ന്യൂഡൽഹി: മുസ്ലിം ലീഗ് ജമ്മുകശ്മീർ (മസ്റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി നേതൃത്വം നൽകിയ ഓൾ ഇന്ത്യ ഹുറിയത്തിൽ പ്രവർത്തിച്ചിരുന്ന മസ്രറത്ത് ആലമാണ് ഈ തീവ്രവാദി സംഘടനയ്ക്ക് നേതൃത്വം നൽകിയത്. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദികളെ പിന്തുണയ്ക്കുകയും ജമ്മുവിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അമിത് ഷാ വ്യക്തമാക്കി.

സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നവരും ജമ്മു കശ്മീരിൽ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണെന്ന് അമിത് ഷാ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിക്കുന്നവർക്ക് മാപ്പ് നൽകില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിക്കുന്നവർക്ക് മാപ്പ് നൽകില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിന്റെ സന്ദേശം ഉറച്ചതും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിരുദ്ധ, പാക്കിസ്ഥാൻ അനുകൂല പ്രചരണത്തിന്റെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാനിൽ നിന്നും അനുകൂല സംഘടനകളിൽ നിന്നുമടക്കം നേതാക്കൾ പണം പിരിക്കുന്നുണ്ട്. ഇവർ വിഘടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും രാജ്യത്തിന്റെ ഭരണഘടന അധികാരികളോട് തികഞ്ഞ അനാദരവ് കാണിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും നരേന്ദ്ര മോദി സർക്കാർ വെറുതെ വിടില്ല. അവർ കടുത്ത നടപടികൾ നേരിടേണ്ടി വരും. നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നയമാണിത് അമിത് ഷാ എക്സിൽ പങ്കുവെച്ച് കുറിപ്പിൽ വ്യക്തമാക്കി.