- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുവതി പപ്പടക്കോൽ വിഴുങ്ങി; അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ച് കമ്പിക്കഷ്ണം; വായിലൂടെ തന്നെ തിരിച്ചെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

കോഴിക്കോട്: യുവതി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ വായിലൂടെ തന്നെ തിരിച്ചെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. മലപ്പുറം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയാണ് ലോഹത്തിന്റെ പപ്പടക്കോൽ വിഴുങ്ങിയത്. ഇത് അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്നനിലയിലായിരുന്നു. അപകടാവസ്ഥയെ തുടർന്ന് യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്യുക ആയിരുന്നു.
മാനസികാസ്വാസ്ഥ്യത്തെത്തുടർന്നാണ് യുവതി പപ്പടക്കോൽ വിഴുങ്ങിയത്. ജീവൻ തന്നെ അപകടാവസ്ഥയിലായ നിലയിലാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെത്തിയത്. ഇത്തരം അവസ്ഥയിൽ ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണഗതിയിൽ ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്നു വിലയിരുത്തിയതിനെ തുടർന്നാണ് വായിലൂടെ പുറത്തെടുത്തത്. പപ്പടക്കോൽ എടുക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായാൽ അപ്പോൾതന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയശേഷമാണ് വായിലൂടെതന്നെ തിരിച്ചെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ആന്തരികരക്തസ്രാവമുണ്ടോ എന്നു നിരീക്ഷിക്കാനായി യുവതി ഐ.സി.യു.വിൽ തുടരുകയാണ്.മെഡിക്കൽ കോളേജിലെ ഒരു കൂട്ടം ഡോക്ടർമാർ ഒരുമിച്ച് പ്രയത്‌നിച്ചാണ് യുവതിയുടെ ജീവൻ തിരികെ പിടിച്ചത്. ഇ.എൻ.ടി., അനസ്‌തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങൾക്ക് പ്രത്യക്ഷത്തിൽ പരിക്കൊന്നുമേൽക്കാതെ വായിൽക്കൂടിതന്നെ പപ്പടക്കോൽ പുറത്തേക്കെടുക്കാനായത്.
ഫൈബർ ഒപ്ടിക് ഇൻട്യുബേറ്റിങ് വീഡിയോ എൻഡോസ്‌കോപ്പ്, ഡയറക്ട് ലാറിയങ്കോസ്‌കോപ്പി എന്നീ പ്രക്രിയകളും തുണയായി. ഇത്രയും വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇ.എൻ.ടി. അസോസിയേറ്റ് പ്രൊഫസർ എം.കെ. ശ്രീജിത്ത്, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫസർമാരായ പി.എം.എ. ബഷീർ, ഫിജിൽ കോമു, എസ്. വിനീത, സർജറി വിഭാഗത്തിലെ പ്രൊഫസർ ഷാജഹാൻ, കാർഡിയോ തെറാസിക് സർജന്മാരായ അതുൽ അബ്രഹാം, എം.കെ.അജ്മൽ, എ.ആനന്ദ്, എസ്.ആർ.ആന്റണി, തുഷാര, പെർഫ്യൂഷൻ ടെക്നീഷ്യൻ കെ. ബാലൻ, അനസ്‌തേഷ്യ ടെക്നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പാനായി, സ്റ്റാഫ് നഴ്സ് ജിൽജിത്ത്, ഹിമാ ബാല എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്.


