- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് വന്നതോടെ സർക്കാരിന് സമ്മർദ്ദം; തൃശൂർ പൂരം പ്രദർശന വാടക തർക്കം: കഴിഞ്ഞ വർഷത്തെ തുക മതിയെന്ന് ധാരണ; പൂരത്തിന് ശേഷം മറ്റുകാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി; സ്വാഗതം ചെയ്ത് പാറമേക്കാവും തിരുവമ്പാടിയും

തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് തള്ളിയാണ് കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് ജി എസ് ടി യടക്കം 42 ലക്ഷമായിരുന്ന തറവാടക 2.20 കോടിയായി ഉയർത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കോൺഗ്രസും ബിജെപി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള പാറമേക്കാവിന്റെ നീക്കമാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയത്. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം കോൺഗ്രസും പ്രഖ്യാപിച്ചു. ബിജെപി ക്കും കോൺഗ്രസിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പൂരപ്രതിസന്ധി മാറുമെന്നായപ്പോഴാണ് മുഖ്യമന്ത്രി ചർച്ച വിളിച്ചതും പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള തീരുമാനമെടുത്തതും. തീരുമാനം ബുധനാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.


