ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ആരോപണ വിധേയനായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ പിൻഗാമിയായി വിശ്വസ്തനായ സഞ്ജയ് കുമാർ സിങിനെ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധമാണ് ഗുസ്തിതാരങ്ങൾ ഉയർത്തുന്നത്. സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചാണ് കടുത്ത പ്രതിഷേധം അറിയിച്ചത്. തന്റെ പത്മശ്രീ പുരസ്‌കാരം ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ ഉപേക്ഷിക്കുകയും ചെയ്തു.

വാർത്തസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കൊണ്ട് സാക്ഷി തന്റെ ബൂട്ടുകളും ഉപേക്ഷിച്ചു. ലൈംഗികാതിക്രമക്കേസിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടും ബ്രിജ്ഭൂഷണ് എതിരെ ചെറുവിരൽ പോലും അനക്കാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. സഞ്ജയ് കുമാർ സിങ് ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് എത്തുമ്പോഴും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ മൗനം പാലിക്കുകയാണ് പാർട്ടി നേതൃത്വം.

ബ്രിജ്ഭൂഷൺ ഇത്രത്തോളം സംരക്ഷിക്കപ്പെടുവാൻ ബിജെപിയുടെ അവിഭാജ്യ ഘടകമാണോ എന്നാണ് ചോദ്യം ഉയരുന്നത്. അത്രത്തോളം ആഴത്തിലുള്ള സ്വാധീനം ബ്രിജ്ഭൂഷണ് പാർട്ടിയിൽ ഉണ്ട്. യു.പിയിലെ ആറ് ലോക്‌സഭ മണ്ഡലങ്ങളിൽ ബ്രിജ്ഭൂഷണ് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ബ്രിജ്ഭൂഷണെ പടിക്കു പുറത്താക്കിയാൽ അത് എത്രത്തോളം ബാധിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാം. സന്യാസിമാരുമായുള്ള ശക്തമായ ബന്ധവും അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തിലെ പങ്കും ബ്രിജ്ഭൂഷനെ ബിജെപിയിലെ മറ്റ് പല എംപിമാരേക്കാളും ശക്തനാക്കി.

കിഴക്കൻ യു.പിയിൽ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബ്രിജ്ഭൂഷൺ നടത്തുന്നുണ്ട്. ഇതെല്ലാം വോട്ട്ബാങ്കിലേക്കുള്ള നിക്ഷേപം കൂടിയാണ്. ആറു തവണയാണ് ബ്രിജ്ഭൂഷൺ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമ ആരോപണം ഉയർന്നിട്ടും പാർട്ടി സീറ്റ്‌നൽകിയാൽ വീണ്ടും മത്സരിക്കുമെന്നായിരുന്നു ബ്രിജ്ഭൂഷന്റെ പ്രഖ്യാപനം. വിജയിക്കുമെന്ന് അയാൾക്ക് അത്ര കണ്ട് ഉറപ്പുണ്ട്.

2011 ൽ ഡബ്ല്യു.എഫ്.ഐയുടെ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് വളരെ മുമ്പുതന്നെ ബ്രിജ് ഭൂഷൺ ശരൺ സിങ് പേരുകേട്ട തന്ത്രശാലിയായിരുന്നു. അയോധ്യാ പ്രസ്ഥാനത്തിലെ പ്രധാന ചുമതല വഹിക്കുന്ന ഒരാളെന്ന നിലയിൽ, അക്കാലത്ത് ഉത്തർപ്രദേശിൽ ബിജെപിയുടെ ഒറ്റയാൾ പട്ടാളമായാണ് ബ്രിജ്ഭൂഷൺ അറിയപ്പെട്ടിരുന്നത്. അന്ന് രാഷ്ട്രീയത്തിൽ അത്രകണ്ട് സജീവമായിരുന്നില്ല.

ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്നാണ് മുഴുവൻ പേര്. 1957 ജനുവരി എട്ടിന് ജഗദംബ ശരൺ സിങ്ങിന്റെയും ശ്രീമതിയുടെയും മകനായി ജനനം. ഫൈസാബാദിലെ ഡോ. അർ.എംഎൽ അവധ് അംബേദ്കർ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. 1980കളുടെ അവസാനത്തിൽ രാമജന്മഭൂമി പ്രസ്ഥാനം വഴിയാണ് ബ്രിജ് ഭൂഷണിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഇതിന്റെ തുടർച്ചയായിട്ടാണ് 1990 കളുടെ അവസാനം ബ്രിജ്ഭൂഷൺ സിങ് ബിജെപിയിൽ ചേരുന്നത്.1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല.

തൊട്ടടുത്ത വർഷം ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിയായി. എന്നാൽ 2020 ൽ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ബ്രിജ്ഭൂഷണുമുണ്ടായിരുന്നു. അയോധ്യ ക്ഷേത്രം നിർമ്മിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിനാൽ ലൈംഗികാരോപണം ഉയർന്ന വേളയിൽ പോലും സന്യാസിമാർ ബ്രിജ്ഭൂഷണ് പിന്തുണ നൽകി. എൽ.കെ അദ്വാനിയുടെ രഥയാത്രയാണ് ബ്രിജ്ഭൂഷണെ ബിജെപിക്കുള്ളിൽ പ്രശസ്തനാക്കിയത്.

1991, 1999 വർഷങ്ങളിൽ ഗോണ്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹത്തെ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബൽറാംപൂരിലേക്ക് മാറ്റി. പകരം ഗോണ്ടയിൽ ഖൻശ്യാം ശുക്ലക്ക് സീറ്റ് നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ബൽറാംപൂർ മണ്ഡലത്തിൽ നിന്ന് ബ്രിജ്ഭൂഷൺ വിജയിച്ച് വീണ്ടും എംപിയായെങ്കിലും ശുക്ലയുടെ മരണം കൊലപാതകമാണെന്ന ചർച്ച ഉയർന്നു.

2008 ജൂലൈയിൽ നിർണായകമായൊരു അവിശ്വാസപ്രമേയത്തിൽ യു.പി.എക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ബിജെപി ബ്രിജ് ഭൂഷൺ സിങിനെ പുറത്താക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകി. അങ്ങനെ 2009ൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് ബ്രിജ് ഭൂഷൺ സിങ് വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അയാൾ വീണ്ടും ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി 2014-ൽ വീണ്ടും ബിജെപിയിൽ ചേർന്ന അദ്ദേഹം 2014-ലും 2019-ലും കൈസർഗഞ്ചിൽ വിജയം ആവർത്തിച്ചു.

മൂന്ന് ഡസനിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ബ്രിജ്ഭൂഷൺ ഒരുകാലത്ത്. പ്രധാനമായും കിഴക്കൻ ഉത്തർപ്രദേശിലും രജപുത്രർക്കിടയിലും ബ്രിജ് ഭൂഷനുള്ള സ്വാധീനം കാരണം ബിജെപി എല്ലായ്പോഴും മതിയായ രാഷ്ട്രീയ സംരക്ഷണം നൽകി.

കേസുകളൊന്നും ബ്രിജ് ഭൂഷണിന് ഒരുകാലത്തും പുത്തരിയല്ലായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പീഡനശ്രമം, ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് എന്നിങ്ങനെ 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബ്രിജ് ഭൂഷൺ എന്ന മാഫിയ കിങ്. ഈ കേസുകളാകട്ടെ അയോധ്യാ, ഫൈസാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എൽ.കെ അധ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവരോടൊപ്പം പ്രതിപ്പട്ടികയിൽ പ്രധാന പ്രതികളിലൊരാളായി ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു.

സിബിഐ അറസ്റ്റ് ചെയ്ത ഇയാൾക്ക് സുപ്രിം കോടതി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 2022ൽ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ താനൊരാളെ വെടിവെച്ചു കൊന്ന കാര്യവും ബ്രിജ്ഭൂഷൺ വെളിപ്പെടുത്തി.

സുഹൃത്തും സമാജ്വാദി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് കെ സിങ് എന്ന പണ്ഡിറ്റ്സിങ്ങിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിൽ 1993ൽ ബ്രിജ് ഭൂഷണിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ബൈക്ക് മോഷണവും മദ്യവിൽപ്പനയും ചെറിയ ആൺകുട്ടികളെ ഉപയോഗിച്ച് ക്ഷേത്രക്കുളങ്ങളിൽ നിന്ന് നാണയം പെറുക്കിയെടുത്തിരുന്നതുമെല്ലാം ഇവർ ഒരുമിച്ചായിരുന്നു. പിന്നീട് വലിയ കോൺട്രാക്ടർമാരായി മാറിയ ഇവർ തമ്മിൽ പണത്തെച്ചൊല്ലി നിരന്തരം തർക്കമുണ്ടാവുമായിരുന്നു എന്നും ഈ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

20 ബുള്ളറ്റുകളാണ് തന്റെ ശരീരത്തിൽനിന്ന് പുറത്തെടുത്തതെന്ന് പണ്ഡിറ്റ് സിങ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 14 മാസമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. വധശ്രമം, അനധികൃതമായി ആയുധം സൂക്ഷിക്കൽ, കുറ്റകൃത്യം നടത്താനായി സംഘം ചേരൽ എന്നി വകുപ്പുകൾ ചുമത്തി ബ്രിജ്ഭൂഷണിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഈ കേസിലും തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ ഗോണ്ട പ്രാദേശിക കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

പണ്ഡിറ്റ് സിങ്ങിന്റെ സഹോദരനായ രവീന്ദർ സിങ്, ബ്രിജ് ഭൂഷണിന്റെ അടുത്ത സുഹൃത്തായിരുന്നു. കോൺട്രാക്ടർമാരായ ഇരുവരും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം ഇരുവരും ഒരുമിച്ച് പഞ്ചായത്ത് യോഗത്തിന് പോവുമ്പോൾ ഒരാൾ വായുവിലേക്ക് ഉതിർത്ത ബുള്ളറ്റ്, രവീന്ദർ സിങ്ങിന്റെ ദേഹത്ത് വീണു. ഇതിൽ കുപിതനായ ബ്രിജ് ഭൂഷൺ, തോക്ക് പിടിച്ചുവാങ്ങി വെടിയുതിർത്ത ആളെ വെടിവെച്ചു. അയാൾ തൽക്ഷണം മരിച്ചു- ഓൺലൈൻ പോർട്ടലായ 'ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ തന്നെയാണ് ഈ കൊലപാതകത്തെക്കുറിച്ച് പുറംലോകത്തോട് പറയുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൊലപാതകശ്രമം അടക്കം നാല് ക്രിമിനിൽ കേസുകളിൽ മാത്രമാണ് ബ്രിജ്ഭൂഷൺ സിങ് പ്രതിയായിട്ടുള്ളത്.

ബിജെപിയിൽ വേരുറപ്പിച്ചതോടെ ബ്രിജ്ഭൂഷന്റെ ബിസിനസും പന്തലിച്ചു. 50 സ്‌കൂളുകൾ സ്വന്തമായുള്ള ഇയാൾക്ക് ഖനനം, മദ്യ വ്യവസായം, കൽക്കരി, റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്. എല്ലാവർഷവും തന്റെ ജന്മദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്‌കൂട്ടറുകളും പണവും സമ്മാനമായി നൽകുന്ന പതിവുണ്ട്. വോട്ട്ബാങ്ക് നിലനിർത്തുന്നത് ഇങ്ങനെയൊക്കെയാണ്.

എന്തൊക്കെ ആരോപണങ്ങൾ ഉയർന്നാലും യോഗി സർക്കാർ ബ്രിജ്ഭൂഷണെതിരെ ചെറുവിരൽ പോലും അനക്കില്ല. അത് പാർട്ടിയിൽ അയാളെ കൂടുതൽ കരുത്തനാക്കി മാറ്റി. മുഖ്യധാര രംഗത്ത് സജീവമല്ലെങ്കിലും പാർട്ടിയിൽ ആരും തന്നെ ചോദ്യം ചെയ്യാനില്ല എന്നതാണ് ബ്രിജ്ഭൂഷന്റെ ബലം. മാധ്യമപ്രവർത്തകരെ എപ്പോഴും കൈയകലത്തിൽ നിർത്തുന്ന ഈ തന്ത്രശാലിക്ക് മുന്നിൽ പൊലീസും ഓച്ഛാനിച്ചു നിൽക്കും.