- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്രിട്ടനിൽ ലൈംഗിക പരാക്രമികളും കുട്ടി പീഡകന്മാരും തെറാപ്പിസ്റ്റുകളായി സേവനം ചെയ്യുന്നുവെന്ന് എക്സ്പ്രസ്സ് പത്രത്തിന്റെ റിപ്പോർട്ട്; രോഗികളെ ദുരുപയോഗിച്ചിട്ടും കൗൺസിലർമാരായി തുടരുന്നവരെ നിയന്ത്രിക്കുവാൻ യു കെയിൽ നിയമമില്ലെന്നും റിപ്പോർട്ടിൽ

രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിനും നിസ്സഹായരിൽ നിന്നും പണം വസൂലാക്കിയതിനും അച്ചടക്ക നടപടികൾക്ക് വിധേയരായവർ ഇപ്പോഴും തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നുവെന്ന് എക്സ്പ്രസ്സ് പത്രത്തിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. കൗൺസിലർമാരുടെയും തെറാപിസ്റ്റുകളുടെയും ഔദ്യോഗിക സംഘടനയായ ബ്രിട്ടീഷ് അസ്സോസിയേഷൻ ഫോർ കൗൺസലിങ് ആൻഡ് ഫിസിയോതെറാപ്പിസ്റ്റ് (ബി എ സി പി) ൽ നിന്നും, ഗുരുതരമായ പെരുമാറ്റ ദൂഷ്യങ്ങൾക്ക് പുറത്താക്കിയവർ പോലും ഇപ്പോഴും സെഷനുകൾ ബുക്ക് ചെയ്യുന്നതായി പത്രം വെളിപ്പെടുത്തുന്നു.
ഇവരിൽ പലർക്കും എതിരെയുള്ളത് ഗുരുതരമായ ലൈംഗിക സാമ്പത്തിക ആരോപണങ്ങളാണ്. ആരോപണങ്ങൾ തെളിഞ്ഞതിനെ തുടർന്ന് ബി എ സി പി അംഗത്വത്തിൽ നിന്നും പുറത്താക്കിയ 42 തെറാപിസ്റ്റ്മാരിൽ 13 പേർ പരസ്യമായി തന്നെ ഓൺലൈൻ വഴി അപ്പോയിന്റ്മെന്റുകൾ നൽകുന്നതായി എക്സ്പ്രസ്സ് പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അവരിൽ ചിലരുമായി എക്സ്പ്രസ്സ് പ്രതിനിധികൾ രോഗികൾ എന്ന വ്യാജേന ബന്ധപ്പെടുകയും ചെയ്തു.
ചിലർ 50 മിനിറ്റ് സെഷന് 140 പൗണ്ട് വരെയാണ് ചാർജ്ജ് ഈടാക്കുന്നത്. അവരിൽ തന്നെ ചിലർ അവകാശപ്പെടുന്നത് എൻ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്നു എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ചിലരുമായി, എക്സ്പ്രസ്സ് പ്രതിനിധികൾ ബന്ധപ്പെട്ടപ്പോൾ, തങ്ങൾ തൊഴിൽ രംഗത്തെ നൈതികത പുലർത്തിയിരുന്നില്ല എന്ന് സമ്മതിക്കുകയും ചെയ്തുവത്രെ. അതിന്റെ പേരിലായിരുന്നു ബി എ സി പി അംഗത്വം നഷ്ടപ്പെട്ടതെന്നും അവർ പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
എക്സ്പ്രസ്സിന്റെ ഈ വെളിപ്പെടുത്തലുകൾ കടുത്ത ആശങ്കയുണർത്തുന്നു എന്നായിരുന്നു മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ മെന്റൽ ഹെൽത്ത് പ്രതികരിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ലഭിക്കേണ്ട മാന്യതയുടെയും ബഹുമാനത്തിന്റെയും നേരെ വിപരീത സ്വഭാവമുള്ള ഒന്നാണ് ഇതെന്നും അവർ പറഞ്ഞു.
ഏതാണ്ട് ഒരു വർഷം മുൻപ് രോഗിയുമായി, അവരുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണം നേരിട്ട കൗൺസിലറാണ് ജെറെമി പാർക്കിൻ. ബി എ സി പി നിയമിച്ച പാനൽ നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞതോടെ ഇയാളെ അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. വിഷാദരോഗം ബാധിച്ച വ്യക്തി എന്ന വ്യാജേന എക്സ്പ്രസ്സ് പത്രത്തിന്റെ റിപ്പോർട്ടർ ഇയാളെ സമീപിച്ച് ഒരു സെഷനുള്ള അപ്പോയിന്റ്മെന്റ് എടുക്കുകയായിരുന്നു.
ഇപ്പോൾ സ്വന്തം വീട്ടിൽ വച്ചാണ് ഇയാൾ രോഗികളെ കാണുന്നത്. സെഷനിടയിൽ പെരുമാറ്റ ദൂഷ്യത്തിന് പുറത്താക്കിയ കാര്യം റിപ്പോർട്ടർ സൂചിപ്പിച്ചപ്പോൾ, അത് രോഗികളെ കാണുന്നതിനും കൗൺസിലിങ് നൽകുന്നതിനും തടസ്സമല്ല എന്നായിരുന്നു അയാളുടെ പ്രതികരണം. ഒരു മണിക്കൂർ നീണ്ട സെഷനിടയിൽ താൻ എൻ എച്ച് എസ്സിന് വേണ്ടി ജോലിചെയ്യുന്നുണ്ടെന്ന് ഇയാൾ അവകാശപ്പെടുകയും മറ്റു രോഗികളുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ചെറു വിമാനം പറത്തുമ്പോഴും ഗോൾഫ് കളിക്കുമ്പോഴുമൊക്കെ ഇയാൾ രോഗികളുമായി സെഷൻസ് നടത്താറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തുന്നു.
മാനസിക പ്രശ്നങ്ങൾക്ക് തന്റെ അടുത്ത് ചികിത്സ നടത്തിയിരുന്ന യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ തീരെ പശ്ചാത്താപമില്ലാതെ ഇയാൾ പറയുന്നത് ആ യുവതി തന്നെ കെണിയിൽ കുടുക്കുകയായിരുന്നു എന്നാണ്. എന്നാൽ, പിന്നീട് ഇയാൾ താൻ തെറാപിസ്റ്റായി ജോലി ചെയ്യുകയാണെന്നതും എൻ എച്ച് എസ്സിൽ ജോലി ചെയ്യുന്നുണ്ട് എന്നതും നിഷേധിച്ചു. പിന്നെ എന്തിനാണ് സെഷന് അപ്പോയിന്റ്മെന്റ് നൽകിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയതുമില്ല.
അതുപോലെ, രോഗികളെ സാമ്പത്തികമായി ദുരുപയോഗം ചെയ്തതിന് ബി എ സി പി പുറത്താക്കിയ ആഷർ ക്യൂൻഎന്ന കൗൺസിലറും റിപ്പോർട്ടർക്ക് അപ്പോയിന്റ്മെന്റ് നൽകി. 70 പൗണ്ടായിരുന്നു ഇയാൾ ഫീസ് ആയി ഈടാക്കിയത്. എന്നാൽ, ഇയാൾ പറയുന്നത് താൻ സ്വമേധയാ സംഘടന വിട്ടതാണെന്നാണ്. അതിൽ അംഗമല്ലെങ്കിലും കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് ക്വ്യൂൻ വാദിക്കുന്നത്. ഡോക്ടർമാരെയോ ടീച്ചർമാരെയോ പോലെ ഒരു ഒരു സംരക്ഷിത വിഭാഗമല്ല ഫിസിയോതെറാപിസ്റ്റുകൾ എന്നും അതുകൊണ്ടു തന്നെ ആർക്കും സ്വയം കൗൺസിലർ എന്ന് അവകാശപ്പെടാമെന്നുമാണ് ക്വ്യൂൻ പറയുന്നത്.
സാധാരണയായി ബി എ സി പി പോലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ, അതാത് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നൈതികതയും നൈപുണ്യവും നിരീക്ഷിച്ച് പൊതുജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിന് ബാദ്ധ്യതയുള്ളവരാൺ'. എന്നാൽ, ചില സാഹചര്യങ്ങളിൽ മാത്രമെ അത് സംഭവിക്കുന്നുള്ളു എന്നാണ് എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലിടത്തെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട നോട്ടീസുകൾ ബി എ സി പിയുടെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യത്തിന് നിയമങ്ങൾ ഇല്ലാത്തതാണ് പ്രശ്നം എന്നാണ് ബി എ സി പി വക്താവ് പറഞ്ഞത്. തങ്ങളുടെ അംഗങ്ങൾക്കിടയിൽ ഉയർന്ന തൊഴിൽ നൈതികത ഉയർത്തിപ്പിടിക്കാൻ ശ്രമിക്കാറുണ്ടെന്നും എന്നാൽ, ആവശ്യത്തിന് നിയമങ്ങൾ ഇല്ലാത്തതിനാൽ, നിലവിലുള്ള അംഗങ്ങൾക്ക് മേൽ മാത്രമെ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നുള്ളു എന്നും വക്താവ് അറിയിച്ചു.


