- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നേപ്പാളിൽ ജനുവരിയിൽ യെറ്റി എയർലൈൻസ് തകർന്ന് 72 പേർ കൊല്ലപ്പെട്ട സംഭവം; പൈലറ്റ് അബദ്ധത്തിൽ പവർ കട്ടാക്കിയപ്പോൾ എഞ്ചിൻ നിലച്ച് താഴോട്ട് പതിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്; ദുരന്തം നടന്നത് റൺവേയിൽ നിന്നും വെറും 820 മീറ്റർ ദൂരത്തിൽ

ഇക്കഴിഞ്ഞ ജനുവരിയിൽ, നേപ്പാളിൽ നടന്ന, 72 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൈലറ്റ് അബദ്ധത്തിൽ പവർ കട്ട് ചെയ്തപ്പോൾ വിമാനത്തിന്റെ എഞ്ചിൻ നിലച്ചതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. യെറ്റി എയർലൈൻസിന്റെ ഇരട്ട എഞ്ചിനുള്ള എ ടി ആർ 72-500 വിമാനമാണ് പൊക്കാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിൽ അപകടത്തിൽ പെട്ടത്. ജനുവരി 15 ന് ആയിരുന്നു സംഭവം.
റൺവേയിൽ നിന്നും ഏകദേശം 1.6 കിലോമീറ്റർ മാറി 820 മീറ്റർ മാത്രം ഉയരത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ മുപ്പത് വർഷക്കാലത്തിനിടയിൽ നേപ്പാളിൽ നടന്ന ഏറ്റവും വലിയ വിമാനാപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും 40 ജീവനക്കാരും 15 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. സർക്കാർ നിയമിച്ച പാനലാണ് ഇപ്പോൾ പൈലറ്റിന് പറ്റിയ അബദ്ധമാണ് അപകടത്തിന് കാരണം എന്ന് റിപ്പോർട്ട് നൽകീയിരിക്കുന്നത്.
ശരിയായ അറിവില്ലാത്തതിനാലും, സാധാരണ പ്രവർത്തന പ്രക്രിയ നിർവ്വചിക്കാത്തതിനാലും, പൈലറ്റുമാർ, ഫ്ളാപ് ലിവറിനു പകരം പറക്കുന്ന സമയത്ത് തന്നെ കണ്ടീഷൻസ് ലിവർ വലിച്ചു എന്നാണ് അന്വേഷണ സമിതി അംഗവും എയർനോട്ടിക്കൽ എഞ്ചിനീയറുമായ ദീപക് പ്രസാദ് ബാസ്റ്റോള പറഞ്ഞത്. ഇത് വിമാനത്തിലെ പവറിനെ നിയന്ത്രിക്കുന്ന ലിവറാണ് . ഇതോടെ പവർ നിലയ്ക്കുകയും എഞ്ചിൻ പ്രവർത്തനരഹിതമാവുകയും ചെയ്തു.
എഞ്ചിൻ പ്രവർത്തനം നിലച്ചെങ്കിലും സ്വാഭാവികമായ ആക്കം കാരണം പിന്നെയും 49 സെക്കന്റുകൾ കൂടി പറന്നിട്ടാണ് വിമാനം താഴേക്ക് പതിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അമിതമായ ജോലി ഭാരം, സമ്മർദ്ദം തുടങ്ങിയ മാനവിക ഘടകങ്ങളാണ് ഇത്തരത്തിൽ ഒരു അബദ്ധത്തിന് കാരണമായത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം വേണ്ട രീതിയിൽ പരിപാലിച്ചിരുന്നു എന്നും അതിന് കേടുപാടുകൾ ഒന്നും ഇല്ലാതിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതുപോലെ പൈലറ്റുമാരും നേപ്പാൾ ഏവിയേഷൻ അഥോറിറ്റി അനുശാസിക്കുന്ന യോഗ്യതയുള്ളവരാണ്.
അപകടസ്ഥലത്തു നിന്നും കണ്ടെടുത്ത ബ്ലാക്ക്‌ബോക്സ് സിംഗപ്പൂരിൽ പരിശോധനക്കായി അയച്ചിരുന്നു. മാത്രമല്ല, അമേരിക്ക, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നിരുന്നു. 1992-ൽ ഒരു പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് എയർബസ് എ 300 വിമാനം കാഠ്മണ്ഡുവിലെക്ക് വരുന്ന വഴി മലയിടുക്കിൽ തകർന്ന് 167 പേർ മരിച്ചിരുന്നു. അതിന് ശേഷം നേപ്പാളിൽ നടക്കുന്ന ഏറ്റവും വലിയ വിമാന ദുരന്തമാണിത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളിൽ 8 എണ്ണം സ്ഥിതി ചെയ്യുന്ന ഈ കൊച്ചു രാജ്യത്ത്, 2000 ന് ശേഷം വിമാനാപകടങ്ങളിലും ഹെലികോപ്റ്റർ അപകടങ്ങളിലുമായി 350 ഓളം പേരാണ് മരണമടഞ്ഞിരിക്കുന്നത്. പെട്ടെന്ന് കാലാവസ്ഥ മാറുന്നതാണ് ഏറെയും അപകടങ്ങൾക്ക് കാരണമാകുന്നത്.


