കോഴിക്കോട്: മലബാറിലെ വിശ്വാസി സമൂഹം ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീർത്ഥാടന കേന്ദ്രം (മാഹി പള്ളി) മലബാറിലെ പ്രഥമ ബസിലിക്ക. മാഹി സെയ്ന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി ഉയർത്തുന്ന പ്രഖ്യാപനം ഫ്രാൻസിസ് മാർപാപ്പയാണ് നടത്തിയതെന്ന് കോഴിക്കോട് രൂപത വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഒരു ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങൾ മാഹി പള്ളിയിൽ പ്രദർശിപ്പിക്കും. ശതാബ്ദിയുടെ നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. ക്രിസ്മസ് സമ്മാനമായി ഇതിനെ സ്വീകരിക്കുന്നതായി രൂപത പ്രതികരിച്ചു.

വടക്കൻ കേരളത്തിൽ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടില്ല. ഇതോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂർ കഴിഞ്ഞാൽ വടക്കൻ കേരളത്തിൽ ഒരു ബസിലിക്കപോലും ഇല്ലയെന്നതാണ് ശ്രദ്ധേയം. റോമൻസഭയുമായും കത്തോലിക്കാസഭയുടെ അധികാരിയായ മാർപാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവമായ ആരാധനാക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകൾ.

ആരാധനാക്രമം, കൂദാശകൾ, സൗന്ദര്യം, വലുപ്പം, പ്രശസ്തി, ദൗത്യം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ദേവാലയത്തെ മാർപാപ്പ ബസിലിക്കയായി ഉയർത്തുന്നത്.

സെന്റ് പീറ്റേഴ്സ്, സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ, സെന്റ് പോൾ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജർ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനർ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ അർത്തുങ്കൽ ബസിലിക്ക, വല്ലാർപ്പാടം ബസിലിക്ക, തൃശൂർ പുത്തൻപ്പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക എന്നിവ ഇതിന് ഉദാഹരമാണ്.

ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന കുട, മണികൾ, പേപ്പൽ കുരിശിന്റെ താക്കോലുകൾ എന്നീ മൂന്ന് അടയാളങ്ങൾ മാഹി പള്ളിയിൽ പ്രദർശിപ്പിക്കും. മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പൽ നിറങ്ങൾ) വരകളാൽ രൂപകൽപന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാർപാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.

പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാൻ ബസിലിക്കയിൽ ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികൾ മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാർപാപ്പയുടെ ഘോഷയാത്രകളിൽ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു. മാർപാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നൽകിയ വാഗ്ദാനത്തെ ഇത് സൂചിപ്പിക്കുന്നു.

ജന്മം കൊണ്ട് സ്‌പെയിൻകാരിയായ തെരേസാ പുണ്യവതി ഫ്രഞ്ച് ഭരണകാലത്താണ് മാഹിയിലെത്തിയത്. ശക്തരായ ഗ്രാമദൈവങ്ങൾ മാഹിയിൽ എമ്പാടുമുള്ളപ്പോഴും വിശുദ്ധ ത്രേസ്യാമ്മയെ പ്രതിഷ്ഠിക്കാനും പള്ളി പണിയാനും മുന്നിട്ടിറങ്ങിയവരാണ് മയ്യഴിക്കാർ. അങ്ങിനെ 1936 ൽ മാഹിയിൽ ഓലമേഞ്ഞ ഒരു ദേവാലയം പണിതു. മാഹി പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇതിന്റെ നിർമ്മാണത്തിന് ഫ്രഞ്ച്കാർക്കൊപ്പം മയ്യഴിക്കാരും പ്രവർത്തിച്ചു.

വിദേശ ശക്തിയായ ഫ്രഞ്ച്കാർക്കെതിരെ സമരം ശക്തമായപ്പോൾ മയ്യഴി പള്ളിയോടും ത്രേസ്യാമ്മ്യയോടുള്ള ആദരവിനും ഇളക്കം തട്ടിയില്ല. മാഹിക്കാർക്ക് അവർ മാതാവിന്റെ സ്ഥാനത്തായിരുന്നു. 1948 ൽ മാഹിയിൽ ഫ്രഞ്ച്കാർക്കെതിരെ ജനകീയ വിപ്ലവം ശക്തമായി. അതിനെ അടിച്ചമർത്താൻ ഫ്രഞ്ച് നാവിക സേനയുടെ കപ്പൽ മാഹി പുറം കടലിൽ നങ്കൂരമിട്ടു. ഫ്രഞ്ചുകാർ കൊണ്ടു വന്ന വിശുദ്ധയായിട്ടും മാഹിക്കാർക്ക് ആപൽ സൂചന നൽകിയത് മയ്യഴി പള്ളിയിൽ നിന്നും പള്ളി മണി മുഴക്കിയായിരുന്നു.

നിലക്കാത്ത മുഴക്കം കേട്ട് കാര്യമന്വേഷിച്ചപ്പോഴാണ് അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള സൂചനയായിരുന്നു അത് എന്നറിഞ്ഞത്. ഫ്രഞ്ച് പട്ടാളത്തിന്റെ കണ്ണിൽ പെടാതെ മാഹിക്കാർ അന്ന് പലായനം ചെയ്ത് രക്ഷപ്പെട്ടു. അതോടെ വിശുദ്ധ ത്രേസ്യാമ്മ മയ്യഴിക്കാരുടെ പ്രിയപ്പെട്ട രക്ഷകയായി

മതവും ജാതിയും ഭാഷയും അതിർ വരമ്പിടാത്ത ഉത്സവത്തിനാണ് മാഹി സാക്ഷ്യം വഹിക്കാറുള്ളത്.നാനാജാതി മതസ്ഥരും മയ്യഴി മാതാവിന്റെ തിരുസ്വരൂപത്തിൽ മെഴുകുതിരിയും പൂമാലകളും അർപ്പിച്ച് വണങ്ങുന്നു. ഒക്ടോബർ 5 മുതൽ 25 വരെയുള്ള ഉത്സവ കാലത്ത് മതേതര ഇന്ത്യയുടെ ഉത്തമ മാതൃകയായി മാറാറുണ്ട് മയ്യഴി.

മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാൾ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന ചടങ്ങായ നഗര പ്രദക്ഷിണത്തിൽ വലിയ വിശ്വാസി സമൂഹമാണ് പങ്കെടുക്കാറുള്ളത്. ദീപാലംകൃതമായ രഥത്തിൽ തെരേസാ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം മത മൈത്രിയുടെ കൂടി ആഘോഷമാണ്. പ്രദക്ഷിണ വഴിയിൽ ഹൈന്ദവരടക്കമുള്ളവർ ദീപം തെളിയിച്ച് അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിന് ആരതി ഉഴിഞ്ഞ് അനുഗ്രഹം തേടാറുണ്ട്.