കൊച്ചി: വീണ്ടും കേരളത്തിൽ 'ദത്ത വിവാദം'. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള 18- കാരി തന്നെ ദത്തെടുത്ത തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരോടൊപ്പം പോകാൻ തയ്യാറാണെന്നു നിലപാട് എടുത്തെങ്കിലും ആ ദത്ത് ഇനി നടക്കില്ല.

18കാരിയുടെ നിലപാട് അമിക്കസ് ക്യൂറി അഡ്വ. എ. പാർവതി മേനോൻ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, ദത്തുപുത്രിയെ വീണ്ടും സ്വീകരിക്കുന്നതിൽ ദമ്പതിമാർ ബുദ്ധിമുട്ട് വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുട്ടിയുടെ താത്പര്യം കണക്കിലെടുത്തുള്ള തുടർ നടപടികൾ സ്വീകരിക്കാൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി. ദത്ത് പുത്രിയെ പഞ്ചാബിലേക്കു തന്നെ തിരികെ അക്കും.

കുട്ടിയെ മടക്കി അയയ്ക്കുക എന്നതടക്കമുള്ള കാര്യങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഇതിനുള്ള സാധ്യത പഞ്ചാബ് അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ചതായും തുടർ നടപടികൾ സ്വീകരിക്കാമെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ദത്തുപുത്രിക്ക് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കാൻ അനുമതി തേടിയാണ് ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ദത്ത് റദ്ദാക്കുന്നത് തെറ്റായ സന്ദേശമാകും എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

ഹർജിക്കാരുടെ 23 വയസ്സുകാരനായ ഏക മകൻ 2017-ൽ കാറപകടത്തിൽ മരിച്ചതിനെ തുടർന്നാണ് 2018-ൽ പഞ്ചാബിലെ ലുധിയാനയിൽനിന്ന് 13 വയസ്സുകാരിയെ ദത്തെടുത്തത്. ഭാഷയടക്കം അപരിചിതമായതിനാൽ കുട്ടിക്ക് ദമ്പതിമാരുടെ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. 2022 സെപ്റ്റംബർ 29 മുതൽ കുട്ടി തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

തങ്ങളെ രക്ഷിതാക്കളായി പെൺകുട്ടിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാൻ തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കൽ റദ്ദാക്കാൻ തിരുവനന്തപുരം സ്വദേശികൾ ഹർജി നൽകിയത്. ഇത്തരത്തിലൊരു കേസ് കോടതിയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ നടപടികൾ വരും കാലത്തും ചർച്ചയ്ക്കും നിയമ നിർമ്മാണത്തിനുമെല്ലാം വഴിയൊരുക്കും.