ന്യൂഡൽഹി: കായികതാരങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ലൈംഗിക പീഡന ആരോപണക്കേസിൽ പ്രതിയായ ബ്രിജ്ഭൂഷൺ ശരൺ സിങിന്റെ അനുയായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെൻഡ് ചെയ്തത്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കിയിട്ടുണ്ട്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി.

ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റും ബിജെപിയുടെ ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അനുകൂലിക്കുന്നവർ വൻവിജയം നേടിയിരുന്നു. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.

ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്. 2010ലെ കോമൺ വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രി അനിത ഷിയോറണായിരുന്നു സഞ്ജയിന്റെ എതിരാളി. സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഞ്ജയ് പാനൽ ജയിച്ചു. പ്രസിഡന്റടക്കം 15ൽ 13 സ്ഥാനങ്ങളിലേക്കും ഈ പാനലാണ് ജയിച്ചത്.

ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് നടന്നതും ബ്രിജ് ഭൂഷന്റെ അനുയായികൾ ഭരണത്തിലേറിയതും. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തിൽ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും പ്രതികരിച്ചിരുന്നു.

വനിത ഗുസ്തിതാരങ്ങൾ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണോ ബന്ധുക്കളോ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പ്രക്ഷോഭകർക്ക് നൽകിയ ഉറപ്പ്. ഇതേത്തുടർന്നാണ് ജന്തർ മന്തറിലെ സമരം പിൻവലിച്ചത്. പലതവണ മാറ്റിവെച്ച വോട്ടെടുപ്പ് നടന്നപ്പോൾ പക്ഷേ, ബ്രിജ്ഭൂഷണിന്റെ വിശ്വസ്തർതന്നെ ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും ജയിച്ചത് താരങ്ങൾക്ക് തിരിച്ചടിയായി.

ഇവരെ അനുകൂലിക്കുന്ന രണ്ടുപേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ജനറലായി പ്രേംചന്ദ് ലൊച്ചാബ് 27-19നും സീനിയർ വൈസ് പ്രസിഡന്റായി ദേവേന്ദ്ര സിങ് കദിയാൻ 32-15നും ജയിച്ചു. ഹോട്ടൽ വ്യാപാരിയായ ദേവേന്ദ്ര സിങ് ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയിരുന്ന താരങ്ങൾക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു. സഞ്ജയ് സിങ്ങിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ബ്രിജ്ഭൂഷൺ പാനലിലെ രണ്ടുപേർ തോറ്റത് തെരഞ്ഞെടുപ്പിനു മുമ്പെ നീക്കുപോക്കുകൾ ഉണ്ടാക്കിയിരുന്നുവെന്ന സംശയമുണർത്തുന്നുണ്ട്.