ജീവിതം പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ രുചികരമായ ഭക്ഷണം കൂടിയേ തീരൂ. മറ്റെന്തെല്ലാം ആഡംബരങ്ങൾ ഉണ്ടായാലും, വായിൽ വെള്ളമൂറുന്ന സ്വാദുള്ള ഭക്ഷണം ജീവിതാസ്വാദനത്തിന് അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ, രുചിയേറിയ ഭക്ഷണം വിളമ്പുന്ന മികച്ച 100 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നു. ഭക്ഷണ കാര്യത്തിൽ ഇറ്റലി, ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ തങ്ങളുടെ തനത് രുചികളുമായി ജപ്പാനും ഗ്രീസും ഇടംപിടിച്ചിട്ടുണ്ട്.

ഏകദേശം 2,71,819 വിഭവങ്ങളും 80,863 ഭക്ഷ്യോദ്പന്നങ്ങളും വിലയിരുത്തി ടേസ്റ്റ് അറ്റ്ലസ് അവാർഡ്സ് 2023/24 ആണ് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശരാശരി സ്‌കോറിന്റെ കാര്യത്തിൽ ഇറ്റലിയും ജപ്പാനും ഒരേ നിലയിൽ എത്തിയെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു. എന്നാൽ, ഏറ്റവും ജനപ്രിയ വിഭവമായ പിസ്സയുടെ ബലത്തിൽ ഇറ്റലി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ പിന്നെയുള്ളത് പോർച്ചുഗലും ചൈനയുമാണ്. അമേരിക്ക 16-ാം സ്ഥാനത്ത് എത്തിയപ്പോൾ ആസ്ട്രേലിയ 50-ാം സ്ഥാനത്തും, ഇംഗ്ലണ്ട് 39-ാം സ്ഥാനത്തും സ്‌കോട്ട്ലാൻഡ് 47-ാം സ്ഥാനത്തും എത്തി. വെയ്ൽസിന് ലഭിച്ചത് 99-ാം സ്ഥനമാണ്. ഇന്തോനേഷ്യ, മെക്സിക്കോ, ഫ്രാൻസ്, സ്പെയിൻ, പെറു എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ.

ലോകത്തിലെ ഏറ്റവും മികച്ച 100 ഭക്ഷ്യവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള റാങ്കിങ് പ്രത്യേകമായി നടത്തിയിരുന്നു. പശുവിന്റെ പൃഷ്ടഭാഗത്തു നിന്നും എടുക്കുന്ന മാംസം കൊണ്ട് ഉണ്ടാക്കുന്ന പിക്കാൻഹ എന്ന ബ്രസീലിയൻ വിഭവമാണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. മലേഷ്യയുടെ റോട്ടി കാനായ് ഇതിൽ രണ്ടാം സ്ഥാനത്തും തായ് വിഭവമായ ഫറ്റ് കൊഫ്രൂ മൂന്നാം സ്ഥാനത്തും എത്തി. സാധാരണയായി പന്നിയിറച്ചി, കോഴി എന്നിവകൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്.

ഇറ്റലി, അവരുടെ പ്രശസ്തമായ പിസ്സ നെപോലെറ്റനയുമായി ഈ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയപ്പോൾ ചൈനയുടെ ഗൗട്ടിക്കാണ് ഇതിൽ അഞ്ചാം സ്ഥാനം. അമേരിക്കയുടെ ബോയ്ൽഡ് മെയ്ൻ ലോബ്സ്റ്റർ മാത്രമാണ് ഈ വിഭാഗത്തിലെ ആദ്യ നൂറു സ്ഥാനങ്ങളിൽ ഇടം പിടിച്ചത്. ബ്രിട്ടനിലേയും ആസ്ട്രേലിയയിലേയും ഒരു വിഭവങ്ങളും ആദ്യ നൂറു സ്ഥാനങ്ങളിൽ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമായി.

സ്വാദിഷ്ട ഭക്ഷണങ്ങൾ വിളമ്പുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത് ഇടംപിടിച്ചപ്പോൾ, സ്വാദിഷ്ട വിഭവങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ ബട്ടർ ഗാർലിക് നാൻ ഏഴാം സ്ഥാനം കരസ്ഥമാക്കി. തായ് വിഭവമായ എഗ് നൂഡിൽ സൂപ്പ് ഭക്ഷണ വിഭവങ്ങളുടെ കാര്യത്തിൽ ആറാം സ്ഥാനവും, ചൈനീസ് സൂപ്പ്, ടാൻബാരോ എട്ടാം സ്ഥാനവും റഷ്യയുടെ ഷഷ്ലിക് ഒൻപതാം സ്ഥാനവും കരസ്ഥമാക്കി. തായ് വിഭവമായ ഫനേംഗ് കറിയാണ് ഈ വിഭാഗത്തിൽ പത്താം സ്ഥാനത്ത് ഉള്ളത്.

ഇന്ത്യയുടെ മുർഗ് മഖാനി ഈ വിഭാഗത്തിൽ 42-ാം സ്ഥനവും ടിക്ക 47-ാം സ്ഥാനവും, തണ്ടൂരി 48-ാം സ്ഥാനവും കരസ്ഥമാക്കി. അങ്ങനെ ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളിൽ ആദ്യത്തെ നൂറു വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ നാല് വിഭവങ്ങളാണ് ഇടം പിടിച്ചത്.