ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര കായിക മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കത്തയച്ചു. കായികതാരങ്ങളുടെ സമ്മർദത്തിന് പിന്നാലെയാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്തത്.

ഗുസ്തി താരങ്ങൾക്ക് സമയം നൽകാതെ മത്സരങ്ങൾ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയാലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പത്മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ പ്രതിരോധത്തിലായതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ദേശീയ ജൂനിയർ ഗുസ്തി മത്സരങ്ങൾ ഫെഡറേഷൻ പ്രഖ്യാപിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയം നടപടി സ്വീകരിച്ചത്.

കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം തീരുമാനമെടുക്കാൻ താത്കാലിക പാനൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്ക് മന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ഭാരവാ?ഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇക്കാര്യം ഒളിമ്പിക് അസോസിയേഷൻ ഉറപ്പുവരുത്തണം. ?അച്ചടക്കമുള്ള ?ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, മുൻ ഭാരവാഹികളുടെ പൂർണനിയന്ത്രണത്തിലാണെന്ന് കായിക മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയങ്ങോട്ട് താത്കാലികമായി രൂപവത്കരിക്കപ്പെട്ട പാനലിനായിരിക്കും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ചുമതല.

ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജയ് സിങ് അദ്ധ്യക്ഷനായി പുതിയ സമിതി അധികാരത്തിൽ വന്നത്. പുതിയ സമിതി അധികാരത്തിൽ വന്നതിന് പിന്നാലെ ദേശീയ മത്സരങ്ങൾക്കുള്ള തീയതിയും സ്ഥലവും അടക്കം പ്രഖ്യാപിച്ചിരുന്നു. തിടുക്കത്തിലുള്ള ഈ നീക്കം ഗുസ്തി ഫെഡറേഷന്റെ ഭരണഘടനാ പ്രകാരം തെറ്റാണെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.

പതിനഞ്ച് ദിവസം മുൻപ് യോഗം ചേർന്ന് തീരുമാനം താരങ്ങളെ അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. ബ്രിജ് ഭൂഷന്റെ തട്ടകമായമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനത്തിനെതിരെ സാക്ഷി മാലിക്കും കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മത്സരം നടത്താൻ രാജ്യത്ത് മറ്റെവിടെയും സ്ഥലമില്ലേയെന്നായിരുന്നു സാക്ഷിയുടെ ചോദ്യം.

ഗുസ്തി താരങ്ങൾക്ക് പരിശീലനത്തിന് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ഭരണസമിതി യോഗം ചേർന്ന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി.

ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷനിൽ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ പ്രതിഷേധം കത്തുമ്പോഴായിരുന്നു മത്സരങ്ങൾ പ്രഖ്യാപിച്ചതും. ഗുസ്തി ഫെഡറേഷനിൽ തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് ഒളിംബ്ക് മെഡൽ ജേതാവ് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രംങ് പൂനിയയും വിരേന്ദർ സിംങും പത്മശ്രീ തിരികെ നൽകിയതും പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി. പുതിയ ഭരണ സമിതിക്കെതിരെ ഗുരുതര ചട്ടലംഘനങ്ങളാണ് ഗുസ്തി താരങ്ങൾ ഉന്നയിച്ചത്.

അതേ സമയം പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം മുതിർന്ന അത്‌ലറ്റുകൾ സ്വാഗതം ചെയ്തു. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകിപ്പോയെന്നും അവർ പ്രതികരിച്ചു. കായികതാരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും താരങ്ങൾ വ്യക്തമാക്കി.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിന്റെ കീഴിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യു.എഫ്.ഐ അണ്ടർ 15, അണ്ടർ 20 മത്സരം നടത്തുമെന്ന് ഗുസ്തി താരങ്ങളെ പോലും അറിയിക്കാതെ തിടുക്കപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഡബ്ല്യു.എഫ്.ഐയുടെ ഭരണഘടനയുടെ ലംഘനമാണ്.

ഗുസ്തിതാരങ്ങൾക്ക് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഒളിമ്പിക്‌സ് ജേതാവും ഗുസ്തി താരവുമായ ഗീത ഫോഗട്ട് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ''ഇപ്പോൾ കായിക മന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. വളരെ വൈകിയാണെങ്കിലും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ കിരണമാണത്.''ഗീത ഫോഗട്ട് പറഞ്ഞു.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ ഇന്ത്യൻ ബോക്‌സിങ് താരവും ഒളിമ്പിക്‌സ് മെഡൽ നേതാവുമായ വിജേന്ദർ സിംഗും കേന്ദ്രത്തിന് വളരെ നേരത്തേ തന്നെ ഡബ്ല്യു.എഫ്.ഐക്കെതിരെ നടപടിയെടുക്കാമായിരുന്നുവെന്ന് പ്രതികരിച്ചു.

ഒരു വനിത താരം ഗോദയൊഴിയുന്നത് കാത്തുനിൽക്കേണ്ടി വന്നു അവർക്ക് തീരുമാനമെടുക്കാൻ. നീതിക്കായുള്ള പോരാട്ടത്തിൽ ഒളിമ്പിക്‌സ് താരം പത്മശ്രീ തിരികെ കൊടുക്കേണ്ടി വന്നു. തീരുമാനം വളരെ നേരത്തേ എടുക്കേണ്ടിയിരുന്നു. കോൺഗ്രസ് നേതാവു കൂടിയായ വിജേന്ദർസിങ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മുതിർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും വിരേന്ദർ സിങ്ങുമാണ് പത്മശ്രീ തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ തന്നെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റാകുന്നതോടെ വനിത താരങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കില്ലെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.

കണ്ണീരോടെയാണ് താൻ ഗോദയൊഴിയുന്ന കാര്യം സാക്ഷി മാലിക് പ്രഖ്യാപിച്ചത്. തന്റെ ബൂട്ട് അവർ ഉപേക്ഷിക്കുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ പ്രതിഷേധം തുടങ്ങിയത്.