തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വി സി. മാരെ നിയമിക്കാനൂള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം സർക്കാരിനെ വെട്ടിലാക്കും. വി സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ആറു സർവകലാശാലകൾക്കുകൂടി ഗവർണർ കത്തയച്ചു. സുപ്രീംകോടതി വിധിയിലൂടെ വിസി നിയമനത്തിനുള്ള സമ്പൂർണ്ണ അധികാരി ചാൻസലറാണെന്ന് വ്യക്തം. അതുകൊണ്ടു തന്നെ സർക്കാരിന് ഉപദേശിക്കാനും കഴിയില്ല. ഇതിനിടെയാണ് ഗവർണ്ണർ നടപടികൾ തുടങ്ങുന്നത്. നിലവിൽ ഒമ്പത് സർവകലാശാലകളിൽ സ്ഥിരം വി സി.മാരില്ല.

കണ്ണൂർ, കേരള, എം.ജി., കുസാറ്റ്, ഫിഷറീസ്, മലയാളം, കെ.ടി.യു., കാർഷികം എന്നീ എട്ടു സർവകാശാലകളിലേക്ക് സ്ഥിരം വി സി.മാരെ നിയമിക്കേണ്ടതുണ്ട്. നിയമസർവകലാശാലയിലും സ്ഥിരം വി സി. ഇല്ല. പക്ഷേ അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. ഈ സാഹചര്യത്തിലാണ് എട്ടു സർവ്വകലാശലകളിൽ വിസി മാരെ നിയിക്കാനുള്ള നീക്കം. സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിക്കായി കുസാറ്റ്, മലയാളം സർവകലാശാലകൾക്ക് ഈ മാസം ആദ്യവാരം കത്തയച്ചിരുന്നു. സ്ഥിരം വി സി. മാരെ നിയമിക്കാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതിനു പിന്നാലെയാണ് ഗവർണറുടെ ഇപ്പോഴത്തെ നീക്കം.

സർവകലാശാലയിൽ സ്ഥിരം വി സി.യെ നിയമിക്കാൻ ചാൻസലർ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപവ്തകരിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ യുജിസി. യുടെയും ചാൻസലറുടെയും പ്രതിനിധികളെ ഗവർണർക്ക് നിയോഗിക്കാം. സർവകലാശാലയുടേതാണ് മൂന്നാമത്തെ പ്രതിനിധി. അതായത് കമ്മറ്റിയിൽ ഗവർണർക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകും. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ഗവർണർക്ക് സർവകലാശാലകളോട് ആവശ്യപ്പെടാം. അതതു സെനറ്റുകൾ ചേർന്ന് പ്രതിനിധിയെ നിർദേശിക്കുന്നതാണ് നിലവിലെ രീതി. ഇതനുസരിച്ചാണ് ഗവർണറുടെ കത്തയക്കൽ. എന്നാൽ ഇതിനോട് സർവ്വകലാശാലകൾ അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ല.

സിപിഎമ്മിനു ഭൂരിപക്ഷമുള്ളതാണ് സർവകലാശാലാ സെനറ്റുകൾ. തൽസ്ഥിതി തുടരട്ടെ എന്ന നിലപാടിലാണ് സർക്കാർ. അതിനാൽ, ഗവർണർ-സർക്കാർ പോരിനിടെ സെർച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നൽകാൻ സർവകലാശാലകൾ തയ്യാറാവണമെന്നില്ല. ഹൈക്കോടതിയിൽ ഗവർണറും സർവകലാശാലകളും മറുപടി നൽകേണ്ടി വരും. വി സി. നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സർവകലാശാലകൾ കത്തയച്ചെന്നാവും ഗവർണറുടെ വിശദീകരണം. സർവ്വകലാശാലാ പ്രതിനിധിയെ കിട്ടിയില്ലെങ്കിലും ഗവർണർ നിയമനവുമായി മുമ്പോട്ട് പോകാൻ സാധ്യത ഏറെയാണ്.

യുജിസി., ചാൻസലർ പ്രതിനിധികൾ ഉൾപ്പെട്ട സെർച്ച് കമ്മിറ്റിയുമായി ഗവർണർ മുന്നോട്ടു പോകുമെന്നും സൂചനയുണ്ട്. കേരളയിൽ അങ്ങനെയൊരു നീക്കം ഗവർണർ നടത്തിയപ്പോൾ ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു. എന്നാൽ, വി സി. നിയമനത്തിൽ ചാൻസലർക്ക് സർവാധികാരമുണ്ടെന്നു കണ്ണൂർ വി സി.യുടെ പുനർനിയമനക്കേസിലെ സുപ്രീംകോടതി വിധി നിർണ്ണായകമാണ്. ഇത് ഹൈക്കോടതിയിലും പ്രതിഫലിക്കും. അതു മനസ്സിലാക്കിയാണ് ഗവർണറുടെ നീക്കം.

കേരള സർവകലാശാല വിസി നിയമനത്തിൽ അതിവേഗ തീരുമാനമുണ്ടാകും. സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണർ സർവകലാശാല പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടു. അടിയന്തിരമായി പ്രതിനിധിയെ നൽകണമെന്നാണ് ഗവർണറുടെ കത്തിൽ പറയുന്നത്. ഗവർണർ ഡൽഹിക്ക് പോകും മുൻപാണ് വിസിക്ക് കത്ത് നൽകിയത്.സെനറ്റ് പുനഃസംഘടന, സുപ്രീംകോടതി വിധി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പുതിയ നീക്കം. എന്നാൽ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനാവില്ലെന്ന നിലപാടിലാണ് സർക്കാർ.

സെർച്ച് കമ്മിറ്റി ഘടന മാറ്റുന്ന ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. അതിനാൽ പ്രതിനിധിയെ നൽകേണ്ട കാര്യമില്ലെന്നാണ് സർക്കാർ തീരുമാനം.