കൊച്ചി: ആരും രാജാവാണെന്ന് കരുതരുതെന്നും തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നതു സർക്കാർ നടപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപട് വ്യക്തമാക്കിയത്.

അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മറിയക്കുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മറിയക്കുട്ടിയുടെ കേസിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിയിൽ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ചടങ്ങിൽ നിലപാട് വ്യക്തമാക്കിയത്.

ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. മറിയക്കുട്ടിയുടെ പെൻഷൻ ഹർജി രാഷ്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സർക്കാർ ആവർത്തിക്കുമ്പോഴാണ് മൂല്യങ്ങൾ മുൻനിർത്തിയാണ് താൻ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശനമില്ലെന്നുമുള്ള ജഡ്ജിയുടെ നിലപാട്.

വിധവാപെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനമുണ്ടായതിലായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്.

ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതായി കാണേണ്ട. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കും. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1600 രൂപയാക്കി നൽകുന്നത് ആരും പറഞ്ഞിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധവ പെൻഷൻ ലഭിക്കാത്ത ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഇവരെപ്പോലുള്ള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അല്ലെങ്കിൽ മൂന്നുമാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കണമെന്നുമായിരുന്നു കോടതി നിർദേശിച്ചത്.

നേരത്തെ പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് യാചനാസമരം നടത്തി വാർത്തകളിൽ ഇടംപിടിച്ചയാളാണ് മറിയക്കുട്ടി. അഞ്ചു മാസമായി വിധവാ പെൻഷൻ മുടങ്ങിക്കിടക്കുകയാണെന്നും പുതുവർഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്. പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചിരുന്നു. മറിയക്കുട്ടി വിഐപിയാണെന്നും പെൻഷൻ നൽകാനായില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈക്കോടതി വാക്കാൽ നടത്തിയ പരാമർശം.

പെൻഷന് വേണ്ടി കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെൻഷൻ നൽകാൻ മതിയായതാണ്. അതിനാൽ പെൻഷൻ കുടിശ്ശിക ഉടൻ നൽകണം. ഭാവിയിൽ പെൻഷൻ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിജയിപ്പിച്ചത് പാവപ്പെട്ടവർക്ക് സഹായം നൽകാനാണ്. തൊഴിലാളികൾക്ക് വേണ്ടിയാണ് ഈ സർക്കാർ എന്നാണ് പറയുന്നത്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമല്ലേ ഗുണങ്ങൾ ലഭിക്കുന്നത് എന്നും മറിയക്കുട്ടി ചോദിച്ചിരുന്നു.