- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെൻഷൻ 3450 രൂപ മുതൽ ആറായിരം വരെ; ഡി.എ. അടക്കം മറ്റ് ആനുകൂല്യങ്ങളും; രാഷ്ട്രീയ നിയമനം ലഭിച്ച 37 പേഴ്സണൽ സ്റ്റാഫുകൾക്കും ആജീവനാന്തം പെൻഷൻ ഉറപ്പാക്കി മന്ത്രിമാരുടെ രാജി; മറ്റ് ചില മന്ത്രിമാരും സ്റ്റാഫിൽ മാറ്റത്തിന് നീക്കം; സാമ്പത്തിക പ്രതിസന്ധിയിലും 'വേണ്ടപ്പെട്ടവർക്കായി' പിണറായി സർക്കാരിന്റെ കരുതൽ തുടരുമ്പോൾ

തിരുവനന്തപുരം: ഇടതു സർക്കാരിൽ മുൻ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കി രണ്ട് മന്ത്രിമാർ രാജിവെച്ച് പുതിയ മന്ത്രിമാർ ചുമതലയേറ്റെങ്കിലും രാഷ്ട്രീയ നിയമനം ലഭിച്ച 37 പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കിയുള്ള മാറ്റങ്ങൾ വിണ്ടും വിവാദത്തിൽ. മന്ത്രിമാർ രാജിവച്ചതോടെ, രാഷ്ട്രീയ ശുപാർശയിൽ ജോലിയിൽ കയറിയ ഈ 37 പഴ്‌സനൽ സ്റ്റാഫുകളുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിന് അധിക ബാധ്യതയാകും. പെൻഷനു പുറമേ മറ്റു ആനുകൂല്യങ്ങളും ഇവർക്ക് നൽകേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫുകൾ രണ്ടര വർഷം പൂർത്തിയാകുന്നതോടെ ആ പെൻഷൻ ബാധ്യതയും സർക്കാരിലേക്കെത്തും.
രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകൾക്കും പെൻഷൻ രണ്ടരവർഷം കഴിഞ്ഞു നൽകേണ്ടിവരും. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡി.എ. അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
ആന്റണി രാജുവിന്റെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതിൽ 19 ഉം രാഷ്ട്രീയ നിയമനം. രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പി.എ, ഒരു അസിസ്റ്റന്റ്, നാല് ക്ലർക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവർമാർ, ഒരു പാചകക്കാരൻ എന്നിങ്ങനെയായിരുന്നു ആന്റണി രാജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്.
മന്ത്രിയായിരുന്ന അഹമ്മദ്ദേവർ കോവിലിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേർ സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷനും ബാക്കി രാഷ്ട്രീയ നിയമനം. രണ്ട്പേർ പ്രൈവറ്റ് സെക്രട്ടറിമാറായി പ്രവർത്തിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥർ സർവ്വീസിലേക്ക് തിരിച്ചു പോകും.
അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ 3. ഇതിൽ 2 പേർ രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരിൽ 2 പേർ രാഷ്ട്രീയ നിയമനം ലഭിച്ചവർ. ഒരു പിഎ, ഒരു അഡിഷനൽ പിഎ, 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, 2 ഡ്രൈവർമാർ, 1 പാചകക്കാരൻ. ഇവരെല്ലാം രാഷ്ട്രീയ നിയമനം.
മന്ത്രിയുടെ ഓഫീസിൽ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സർക്കാർ ശമ്പളത്തിനു കൂടി പേഴ്സണൽ സ്റ്റാഫുകൾക്ക് അർഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വർഷവും ഒരു ദിവസും പേഴ്സണൽ സ്റ്റാഫിൽ സേവനം പൂർത്തിയായാൽ മൂന്ന് വർഷം സർവീസ് കണക്കാക്കി മിനിമം പെൻഷന് അർഹത ഉണ്ട്.
മിനിമം പെൻഷൻ 3450 രൂപയാണ്. കുക്ക് മുതൽ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വർഷം കഴിഞ്ഞവർക്ക് ഈ പണം കിട്ടും. അഡീഷണൽ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വർഷത്തെ സേവനത്തിന് ശേഷം കിട്ടുക 5,500 രൂപ പെൻഷൻ. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെൻഷൻ 6000 രൂപ വരെ. എല്ലാവർക്കും ഏഴു ശതമാനം ഡി.എ. കൂടി കിട്ടും. ടെർമിനൽ സറണ്ടറായി രണ്ടര മാസത്തെ മുഴുവൻ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനും കൂടെയുണ്ട്.
ശമ്പള പരിഷ്‌ക്കരണം വരുമ്പോൾ പിരിഞ്ഞുപോയവർക്കം ആനുകൂല്യം കിട്ടും. രണ്ടര വർഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫിൽ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. പെൻഷൻ ഉറപ്പായവരെ മാറ്റി പകരം പാർട്ടിക്കാരെ നിയമിക്കാനാണ് നീക്കം.
വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിൽ മുമ്പ് ഏറ്റുമുട്ടിയിരുന്നു. രാജിവെച്ച മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകൾക്ക് പുറമെ നിലവിൽ ഉള്ള മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളെ കൂടി മാറ്റിയാൽ നിലവിലെ സ്ഥിതിയിൽ വീണ്ടും ഗവർണർ വിഷയം ഉയർത്തി പ്രതികരിക്കുമെന്നുറപ്പ്.
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെൻഷൻ നൽകാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെൻഷൻ 83,400 രൂപയാണ്. ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതൽ 70,000 രൂപവരെ പെൻഷൻ വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിലുള്ള സി.എം.രവീന്ദ്രനാണ് ഉയർന്ന അടിസ്ഥാന പെൻഷന് അർഹത 69,970രൂപ. സ്റ്റാഫിലുള്ളതിനാൽ നിലവിൽ പെൻഷൻ ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളിൽ പെൻഷൻ വാങ്ങുന്നത്.
പഴ്‌സനൽ സ്റ്റാഫിൽ മിനിമം പെൻഷൻ ലഭിക്കാൻ മൂന്നു വർഷമാണ് സേവനം വേണ്ടത്. 2021 മാർച്ച് 31 മുതൽ മിനിമം പെൻഷൻ 3,350 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. പഴ്‌സനൽ സ്റ്റാഫായി രണ്ടു വർഷവും ഒരു ദിവസവും സേവനം അനുഷ്ഠിച്ചാൽ മൂന്നു വർഷമായി കണക്കാക്കി പെൻഷൻ ലഭിക്കും. 30 വർഷമാണ് പെൻഷന് യോഗ്യമായ പരമാവധി കാലയളവ്. അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സർവീസ് കാലയളവ് കൊണ്ട് ഗുണിച്ചാണ് പെൻഷൻ നിശ്ചയിക്കുന്നത്.
അടിസ്ഥാന ശമ്പളം 31,100 രൂപയാണെങ്കിൽ 30 വർഷത്തേക്കു പകുതി തുകയായ 15,550രൂപ പെൻഷൻ ലഭിക്കും. പഴ്‌സനൽ സ്റ്റാഫിൽ മൂന്നു വർഷമാണ് സേവനമെങ്കിൽ അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സർവീസ് കാലയളവ് കൊണ്ട് ഗുണിക്കണം.
പരമാവധി 30 പഴ്‌സനൽ സ്റ്റാഫുകളെയാണു നിയമിക്കാൻ കഴിയുന്നത്. 25 സ്റ്റാഫുകളെന്നതാണ് എൽഡിഎഫ് നയം. എന്നാൽ, മന്ത്രിമാരിൽ 25ൽ കുറവ് സ്റ്റാഫുകളുള്ളവരും 25ൽ കൂടുതലുള്ളവരുമുണ്ട്. സർക്കാർ സർവീസിൽനിന്നു വിരമിച്ചവർ പഴ്‌സനൽ സ്റ്റാഫിലേക്കു വന്നാൽ അവർക്കു ലഭിക്കുന്ന പെൻഷൻ തുക കുറച്ചുള്ള ശമ്പളം മാത്രമേ ലഭിക്കൂ. പഴ്‌സനൽ സ്റ്റാഫിന്റെ പെൻഷൻ വാങ്ങുന്നവർക്കു സർക്കാർ ജോലി ലഭിച്ചാൽ പെൻഷൻ നഷ്ടമാകും. സർക്കാർ സർവീസിൽനിന്ന് പഴ്‌സനൽ സ്റ്റാഫിലേക്കു ഡപ്യൂട്ടേഷനിൽ വരുന്നവർക്കു മാതൃവകുപ്പിൽ ലഭിക്കുന്ന ശമ്പളമാകും ലഭിക്കുക.


