- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗദൂദിയെ തള്ളി ജമാഅത്തെ ഇസ്ലാമി! കോടതികൾ ഇനി അനിസ്ലാമികമല്ല; അംഗങ്ങൾക്ക് സർക്കാർ ജോലി സ്വീകരിക്കാം; തിരഞ്ഞെടുപ്പിൽ മത്സരിക്കാം; സംഘടനയുടെ ഭരണഘടനയിൽ തിരുത്ത്; ഇന്ത്യയുടെ ഭരണക്രമത്തെയും നീതിന്യായ സംവിധാനത്തെയും ഒടുവിൽ അംഗീകരിച്ച് ജമാഅത്തെ ഇസ്ലാമി
തിരുവനന്തപുരം: മൗദൂദിസം എന്ന അപകടകരമായ ഇസ്ലാമിക മൗലികവാദത്തെ ഒളിച്ച് കടത്തി, പുരോഗമവാദികൾ ആവാൻ ശ്രമിക്കുന്ന സംഘടന എന്നാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് വിമർശകർ പൊതുവെ പറയാറുള്ളത്. മൗലാന മൗദൂദിയുടെ മതരാഷ്ട്രവാദം എന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സംഘടന, പക്ഷേ കേരളത്തിൽ ജനാധിപത്യത്തെക്കുറിച്ചും, സോഷ്യലിസത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കാറുള്ളത്.
അപ്പോഴൊക്കെ ജമാഅത്തെ ഇസ്ലാമി പ്രതിക്കൂട്ടിൽ ആവാറുള്ളത്, ദൈവദത്തമായ ഒരു രാജ്യത്ത് അല്ലാതെ സർക്കാർ ജോലികൾ അടക്കം സ്വീകരിക്കരുത് എന്നും, കോടതികൾ അനിസ്ലാമികമാണ് എന്നുമൊക്കെപ്പറയുന്ന അവരുടെ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി അവരുടെ ഭരണഘടനയിൽനിന്ന് ഇക്കാര്യങ്ങളെല്ലാം എടുത്ത് കളഞ്ഞിരിക്കയാണ്. ന്യൂ ഇന്ത്യൻ എക്പ്രസിൽ എം പി പ്രശാന്ത് എഴുതിയ വാർത്തയിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.
രാജ്യത്തെ കോടതികൾ അനിസ്ലാമികമാണ് എന്നതടക്കം ഗുരുതര പരാമർശങ്ങൾ ഭരണഘടനയിൽ നിന്ന് ജമാഅത്തെ ഇസ്ലാമി എടുത്തു കളഞ്ഞതായി ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് പറയുന്നു. സർക്കാർ ജോലി സ്വീകരിക്കരുത്, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല തുടങ്ങിയ വിവാദ നിർദ്ദേശങ്ങളും ഭേദഗതി ചെയ്ത് പുതുക്കിയ ഭരണഘടന പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ ഭരണക്രമത്തെയും നീതിന്യായ സംവിധാനത്തെയും അംഗീകരിക്കാത്ത തീവ്രനിലപാട് കാലങ്ങളോളം കൊണ്ടുനടന്ന ജമാഅത്തെ ഇസ്സാമി ഒടുവിൽ തിരുത്തുന്നത് വിമർശങ്ങൾ ഒരുപാട് ഏറ്റുവാങ്ങിയ ശേഷമാണെന്നും ഇന്തൻ എക്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ജോലി സ്വകീരിക്കാം
ഭരണഘടനയിൽ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയുന്ന എട്ടാം ഖണ്ഡികയിലെ ആറാം നിർദ്ദേശമായിട്ടാണ് സർക്കാർ ജോലി സ്വീകരിക്കാമെന്നും, നിയമനിർമ്മാണ സഭയിൽ അംഗമാകാം എന്നും ഭേദഗതി വരുത്തിയിരിക്കുന്നത്. സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവർത്തിക്കരുതെന്ന് മാത്രമാണ് പുതിയ നിർദ്ദേശം. പഴയ ഭരണഘടനയിൽ ഇവയൊന്നും ഇസ്ലാമികമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. സർക്കാർ ഉദ്യോഗം സ്വീകരിക്കരുതെന്നും ന്യായാധിപ സ്ഥാനത്താണെങ്കിൽ പോലും അത് കൈയൊഴിയണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതുകൂടാതെ ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയിലാണ് ജോലിയെങ്കിൽ ആ ഉപജീവനമാർഗത്തിൽ നിന്നും മാറണമെന്ന നിർദ്ദേശവും പൂർണ്ണമായി പുതിയ ഭരണഘടനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന ഒമ്പതാം ഖണ്ഡികയിലെ ഏഴാം നിർദ്ദേശത്തിലാണ് കോടതികളെ അനിസ്ലാമികമെന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരുത്തി, ദീനിന്റെ വിധിവിലക്കുകളിൽ നിഷ്ഠ പുലർത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീർപ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക എന്നാക്കിയിട്ടുണ്ട്. നേരത്തെ ഇത് നിർബന്ധിതാവസ്ഥയിലല്ലാതെ ഇടപാടുകളുടെ തീർപ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക എന്നായിരുന്നു.
2021 ഒക്ടോബർ വരെയുള്ള ഭേദഗതിക്കനുസരിച്ചുള്ള ഭരണഘടനയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഭരണഘടനയിൽ ജമാഅത്തെ ഇസ്ലാമി ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനു ശേഷമാണ് 2011ൽ വെൽഫെയർ പാർട്ടി എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിച്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയത്. മൽസരിക്കാത്തപ്പോഴും തരംപോലെ രാഷ്ട്രിയ നിലപാടുകൾ സ്വീകരിച്ച് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞുനിൽക്കാനും കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രമിച്ചുവരികയാണ്. അടുത്തയിടെ അഭിഭാഷക അസോസിയേഷനും രൂപീകരിച്ച ജമാഅത്തെ ഇസ്ലാമി ഇപ്പോൾ ജുഡീഷ്യൽ സേവനത്തിനായി യുവാക്കൾക്ക് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം അടിസ്ഥാന നിലപാടുകളിൽ മാറ്റം വരുത്തിയപ്പോഴും കോടതികൾ അനിസ്ലാമികമാണെന്ന കാതലായ കാഴ്ചപ്പാട് ഔദ്യോഗികമായി തിരുത്തിയിരുന്നില്ല.
ജനാധിപത്യം പ്രസ്ഥാനത്തിന് നിഷിധമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രതികരിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജനാധിപത്യത്തിനും നിയമവ്യവസ്ഥക്കും കഴിയൂവെന്ന് മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തുവെന്നും എംപി പ്രശാന്ത് എക്സ്പ്രസിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അടിസ്ഥാപരമായി ജമാഅത്തെ ഇസ്ലാമി, തങ്ങളുടെ സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
സ്ഥാപകന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയാൽ പിന്നെ എന്ത് പ്രസ്ഥാനം എന്നും വിമർശകർ ചോദിക്കുന്നു. പക്ഷേ ഇത് നിലനിൽക്കാനുള്ള ഒരു അടവ് മാത്രമാണെന്നും അടിസ്ഥാനപരമായ ജമാഅത്തെ ഇസ്ലാമി മൗദുദിസത്തിൽ വിശ്വസിക്കുന്ന മതമൗലികവാദികൾ ആണെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ