തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിലുള്ള ഡിജിപി ഓഫിസ് മാർച്ചിനെതിരെ കണ്ണീർ വാതകം പ്രയോഗിച്ച് സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുകളിൽനിന്നുള്ള നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടിയെന്ന് സുധാകരൻ ആരോപിച്ചു. പൊലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനായി തയാറാക്കി നിർത്തിയിരിക്കുകയാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

സേനയിലുള്ളവരെ പൊലീസുകാർ, ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നാണു വിവരമെന്നും കെ.സുധാകരൻ പറഞ്ഞു. അതേ സമയം
കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ലോക്‌സഭാ സ്പീക്കർക്ക് കെ സുധാകരൻ പരാതി നൽകി. പൊലീസ് അതിക്രമത്തിനെതിരെയാണ് പരാതി.

താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ സുധാകരൻ ആരോപിക്കുന്നു. പൊലീസിലെ ഗുണ്ടകൾ അക്രമം നടത്തി. മുകളിൽ നിന്നും നിർദ്ദേശം ഇല്ലാതെ പൊലീസ് ഇങ്ങനെ ചെയ്യില്ല. അടിച്ചിടാൻ നോക്കേണ്ട, ശക്തമായി നേരിടുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്:

ഞങ്ങളുടെ തലയിലൊക്കെ വെള്ളം വീഴുന്നു. അതോടൊപ്പം പൊട്ടുന്ന ശബ്ദവും കേട്ടു. പുകവന്നപ്പോൾ ശ്വാസം തടസ്സപ്പെട്ടു. മുതിർന്ന നേതാക്കന്മാർ സംസാരിക്കുമ്പോൾ സാധാരണ ഇങ്ങനെ ചെയ്യാറില്ല. സമാധാനപരമായി ഞാൻ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഈ യാത്ര തുടങ്ങിയ കാസർകോടെല്ലാം പൊലീസിന് കുറച്ചൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു.

ഡിവൈഎഫ്‌യുടെ ഗുണ്ടകളാണു പുറത്ത് കുഴപ്പങ്ങൾ കാണിച്ചത്. ഇപ്പോ പൊലീസിന്റെ ഗുണ്ടകളാണു കുഴപ്പം കാണിക്കുന്നത്. പൊലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനുവേണ്ടി മാത്രം നിർത്തുകയാണ്. പൊലീസുകാർ, ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നാണു വിവരം. അവർക്ക് ഉത്തരവാദിത്തം കൊടുത്തിട്ടുണ്ട്. അവരാണു പ്രശ്‌നങ്ങളുടെ മൂലകാരണം.

എന്തുകാര്യത്തിനാണ് ഞങ്ങൾക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചതെന്ന് എനിക്കറിയില്ല. കെപിസിസി ജനറൽ സെക്രട്ടറി ശ്വാസം കിട്ടാതെ വീണു. മുകളിൽനിന്നും നിർദ്ദേശം ഇല്ലാതെ ഇതുപോലെ പുക വരുന്ന രീതിയിലുള്ള പ്രയോഗം നടക്കുമോ? ശ്വാസം കിട്ടാതെ ആൾ മരിക്കില്ലേ? അടിച്ചിരുത്താനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ഏതു തലത്തിൽ അക്രമം നടത്തിയാലും അക്രമത്തിന്റെ മുമ്പിൽ തലകുനിച്ച് കോൺഗ്രസ് നിൽക്കില്ല. കൈകെട്ടി നോക്കിനിൽക്കില്ല. ജനാധിപത്യപരമായി രീതിയിൽ പ്രതികരിച്ചുകൊണ്ടേയിരിക്കും.

അതേ സമയം സംസ്ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം നടക്കും. യൂത്ത് കോൺഗ്രസ് മാർച്ചിലും കെഎസ്‌യു മാർച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരൻ പ്രസംഗം ആരംഭിച്ചപ്പോഴാണ് പൊലീസ് ടിയർ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാർച്ചിൽ വേദിയിലേക്ക് ടിയർ ഗ്യാസ് സെൽ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പിണറായിക്കും ഗുണ്ടകൾക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും കോൺഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു. വേദിയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ, താൻ സംസാരിക്കുമ്പോഴാണ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോൺഗ്രസ് പിന്മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശൻ പറഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ അടക്കമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.