- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മയക്കുമരുന്നുകളോടുള്ള യുദ്ധം പരാജയപ്പെട്ടു! കൊക്കെയിനടക്കമുള്ള മയക്കു മരുന്നുകൾ നിയമപരമാക്കാൻ സ്വിറ്റ്സർലൻഡ്; ഇത്തരത്തിൽ ലോകത്തിലെ ആദ്യ പരീക്ഷണത്തിനൊരുങ്ങുന്നത് ഉന്നത നിലവാരത്തിലുള്ള ലഹരികൾ സ്വിസ് മാർക്കറ്റിൽ സുലഭമായും ബിയറിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലും

ബേൺ: മയക്കു മരുന്നുകൾക്കെതിരെയുള്ള യുദ്ധത്തിൽ തികച്ചും പുതിയൊരു സമീപനവുമായി എത്തുകയാണ് സ്വിറ്റ്സർലൻഡ്. പാർലമെന്റിന്റെ പിന്തുണ ലഭിച്ച ഈ നയം പക്ഷെ നടപ്പിലാക്കുവാൻ ഇനിയും കടമ്പകൾ ഉണ്ട്. ദേശീയ നിയമത്തിൽ വ്യത്യാസം വരുത്തണം എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൊക്കെയ്ൻ പൂർണ്ണമായും നിരോധിക്കുന്നത് ഫലപ്രദമല്ല എന്ന് പല കോണുകളിൽ നിന്നും വിമർശനമുയരാൻ തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട നയം പുനപരിശോധിക്കുകയാണ് സ്വിറ്റ്സർലൻഡ്.
നിലവിൽ സ്വിറ്റ്സർലൻഡ്, കഞ്ചാവ് നിയമവിധേയമാക്കിയതിന്റെ പരീക്ഷണ ഘട്ടത്തിലാണ്. മയക്കുമരുന്നുകളോടുള്ള യുദ്ധം പരാജയപ്പെട്ടു എന്നാണ് ബേൺ കൗൺസിൽ അംഗമായ ഈവ ഷെൻ പറയുന്നു. അതിനാൽ പുതിയ ആശയങ്ങൾ പരീക്ഷിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. മയക്കുമരുന്ന് നിയമവിധേയമാക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നവരാണ് ഈവ ഷെനിന്റെ ആൾട്ടർനേറ്റീവ് ലെഫ്റ്റ് പാർട്ടി. നിയന്ത്രണവും നിയമവിധേയമാക്കലുമാണ് നിരോധനത്തേക്കാൾ നല്ലതെന്ന് അവർ പറയുന്നു.
യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കൊക്കെയ്ൻ ഉപഭോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലൻഡ്. നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെയും അവയുടെ രാസഘടകങ്ങളുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ യൂറോപ്പിൽ ഏറ്റവും അധികം കൊക്കെയ്ൻ ഉപയോക്താക്കൾ ഉള്ള പത്ത് നഗരങ്ങളിൽ സൂറിച്ച്, ബേസെൽ, ജനീവ എന്നിവ ഉൾപ്പെടുന്നു. ബേൺ പോലുള്ള നഗരങ്ങളും ഇവയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു സർക്കാരേതര സ്ഥാപനമായ അഡിക്ഷന്റെ കണക്കുകൾ പ്രകാരം ഇവിടെ കൊക്കെയ്ന്റെ വില പകുതിയായി കുറഞ്ഞിട്ടുണ്ട്. നിലവിൽ സ്വിറ്റ്സർലൻഡിൽ ലഭിക്കുന്നത് ഏറ്റവും ഗുണമേന്മയുള്ള കൊക്കെയ്ൻ ആണെന്ന് സംഘടനയുടെ ഡെപ്യുട്ടി ഡയറക്ടർ ഫ്രാങ്ക് സോബെൽ പറയുന്നു. മാത്രവുമല്ല, ഏറ്റവും വിലക്കുറവിലുമാണ് ലഭിക്കുന്നത്. ഇന്ന് കൊക്കെയ്ന്റെ ഒരു ഡോസ്, ഒരു ബിയറിന്റെ വിലയ്ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ പരീക്ഷണാർത്ഥം കൊക്കെയ്ൻ നിയമവിധേമാക്കാനുള്ള ഒരു ശ്രമത്തിലാണ് ബേൺ എഡ്യുക്കേഷൻ, സോഷ്യൽ അഫയേഴ്സ് ആൻഡ് സ്പോർട്ട് ഡയറക്ടറേറ്റ്. എന്നാൽ ഇത് എത്രത്തോളം സാധ്യമാകുമെന്നത് മറ്റൊരു വിഷയമാണ്. മാത്രമല്ല, അത് എപ്രകാരം നടപ്പിലാക്കാൻ പോകുന്നു എന്നതിനെ കുറിച്ചും ഇപ്പോൾ വ്യക്തത കൈവന്നിട്ടില്ല. ഇപ്പോഴും ഇത് ഒരു നിയമമാക്കുന്നതിൽ നിന്നും വളരെ ദൂരെയാണെങ്കിലും ഇതിന് അനുകൂലമായ ഒരു സമീപനം കൈക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട് എന്നും ഷെൻ പറയുന്നു.
ആദ്യമായി ഉപയോഗിക്കുന്നവർക്കും, ദീർഘകാലമായി ഉപയോഗിക്കുന്നവർക്കും കൊക്കെയ്ൻ ജീവനും ആരോഗ്യത്തിനും തന്നെ ഭീഷണിയാണ് അതുകൊണ്ടു തന്നെ ശാസ്ത്രീയമായ മേൽനോട്ടത്തിലൂടെ മാത്രമെ പുതിയ ആശയം നടപ്പിൽ വരുത്താൻ കഴിയുകയുള്ളു എന്ന് സർക്കാരിന്റെ ഒരു വക്താവ് പറഞ്ഞു. അമിതമായ ഡോസുകളിൽ ഉപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാം. അതുപോലെ ചില വ്യക്തികളുടെ ശരീര ഘടന അനുസരിച്ച് ചെറിയ അളവുകൾ പോലും അപകടകരമായേക്കാം.
ഈ നയം പരീക്ഷണാർത്ഥത്തിൽ നടപ്പിലാക്കുന്നതിന് മയക്കുമരുന്നുകളുടെ വിനോദാർത്ഥമുള്ള ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ദേശീയ നിയമം മാറ്റേണ്ടതുണ്ട്. ഇപ്പോൾ ഫാർമസികൾ വഴി മയക്കുമരുന്നുകൾ വിൽക്കുന്ന പരിപാടി വിജയമായാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ആ നിയമം മാറിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ, ഏതൊരു നിയമനിർമ്മാണവും ഗുണനിലവാര മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതായിരിക്കണം എന്ന് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു.


