തിരുവനന്തപുരം: നവകേരള സദസ്സിനുനേരെ നടക്കുന്ന പ്രതിഷേധങ്ങളെ അതിശക്തമായി ഇനി പൊലീസ് നേരിടും. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസ് ആദ്യം മൃദു സമീപനം എടുത്തുവെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഡിവൈ എഫ് ഐ 'രക്ഷാപ്രവർത്തനത്തെ' യൂത്ത് കോൺഗ്രസുകാർ നേരിടുന്ന സാഹചര്യത്തിലാണ് ഇത്.

പ്രതിഷേധങ്ങളെ പൊലീസും സിപിഎമ്മും കായികമായി നേരിട്ടതിനെതിരേ അതേനാണയത്തിൽ തിരിച്ചടിനൽകാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ഇത് പറഞ്ഞു കഴിഞ്ഞു. ഇതേസമയം, കോൺഗ്രസ് തിരിച്ചടിച്ചാൽ പുറംകാണിച്ചുതരില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി. മുഖ്യമന്ത്രി ഭീരുവാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന്, യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് താൻ അതിനെ ഭയപ്പെട്ടിട്ടില്ലെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഇതെല്ലാം കലാപാഹ്വാനങ്ങളാണ്. അതിനിടെ ഇനി യൂത്ത് കോൺഗ്രസിനെ തടയാനില്ലെന്ന് ഡിവൈഎഫ് ഐയും അറിയിച്ചു. അടി പേടിച്ചാണ് ഇതെന്ന വിലയിരുത്തലുമുണ്ട്.

മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടികാട്ടി പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിനുപുറമേ ഡിവൈഎഫ്ഐ.ക്കാർകൂടി കൈകാര്യംചെയ്തതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. നവകേരള സദസ്സ് എന്ന മന്ത്രിസഭയുടെ സംസ്ഥാന പര്യടനം അവസാനദിവസങ്ങളിലേക്ക് കടന്നപ്പോൾ ഭരണ, പ്രതിപക്ഷ മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥ വന്നു. കോൺഗ്രസ് പ്രതിഷേധക്കാരെ കല്യാശ്ശേരിയിൽ സിപിഎം. നേരിട്ടപ്പോൾമുതൽ നീറിനിന്ന പ്രതിഷേധം ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചതോടെ പുതിയ തലത്തിലെത്തി. പത്തനംതിട്ടയിൽ യുവമാർച്ചക്കാർ ഡിഫിക്കാരെ പഞ്ഞിക്കിട്ട് മാതൃക കാട്ടിക്കൊടുത്തു. ഇത് യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. അങ്ങനെ കൊല്ലത്ത് ഡിഫിക്കാരുടെ തലയും പൊട്ടി.

യൂത്ത് കോൺഗ്രസുകാർ തങ്ങളെ തല്ലാൻവന്ന ഡിവൈഎഫ്ഐ.ക്കാരെ വടിയുമായി നേരിട്ടു. പിറ്റേന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻതന്നെ രംഗത്തിറങ്ങിയതോടെ കോൺഗ്രസിന്റെ നയം വ്യക്തമായി. നവകേരളയാത്ര സമാപിക്കുന്ന ശനിയാഴ്ച കോൺഗ്രസ് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. ഈ മാർച്ചിനേയും പൊലീസ് അതിശക്തമായി നേരിടും. ഇന്ന് കെ എസ് യുവും മാർച്ച് നടത്തുന്നു. ഇതും അക്രമത്തിലേക്ക് പോയാൽ പൊലീസ് ശക്തമായി തന്നെ തിരിച്ചടിക്കും.

മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത് ഇങ്ങനെ

താൻ ഭീരുവാണെന്നുപറയുന്ന സതീശന് അക്കാര്യം നിങ്ങളുടെ പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാനാകും. യൂത്ത് കോൺഗ്രസിനെയാണോ ഭയക്കേണ്ടത്. അവരുടെ പ്രതാപകാലത്ത് ഭയന്നിട്ടില്ല. പിന്നയല്ലേ ഇപ്പോൾ -മുഖ്യമന്ത്രി പറഞ്ഞു. നവകേരളയാത്ര തിരുവനന്തപുരം ജില്ലയിലേക്ക് കടന്നപ്പോൾ വർക്കല മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പൊലീസിനെ കൂടെനിർത്തി ഗുണ്ടകൾ വഴിനീളെ ആക്രമണം നടത്തിയ ഒരുകാലമുണ്ടായിരുന്നു. ഗുണ്ടകൾ വീട് അക്രമിക്കും. ആ കാലത്ത് ആ വഴിയിലൂടെയൊക്കെ നടന്നിട്ടുണ്ട് സതീശാ.. കണ്ണൂരിലെ മാലൂർ പഞ്ചായത്തിലെ തോലമ്പ്രയിൽ തനിക്കുനേരെ വെടിയുതിർത്തിട്ടുണ്ട്. അന്നും താൻ അവിടെനിന്ന് പോന്നിട്ടുണ്ട്.

അതും പൊലീസ് സംരക്ഷണയിലല്ല. കരിങ്കൊടിക്കാർക്കുനേരെയും കൈവീശിയാണ് ഞങ്ങൾ പോകുന്നത്. താൻ സാഡിസ്റ്റാണെന്നാണ് പറയുന്നത്. അങ്ങനെ ഇടയ്ക്കിടെ പറഞ്ഞാൽ ജനങ്ങളത് വിശ്വസിക്കുമെന്നാണോ കരുതുന്നത് -മുഖ്യമന്ത്രി പറഞ്ഞു. 2000 പൊലീസുകാരുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. സാധാരണയായി തന്റെകൂടെ ഉണ്ടാകാറുള്ള പൊലീസുകാർക്ക് പുറമേ ഒരു പൊലീസ് വാഹനംകൂടി അധികമായി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. താൻ മഹാരാജാവായാണ് കഴിയുന്നതെന്നാണ് സതീശൻ പറഞ്ഞത്. മനുഷ്യനെ സ്‌നേഹിക്കാൻ പഠിക്കണം. ഏതെങ്കിലും വിഭാഗത്തിന്റെ രാജാവായിട്ടല്ല, ജനങ്ങളുടെ ദാസന്മാരായിട്ടാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

അടിക്കാൻ ഇല്ലെന്ന് ഡിവൈഎഫ് ഐ

പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സംസ്ഥാനത്തു ക്രമസമാധാനനില തകർന്നെന്നു വരുത്താനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ആരോപിച്ചു. യൂത്ത് കോൺഗ്രസുമായി തെരുവുയുദ്ധത്തിനോ ദ്വന്ദ യുദ്ധത്തിനോ ഡിവൈഎഫ്‌ഐ പോയിട്ടുമില്ല, പോകുന്നുമില്ല. അക്രമത്തിനു പോവരുതെന്നു പ്രവർത്തകർക്കു കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വസീഫ് പറഞ്ഞു.

''മഷിക്കുപ്പി സമരം നടത്തി പാരമ്പര്യമുള്ളവർ വീണ്ടും കേരളത്തിൽ അക്രമം നടത്താൻ ഒരുങ്ങുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ്. വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ഒരു ഭാഗത്ത്. സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിക്കുന്നത് മറു ഭാഗത്ത്. യൂത്ത് കോൺഗ്രസ് ഭാരവാഹിയുടെ വീട്ടിൽ സ്ത്രീയെ കൊന്നു കുഴിച്ചുമൂടുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു.

''ക്രിമിനലുകളുടെ കൂടാരമായി മുഖം നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് ചർച്ചകൾ വഴിമാറ്റിക്കൊണ്ടുപോകാൻ അക്രമത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണു കണ്ടുകൊണ്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ ക്രിമിനൽ സ്വഭാവത്തെ തുറന്നുകാണിക്കുന്ന തരത്തിലേക്കു ക്രിമിനലുകളെ പുറത്തുകൊണ്ടുവരുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കണമെന്നാണു ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.

''യൂത്ത് കോൺഗ്രസുമായി അക്രമത്തിനോ ദ്വന്ദ യുദ്ധത്തിനോ തെരുവു യുദ്ധത്തിനോ ഞങ്ങൾ തയാറായിട്ടില്ല. ഞങ്ങൾ അതിനു തയാറാകുന്നുമില്ല. ഞങ്ങൾ ജനാധിപത്യ രീതിയിൽ ഞങ്ങളുടെ രാഷ്ട്രീയം പറയുന്നു, അവർ അവരുടെ രാഷ്ട്രീയവും പറയട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അക്രമം ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടില്ല. അക്രമത്തിനു പോകരുതെന്ന് ഞങ്ങൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയാണെങ്കിലും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടാകരുതെന്ന് കർശനമായി പറയുന്നു.'' വസീഫ് പറഞ്ഞു.