- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഴക്കൂട്ടത്ത് നവകേരള സദസ്സിൽ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നതിൽ നിന്നും വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ; ദുരനുഭവം, പാർട്ടി മെമ്പറും യൂണിയൻ അംഗവുമായ യുവതിക്ക്; കേസ് കൊടുത്താൽ ചുമട്ടുതൊഴിലാളിയായ സഹോദരനെയും വിലക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സി ഐ ടി യു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിക്കാണ് ദുരനുഭവം ഉണ്ടായത്. ആരോഗ്യ പ്രശ്‌നം മൂലമാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.
കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കുന്നില്ലെന്നാണ് രജനി പറയുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയാണ് സിപിഎം-സിഐ.ടി.യു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയതായിരുന്നു രജനി. എന്നാൽ, സിഐ.ടി.യു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടയുകയായിരുന്നു. നവകേരള സദസ്സിന് വരണമെന്നുള്ള നിർദ്ദേശം ലംഘിച്ചതിനാണ് തടഞ്ഞതെന്നാണ് രജനി പറയുന്നത്.
വർഷങ്ങളായി പാർട്ടി മെമ്പറും സിഐ.ടി.യു അംഗവുമാണ് രജനി. സുഖമില്ലാത്തതിനാൽ നവകേള സദസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാണ് വിലക്കുമായി വന്നതെന്നും ഇവർ ആരോപിക്കുന്നു.
കേസുമായി മുന്നോട്ട് പോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷിനെ നാളെമുതൽ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും രജനി പുറത്തുവിട്ടു.


