൂടി നവകേരള സദസ്സിന് വേണ്ടി നിയോഗിക്കേണ്ട സാഹചര്യമുണ്ടായത്.