റിയോ: ബോബിറ്റൈസേഷൻ എന്നൊരു പദം ഇംഗ്ലീഷ് അർബൻ ഡിക്ഷ്ണറിയിൽ കൂട്ടിച്ചേർക്കപ്പെടുന്നത് 1993-ൽ ആണ്. തന്റെ ഭർത്താവ്, തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച്, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അടുക്കള കത്തിയുപയോഗിച്ച് അറുത്തെടുത്ത് മാറ്റിയ ലൊറേന ബോബിറ്റ് എന്ന അമേരിക്കൻ വനിതയിൽ നിന്നാണ് ആ പദം ഉണ്ടായത്. പുരുഷ ജനനേന്ദ്രിയം ഛേദിക്കുന്നതിനെ പരാമർശിച്ചുകൊണ്ടാണ് അർബൻ സംസാര ഭാഷയൈൽ ബോബിറ്റൈസേഷൻ എന്ന പദം ഉപയോഗിക്കുന്നത്.

ഇപ്പോഴിതാ ബ്രസീലിൽ നിന്നും ഒരു ബോബിറ്റൈസേഷൻ വാർത്ത വരുന്നു. അന്ന് ബോബിറ്റിന്റെ ഭർത്താവ് ജോൺ വെയിനിന്റെ ജനനേന്ദ്രിയം തുന്നിച്ചേർക്കാനായി എന്ന് മാത്രമല്ല, അതിനു ശേഷം അയാൾ രണ്ട് പോണോഗ്രാഫിക് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തെങ്കിൽ ഇവിടെ അതിനുള്ള സാധ്യത ഇല്ലാത്ത സാഹചര്യമാണ്. ഛേദിച്ചെടുത്ത ലിംഗം ഭാര്യ ശൗച്യാലയത്തിൽ ഫ്ളഷ് ചെയ്ത് കളഞ്ഞതാണ് കാരണം.

തന്റെ 15 വയസ്സുകാരിയായ മരുമകൾക്കൊപ്പം ഭർത്താവ് കിടക്ക പങ്കിട്ടതാണ് ഇനിയും പേര് വെളിപ്പെടുത്താത്ത ഈ 34 കാരിയെ പ്രകോപിപ്പിച്ചത്. ബ്രസീലിലെ സാവോ പോളോക്ക് സമീപമുള്ള ആറ്റിബയിയയിൽ ആയിരുന്നു സംഭവം നടന്നത്. ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ഭർത്താവിനെ കിടക്കയിലെത്തിച്ച അവർ പിന്നീട് അയാളുടെ കൈകാലുകൾ കട്ടിലിനോട് ചേർത്ത് കെട്ടുകയായിരുന്നു.

അതിനുശേഷം ഒരു കത്തിയെടുത്ത് അയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുറിച്ചെടുത്ത ജനനേന്ദ്രിയത്തിന്റെ ഫോട്ടോ എടുത്തതിന് ശേഷം അത് ശൗച്യാലയത്തിൽ ഫ്ളഷ് ചെയ്ത് കളയുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മുറിച്ചു മാറ്റിയ ലിംഗം തുന്നിച്ചേർക്കാൻ കഴിയുമെന്ന് താൻ എവിടെയോ വായിച്ചിട്ടുണ്ടെന്നും ഭർത്താവ് അത് ചെയ്യാതിരിക്കാനാണ് താൻ ജനനേന്ദ്രിയം ഫ്ളഷ് ചെയ്ത് കളഞ്ഞതെന്നും പിന്നീട് അറസ്റ്റിലായപ്പോൾ അവർ പൊലീസിനോട് പറഞ്ഞു.

ഡിസംബർ 22 ന് സംഭവം നടന്നതിന് ശേഷം അവർ തന്റെ സഹോദരനും ഒന്നിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എമർജൻസി സർവ്വീസ് സംഭവസ്ഥലത്തെത്തിയപ്പോൾ അവശ നിലയിൽ ആയിരുന്നെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടമായിരുന്നില്ല. അയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അയാളുടെ നില എന്തെന്ന് വ്യക്തമല്ല. ഏതായാലും ഭാര്യയ്ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

15 കാരിയായ മരുമകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന അവരുടെ വാദത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചില്ല. ബ്രസീലിലെ നിയമം അനുസരിച്ച് 14 വയസ്സുകഴിഞ്ഞാൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. പരസ്പര സമ്മത പ്രകാരമായിരുന്നോ എന്നത് മാത്രമെ അക്കാര്യത്തിൽ പൊലീസിന് പരിശോധിക്കേണ്ടതുള്ളു.