- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അദ്ധ്യാപക ജോലി വിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങി; വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സമ്പാദിച്ചത് കോടികൾ; അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രി കെ.പൊന്മുടിയും ഭാര്യയും അഴിയെണ്ണും; മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും വിധിച്ച് കോടതി; ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി. വിശാലാക്ഷിക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎൽഎ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.
1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്കും തിരിച്ചടിയായി. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.
മന്ത്രി കെ. പൊന്മുടിയെയും ഭാര്യ പി. വിശാലാക്ഷിയെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കീഴ്ക്കോടതിവിധി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ശിക്ഷാവിധിക്കായി വ്യാഴാഴ്ച ഹാജരാകാൻ മന്ത്രിയോടും ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു. കരുണാനിധി മന്ത്രിസഭയിൽ ഖനിവകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്മുടി 2006 ഏപ്രിൽ 13-നും 2010 മാർച്ച് 31-നും ഇടയിൽ 1.79 കോടി രൂപ അവിഹിതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്.
2011-ൽ എ.ഐ.എ.ഡി.എം.കെ. ഭരണകാലത്ത് രജിസ്റ്റർചെയ്ത കേസിൽ വിഴുപുരത്തെ പ്രത്യേകകോടതി 2016-ൽ ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു ജഡ്ജി ടി. സുന്ദരമൂർത്തിയുടെ വിധി. അതിനെ ചോദ്യംചെയ്ത് 2017-ൽ വിജിലൻസ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് ചൊവ്വാഴ്ച വിധിപറഞ്ഞത്.
ശിക്ഷപ്രഖ്യാപിക്കുംമുമ്പ് മന്ത്രിക്കും ഭാര്യക്കും പറയാനുള്ളത് കേൾക്കാനായി വ്യാഴാഴ്ച നേരിട്ടോ വീഡിയോ കോൺഫറൻസിങ്ങിലൂടെയോ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളിലൊരാളായ പൊന്മുടിക്ക് ശിക്ഷ ലഭിക്കുന്നത് ഡി.എം.കെ.യ്ക്ക് തിരിച്ചടിയണ്.
അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച മറ്റൊരു കേസിൽ പൊന്മുടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാകോടതി വിധി മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കുന്നതിനിടെയാണ് സമാന സ്വഭാവമുള്ള കേസിൽ പ്രതികൂലവിധി വരുന്നത്.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പു കൈകാര്യംചെയ്യവേ 1.4 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വെല്ലൂർ പ്രിൻസിപ്പൽ ജില്ലാകോടതി ഈ വർഷം ജൂൺ 28-നാണ് പൊന്മുടിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയത്.
കേസിന്റെ വിചാരണയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ചാണ് കേസ് സ്വമേധയാ പുനഃപരിശോധനയ്‌ക്കെടുത്തത്. ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ചിലാണ് വാദം നടക്കുന്നത്.
വിഴുപ്പുറം ജില്ലയിൽ നിന്നുള്ള പ്രമുഖ ഡിഎംകെ നേതാവാണ് പൊന്മുടി. വിഴുപ്പുറം സർക്കാർ കോളേജിലെ അദ്ധ്യാപക ജോലി വിട്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 1989ൽ ആദ്യമായി എംഎൽഎ ആയപ്പോൾ ആരോഗ്യമന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു. 1996 മുതൽ 5 വർഷം ഗതാഗത മന്ത്രിയായിരുന്നു. 2006-2011 വിദ്യാഭ്യാസം, ഖനി വകുപ്പുകളുടെ മന്ത്രിയായി. സ്റ്റാലിൻ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനമാണ് വഹിച്ചിരുന്നത്.
ഗവർണരുമായി നിരന്തരം കൊമ്പുകോർത്ത് വാർത്തകളിൽ പൊന്മുടി സ്ഥിരമായി ഇടംപിടിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ. രണ്ട് തവണ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിൽ പൊന്മുടിയുടെ സ്വാധീനം നിർണായകമായിരുന്നു. സൂര്യ ഗ്രൂപ്പ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊന്മുടിയുടെ കുടുംബം നടത്തുന്നുണ്ട്.


