തിരുവനന്തപുരം: റോഡിലെ 'രക്ഷാപ്രവർത്തനം' നടക്കില്ലെന്ന് മനസ്സിലായതോടെ കളം മാറ്റി പിടിച്ച് സിപിഎമ്മും ഡിവൈഎഫ്‌ഐയും. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ഇനി വേറെ ലെവലിലെത്തും. അറ്റിങ്ങളിലും വെഞ്ഞാറാമൂടും നൽകുന്നത് ഈ സൂചനയാണ്.

നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി. നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ പ്രവർത്തകർ നശിപ്പിച്ചു. പൊലീസ് സ്‌റ്റേഷനിൽ കയറിയും യൂത്ത് കോൺഗ്രസുകാരെ തല്ലി. മന്ത്രി ശിവൻകുട്ടിയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് സിപിഎമ്മുകാർ. ഇതോടെ തലസ്ഥാനത്ത് നവകേരള സദസിനെ ചൊല്ലി അടിമൂക്കും.

പത്തനംതിട്ട കഴിഞ്ഞതോടെ നവകേരള സദസിന് കരിങ്കൊടി കാട്ടാനെത്തുന്ന യൂത്ത് കോൺഗ്രസുകാരെ തല്ലുന്നവരെ തിരിച്ചു തല്ലാൻ കോൺഗ്രസുകാരും തുടങ്ങി. യൂത്ത് കോൺഗ്രസിന്റെ അടികൊണ്ട് ഡിഫിക്കാരുടെ കൈകാലുകൾ ഒടിഞ്ഞു. ഇതോടെ തെരുവിലെ 'രക്ഷാപ്രവർത്തനം' ഡിഫി നിർത്തി. പിന്നാലെയാണ് കരിങ്കൊടി കാട്ടി സ്റ്റേഷനിലെത്തുന്നവരെ ആക്രമിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായത്. ഇത് ആറ്റിങ്ങലിലും വെഞ്ഞാറമൂടിലും നടന്നു. ഇതിനെ പ്രതിരോധിക്കാൻ യുത്ത് കോൺഗ്രസും സ്‌റ്റേഷനിൽ സംരക്ഷണമൊരുക്കേണ്ട അവസ്ഥ.

തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.

മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പ് ഉണ്ട്. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രതിഷേധങ്ങളും അക്രമത്തിലായി. സമാനതകളില്ലാത്ത ചെറുത്തു നിൽപ്പാണ് റോഡിലെ മർദ്ദനങ്ങൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത് പതിവില്ലാത്തതാണ്. ഇതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.

കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി മർദിച്ചത് കേരളത്തിൽ കേട്ടു കേൾവിയില്ലാ സംഭവമാണ്. നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുമെന്ന സംശയത്തിൽ പൊലീസ് കരുതൽ തടങ്കലിൽ വച്ച യൂത്ത് കോൺഗ്രസുകാരെ കാണാനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റും നെല്ലനാട് പഞ്ചായത്ത് അംഗവുമായ ബി.കെ.ഹരി (38), വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു എസ്.നായർ (48) എന്നിവർക്കു പരുക്കേറ്റു.

ഹരിയുടെ മുഖത്തിനും കൈക്കും ഗുരുതര പരുക്കുണ്ട്. തോളെല്ല് പൊട്ടുകയും ഒരു പല്ല് ഒടിയുകയും ചെയ്തു. ഹരി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ബിനു വാമനപുരം ഗവ.ആശുപത്രിയിലും ചികിത്സയിലാണ്. കമ്പിവടി ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കണ്ടുനിന്ന പൊലീസ് ആരെയും പിടികൂടിയില്ല.