- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''സ്പോർസർഷിപ്പ് കിട്ടാൻ ജി എസ് ടി കമ്മീഷണർ ഭീഷണിപ്പെടുത്തി; കോഴിക്കോട്ടെ ഒരു കോച്ചിങ് സ്ഥാപനത്തിൽനിന്ന് ഇങ്ങനെ വാങ്ങിയത് ലക്ഷങ്ങൾ; ടി എക്കും ഊണിനും വേണ്ടി എഴുത്തുകാർ ഇങ്ങനെ അധ:പ്പതിക്കരുത്''; സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
കോഴിക്കോട്: മുൻ നക്സലൈറ്റും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന സിവിക് ചന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരി ഇന്ദുമേനോൻ.
ദളിത് യുവതി അടക്കം രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ സിവിക്കിനെ വെള്ളപൂശുന്നതിനാണ് ഈ ഫെസ്റ്റിവൽ നടത്തുന്നത് എന്ന് നേരത്തെ തന്നെ ചില എഴുത്തുകാരും, ഫെമിനിസ്റ്റികളും ആരോപിച്ചിരുന്നു. ഇപ്പോൾ സബാൾട്ടൻ ഫെസ്റ്റിവലിന് സ്പോൺസർഷിപ്പ് കിട്ടുന്നതിന്റെ പേരിൽപോലും ക്രമക്കേട് നടന്നുവന്നു, അസിസ്റ്റന്റ് ജിഎസ്ടി കമ്മീഷണർ ഭീഷണിപ്പെടുത്തിയാണ്, കോഴിക്കോട്ടെ ഒരു കോച്ചിങ് സ്ഥാപനത്തിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയത് എന്നുമാണ് ആരോപണം ഉയരുന്നു.
ഡിസംബർ 21,22,23 തീയതികളിലാണ് സിവിക് ചന്ദ്രൻ എഡിറ്ററും പ്രിന്ററും പബ്ലിഷറുമായ പാഠഭേദം മാസികയുടെ പേരിൽ ദലിത്-ആദിവാസി-പിന്നോക്ക ജനസമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സബാൾട്ടൻ ഫെസ്റ്റിവൽ നടത്തുന്നത്. സിവിക് ചന്ദ്രൻ പ്രതിയായ കേസുകളിലൊന്നിൽ ഐ സി സി അംഗമായിരുന്ന പി ഇ ഉഷയാണ് സബാൾട്ടൺ ഫെസ്റ്റിവൽ ഡയറക്ടർ.
ലൈംഗികാതിക്രമ പരാതി ഉണ്ടായപ്പോൾ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി(ഐ സി സി)യിലെ അംഗങ്ങൾ എല്ലാവരും പ്രതിക്കൊപ്പം സാംസ്കാരികോത്സവ സംഘാടനത്തിൽ സജീവമായുണ്ട്. ഇതിനെതിരെയാണ് ഇന്ദുമേനോൻ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയത്.
ഭീഷണിപ്പെടുത്തി സ്പോൺസർഷിപ്പ്
ഇന്ദുമേനോന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.- ''ചായൽ തന്നെ അത് പക്ഷേ പെണ്ണുങ്ങളുടെ മേത്ത് ചായൽ ആണെന്ന് മാത്രം. ഇപ്പോൾ എന്തായാലും ഗംഭീരമായിട്ടുണ്ട്. സബാൾട്ടേൺ ഉത്സവം നടത്തി ദളിത് സ്ത്രീകളുടെ മേൽ ചായൽ നടത്താൻ പ്രതിക്കൊപ്പം മുഴുവൻ ഐസിസി അംഗങ്ങളും ഖദീജ മുംതാസ്,പി ഉഷ, മൃദുല ദേവി ഉണ്ട് എന്നുള്ളത് ഗംഭീരം തന്നെ ' അത്ഭുതപ്പെടാൻ ഒന്നുമില്ല.ഇവറ്റകളുടെ ദളിത് സ്നേഹവും ദളിത് പക്ഷവും ഒക്കെ മുമ്പേ പൂച്ച പുറത്ത് ചാടിയതാണ്.
കോഴിക്കോട് ആസ്ഥാനമാക്കിയുള്ള ഒരു കോച്ചിങ് സ്ഥാപനത്തെ പറ്റിച്ച് ഇതിനായി ലക്ഷങ്ങൾ വാങ്ങാൻ സിവിക്കും സംഘവും ശ്രമിച്ചിരുന്നു.ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർമാരും ദണ്ഡനീതിക്കാരും ഒക്കെ ഈ പീഡകനു വേണ്ടി ഏതാണ്ട് ഭീഷണ രൂപത്തിൽ വിളിച്ചു പറഞ്ഞപ്പോൾ പണം നൽകാമെന്ന് പ്രസ്തുത സെന്ററുകാർ സമ്മതിച്ചു പോലും. കോഴിക്കോട്ടെ മറ്റു പല സാംസ്കാരിക സംഗതികളിലും ക്രിയാത്മകമായിത്തന്നെ ഇടപെടുന്ന പ്രസ്തുത കോച്ചിങ് സെന്റർ സ്ത്രീ പീഡനത്തെയോ ദളിത് പീഡനത്തെയോ ഒരു രീതിയിലും സപ്പോർട്ട് ചെയ്യുന്നവരല്ല. അത്തരം പരിപാടികളിൽ നിന്നവർ മാറിനിൽക്കാറുണ്ട്. എന്തായാലും ചായാൻ ഇനി സിവിക്കിനു പണം നൽകുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
സി. ഗണേശ് എഡിറ്റർ ആയിട്ടുള്ള ശാന്തമാഗസിനിൽ സിവിക്ചന്ദ്രന്റെ ലേഖനങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പച്ചക്കുതിര മാഗസിനിൽ അങ്ങോരുടെ കവിതയും വന്നിരുന്നു.ലൈംഗിക പീഡകർക്ക് എന്താ സാഹിത്യം ആയിക്കൂടെ എന്ന ചോദ്യത്തിൽ തെറ്റില്ല. എന്നാൽ ഇത്തരം ആളുകളുടെ രചനകൾ ചോദിച്ചു വാങ്ങി പബ്ലിഷ് ചെയ്യുന്ന എഡിറ്റർമാർ പിൻ പറ്റുന്നത് ദളിത് സ്ത്രീകളെ ലൈംഗിക ആക്രമണം നടത്തുവാനുള്ള പീഡകരുടെ സ്വാതന്ത്ര്യത്തെയാണ് . കേസ് കോടതിയിൽ എത്തുമ്പോൾ സാംസ്കാരിക മണ്ഡലത്തിൽ താൻ ഇപ്പോഴും സജീവമായി നിൽക്കുന്നു എന്ന് വരുത്തുന്ന വേട്ടക്കാരനോടൊപ്പമല്ല സാഹിത്യ മാഗസിനുകൾ നിൽക്കേണ്ടുന്നത്.അയാളാൽ ആക്രമിക്കപ്പെട്ട എഴുത്തുകാരികൾക്കൊപ്പം ആണ്. ദളിത് സ്ത്രീകൾക്കെതിരെ ലൈംഗിക ആക്രമണം നടത്തിയ ഒരുത്തനെ വെള്ളപൂശി കുട്ടപ്പൻ ആക്കാനുള്ള ശ്രമം ഐസിസി യിലെ സ്ത്രീകളും മറ്റ് നീതിക്കാരും അവരുടെ കടപ്പാട് കാട്ടാനുള്ള ഇടമായി എടുത്തുകൊള്ളട്ടെ.
ഇതിൽ പങ്കെടുക്കുന്ന ദളിത് സഹോദരങ്ങളോടാണ് നമ്മുടെ സഹോദരിമാരുടെ ആത്മാഭിമാനത്തിനെ മൃഗീയമായ രീതിയിൽ ആക്രമിക്കുകയും ദളിത് പെൺകുട്ടികളെ ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അയാളുടെ പരിപാടിയിൽ നിന്നും മാറി നിൽക്കലാണ് യഥാർത്ഥ ദളിത് നീതി.
അല്ലാതെ അസിസ്റ്റന്റ് ജി എസ് ടി കമ്മീഷണർ ഭീഷണിപ്പെടുത്തുന്നവരുടെ കയ്യിൽ നിന്നും കിട്ടുന്ന സ്പോൺസർഷിപ്പ് വാങ്ങിച്ചെടുത്ത് ഇതുപോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് ദളിത് സ്ത്രീകളുടെ മേൽ ചായാനുള്ള അവകാശത്തെ ഉറപ്പിക്കുന്ന ചായൽ പരിപാടിയിൽ പോയി ചായ കുടിക്കൽ അല്ല.
ഇതിൽ പേരുവച്ച് കണ്ട സികെ ജാനു അടക്കമുള്ള നേതാക്കന്മാരോടാണ് ലജ്ജയില്ലേ നിങ്ങൾക്കൊന്നും? ടിഎയ്ക്കും ഊണിനും വേണ്ടി ഇങ്ങനെ അധഃപതിക്കാമോ?''- ഇങ്ങനെയാണ് ഇന്ദുമോനോൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സവിക്ക് വീണ്ടും സജീവമാവുന്നു
പാഠഭേദം മാസികയിൽ ഗസ്റ്റ് എഡിറ്ററായിരുന്ന അദ്ധ്യാപിക കൂടിയായ യുവതിയെയാണ് 'നിലാനടത്തം' എന്ന പരിപാടിക്കിടെ സിവിക്ക് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയത്. ഇത്തരമൊരു സാംസ്കാരികനിശയിൽ വച്ചാണ് മറ്റൊരു യുവതിക്ക് നേരെയും ഇയാൾെൈ ലംഗികാതിക്രമം നടത്തിയത്. ഈ രണ്ടുകേസുകളും ഇപ്പോൾ വിചാരണ കാത്ത് കോടതിയിലുണ്ട്. മാസങ്ങൾക്കുള്ളിൽ തന്നെ ഈ കേസുകൾ വിചാരണയ്ക്കെടുക്കുകയും ചെയ്യും. ഇതിനിടെ ,വൻതുകമുടക്കി പാഠഭേദം ഇത്തരത്തിലൊരു പരിപാടി നടത്തുന്നത് തങ്ങളുടെ എഡിറ്ററെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ട സാഹചര്യത്തെളിവുകളും മറ്റുമുണ്ടാക്കാനാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ആദ്യകേസിലെ ഇരയുടെ പരാതികളെ അവഗണിച്ച് പ്രതിക്കനുകൂലമായി റിപ്പോർട്ടുണ്ടാക്കിയ ഐ സി സി അംഗമായിരുന്ന പി ഇ ഉഷയാണ് സബാൾട്ടൺ ഫെസ്റ്റിവൽ ഡയറക്ടർമാരിലൊരാൾ. ഐ സി സി അംഗങ്ങളായിരുന്ന ഡോ. ഖദീജ മുംതാസ്, എസ് മൃദുലാദേവി എന്നിവർ പരിപാടികളുടെ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുമുണ്ട്. പാഠഭേദം നിയമവിരുദ്ധമായി രൂപീകരിച്ച ഐ സി സി കമ്മിറ്റിയുടെ പ്രതിക്കനുകൂലമായി തയ്യാറാക്കിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഐ സി സി അംഗങ്ങൾ അടക്കമുള്ളവർ പ്രതിക്ക് അനുകൂലമായി വലിയ സമ്മർദ്ദമാണ് തന്റെമേൽ ചെലുത്തിയതെന്ന് ആദ്യകേസിലെ ഇര വാർത്താമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ട് ലൈംഗികാതിക്രമക്കേസുകളിലും കർശനമായ വ്യവസ്ഥകളോടെയാണ് ഇയാൾക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജാമ്യം നൽകുന്നതിനായി കോടതിയിൽ പ്രതിഭാഗം ഉന്നയിച്ച ന്യായങ്ങൾ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പ്രതി സാമുദായിക പരിഷ്കർത്താവായിരുന്നെന്നും ജാതിയില്ലെന്നും ആരോഗ്യവാനല്ലാത്തതുകൊണ്ട് ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നതെന്നുമൊക്കെയുള്ള വാദങ്ങളാണ് ആദ്യകേസിന്റെ ജാമ്യത്തിനായി ഉന്നയിച്ചത്. രണ്ടാമത്തെ കേസിലെ ജാമ്യത്തിനായി ഇരയുടെ വസ്ത്രധാരണം വയോധികനായ പ്രതിയെ പ്രകോപിപ്പിച്ചിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. രണ്ട് കേസിലും കോഴിക്കോട്ടെ കോടതി ഇയാൾക്ക് ജാമ്യം നൽകിയത് നിയമരംഗത്തും വലിയ ചർച്ചയുണ്ടാക്കുകയും ജാമ്യം നേടുന്നതിനായി പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് കേസുകളിലും അന്വേഷണോദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസിൽപ്പെട്ടതോടെ പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായ സിവിക് ചന്ദ്രൻ അടുത്തകാലത്ത് പച്ചക്കുതിര എന്ന മാസികയിൽ കവിത എഴുതുകയും പാലക്കാട് നിന്ന് പുറത്തിറങ്ങുന്ന ശാന്തം ഓൺലൈൻ മാസികയിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സബാൾട്ടൺ ഫെസ്റ്റിവലുമായി രംഗത്തെത്തിയിരിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ