പത്തനംതിട്ട: ഇൻസ്‌പെക്ടറും പൊലീസ് റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്‌സാപ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിവിൽ പൊലീസ് ഓഫിസർ. കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ ആണ് ഇൻസ്‌പെക്ടർക്കെതിരെ ആരോപണം നടത്തിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി പോസ്റ്റിട്ടത്.

വാട്‌സാപ് ഗ്രൂപ്പിലെ പോസ്റ്റിനു പിന്നാലെ പൊലീസ് ഓഫിസർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പരിഭ്രാന്തരായി. തുടർന്നു ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീട്ടിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായത്. ഇൻസ്‌പെക്ടർക്കും റൈറ്റർക്കുമെതിരെ സുനിൽകുമാറിന്റെ കുടുംബം പൊലീസ് മേധാവിക്കും പരാതി നൽകി.

തനിക്കു പുറത്തുള്ള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും സുനിൽകുമാർ പറഞ്ഞു. ഇതിന് ആശുപത്രിയിലെത്തിയതിനു പിന്നാലെ തനിക്കെതിരെ ഇൻസ്‌പെക്ടർ പ്രതികാര നടപടി സ്വീകരിച്ചെന്നും അവധിയിലാണെന്നു സ്റ്റേഷൻ ഹാജർ ബുക്കിൽ രേഖപ്പെടുത്തിയെന്നും പരാതിപ്പെടുന്നുണ്ട്. സ്റ്റേഷനിലെ താൻ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻസ്‌പെക്ടറും റൈറ്ററുമാണ് ഉത്തരവാദികളെന്നും സുനിൽകുമാർ ആരോപിച്ചു.

അതേസമയം സുനിൽ കുമാറിനെതിരെ ഇൻസ്‌പെക്ടറും രംഗത്തെത്തി. ഈ വ്യക്തി പലപ്പോഴും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്നതായും ജോലിയിൽ ശ്രദ്ധിക്കാറില്ലെന്നും ഇൻസ്‌പെക്ടർ ആരോപിക്കുന്നു. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണു വിവരം.