ഒറ്റപ്പാലം: നിയമസഭയെയും മുൻ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥന്റെ പെൻഷനിൽ സർക്കാരിന്റെ ഇടപെടൽ ചർച്ചകളിൽ. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പിഎ ആയി വിരമിച്ച വി.പി.മുഹമ്മദലിയുടെ പെൻഷനിൽ നിന്നു പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സർക്കാർ സ്ഥിരപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ്. വിരമിക്കൽ ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല.

മുൻ മന്ത്രി എം.എം.മണി പണ്ടു കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടത്തിയ 'വൺ ടു ത്രീ' പ്രസംഗത്തെക്കുറിച്ചു സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണു മുഹമ്മദലിക്കെതിരായ ഒന്നാമത്തെ ആരോപണം. സ്പീക്കറായിരുന്ന സമയത്തു പി.ശ്രീരാമകൃഷ്ണൻ വിലകൂടിയ കണ്ണട വാങ്ങിയെന്ന വിവാദത്തിൽ, യുഡിഎഫ് മന്ത്രിമാരുടെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ചിലർ ന്യായീകരിച്ചപ്പോൾ അതിനെതിരെയുള്ള പോസ്റ്റാണ് മറ്റൊരു വിവാദ കാരണം.

രണ്ടു പോസ്റ്റുകളും അദ്ദേഹം പിന്നീടു നീക്കം ചെയ്തിരുന്നു. ഇടതുപക്ഷ അനുകൂല കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകനായിരുന്നു മുഹമ്മദലി. എന്നാലും സർക്കാരിന്റെ പക തീർന്നില്ല. ഇതേ തുടർന്നാണ് പെൻഷനിൽ നിന്നും അഞ്ചൂറു രൂപ പിടിക്കുന്നത്. ഇത് അന്യായവും ചട്ട വിരുദ്ധവുമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ. എന്നാൽ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് ആലോചന.

2018ൽ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണു മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത്. ഇതു സംബന്ധിച്ചു പട്ടാമ്പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി 3000 രൂപ പിഴ ചുമത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സമൂഹമാധ്യമത്തിലെ പരാമർശം ഉചിതമല്ലെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തുടർന്നു പെൻഷനിൽ നിന്ന് 500 രൂപ വീതം ഈടാക്കാൻ താൽക്കാലിക തീരുമാനമെടുത്തു. ബോധപൂർവമായി സംഭവിച്ച തെറ്റല്ലെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണമെന്നും മുഹമ്മദലി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, താൽക്കാലിക തീരുമാനം അന്തിമ ഉത്തരവായി ഇപ്പോൾ പുറത്തു വിടുകയായിരുന്നു.

സർവീസിലിരിക്കെ സംഭവിച്ച വീഴ്ചകൾക്കു പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാറുണ്ടെങ്കിലും പെൻഷൻ തുകയിൽ ആജീവനാന്തം കുറവു വരുത്തുന്ന സംഭവങ്ങൾ അപൂർവമാണെന്നു സർവീസ് വിദഗ്ദ്ധർ പറയുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ സർവ്വീസ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടും ഒരു നടപടിയുമില്ലാതിരിക്കെയാണ് പ്രതികൂലിക്കുന്നവരോടുള്ള സർക്കാരിന്റെ കടുത്ത നടപടി. പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ സീനിയർ സൂപ്രണ്ടായിരിക്കെ ഇട്ട രണ്ട് പോസ്റ്റുകളാണ് മുഹമ്മദാലിക്ക് വിനയായത്. മുഹമ്മദാലിയുടെ പോസ്റ്റിനെതിരെ പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തി മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു. പക്ഷെ വകുപ്പ് വിട്ടില്ല

2021ൽ മുഹമ്മദാലി സർവീസിൽ നിന്ന് വിരമിച്ചു. പിന്നെയും വകുപ്പ് തല അന്വേഷണം തുടർന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗിൽ മുഹമ്മദാലി മാപ്പ് അപേക്ഷിച്ച് വിശദീകരണം നൽകി. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പെരുമാറ്റ ചട്ടത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ തുകയിൽ നിന്നും പ്രതിമാസം 500 രൂപ പിടിക്കാനുള്ള ഉത്തരവ്.

36 വർഷത്തെ സർവീസുണ്ട് മുഹമ്മദാലിക്ക്. വിമർശിച്ചത് സർക്കാർ നയത്തെ അല്ലാതിരുന്നിട്ട് കൂടി മുഹമ്മദാലിക്കെതിരെ നടപടിയുണ്ടായി എന്നതാണ് പ്രത്യേകത. എന്നാൽ ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് മുഹമ്മദലി പറഞ്ഞു.