റോം: തട്ടിപ്പിന് ആധാരമായ ലണ്ടൻ പ്രോപ്പർട്ടിക്ക് വേണ്ടി പണം നിക്ഷേപിക്കുന്നതിൽ താൻ വിദഗ്ധോപദേശം അനുസരിക്കുകയായിരുന്നു എന്ന് കുറ്റാരോപിതനായ കർദ്ദിനാൾ ജിയോവനി ആഞ്ചെലോ ബെക്കിയു പറയുന്നു. വത്തിക്കാൻ ഫണ്ടുകൾ ദുരുപയോഗം ചെയ്യുകയും വഴിമാറ്റി ചെലവഴിക്കുകയും ചെയതതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കർദ്ദിനാൽ ആഞ്ചലോ ബെക്കിയു കഴിഞ്ഞ ദിവസം ഇറ്റാലിയൻ ടെലിവിഷനിൽ പറഞ്ഞതാണിത്. ലണ്ടനിലെ ഓഫീസ് കെട്ടിടത്തിനായി 200 മില്യൻ ഡോളർ ആയിരുന്നു നിക്ഷേപിച്ചത്.

ഈ നിക്ഷേപത്തിനുള്ള ആദ്യാംഗികാരം നൽകിയത് ആഞ്ചലോ ബെക്കിയു ആയിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ കത്തോലിക്ക സഭയിൽ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്നാണ് വിലയിരുത്തുന്നത്. ഒരു കാലത്ത് സഭയ്ക്കുള്ളിൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന ആഞ്ചലോ ബെക്കിയു 2011 - 2018 കാലഘട്ടത്തിൽ വത്തിക്കാൻ ഫണ്ട് മാനേജ് ചെയ്യുന്നവരിൽ പ്രമുഖനുമായിരുന്നു. പൊലീസ് അന്വേഷണത്തിന് ശേഷം സഭയുടെ പണം ദുരുപയോഗം ചെയ്തതിന് ആഞ്ചലോയെ അഞ്ചരവർഷത്തെ തടവിന് ശനിയാഴ്‌ച്ച കോടതി ശിക്ഷിച്ചിരുന്നു.

വത്തിക്കാൻ ക്രിമിനൽ കോടതി ശിക്ഷിച്ചതിനു ശേഷം ആദ്യമായിട്ടാണ് കർദ്ദിനാൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഒരു ഊഹക്കച്ചവടമാണെന്ന് ചിലർ കരുതുന്നുണ്ടാകാം, എന്നാൽ 1929 മുതൽ തന്നെ സഭ കെട്ടിടങ്ങളിലും ഭൂമിവാങ്ങുന്നതിലും പണം നിക്ഷേപിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലണ്ടൻ, പാരിസ്, റോം എന്നീ നഗരങ്ങളിലെല്ലാം ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022-ൽ സഭയുടെ ഓഫീസ് ഇരുന്ന കെൻസിങ്ടണിലെ കെട്ടിടം സ്വകാര്യ ഓഹരി സ്ഥാപനമായ ബെയ്ൻ കാപിറ്റലിന് 186 മില്യൻ പൗണ്ടിന് വിറ്റതാണ് ഇപ്പോൾ വിവാദമായത്. 300 മില്യനോളം ആ കെട്ടിടത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കാനായി ചെലവാക്കിയതിനു ശേഷമായിരുന്നു വിൽപന. ഇതുവഴി 100 മില്യൻ പൗണ്ട് സഭയ്ക്ക് നഷ്ടമുണ്ടായി എന്നാണ് കേസ്.