- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അണയാത്ത പ്രതിഷേധം! അർജുന അവാർഡും ഖേൽ രത്നയും മടക്കി നൽകി വിനേഷ് ഫോഗട്ട്; അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് മടങ്ങിയത് ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അർജുന പുരസ്‌കാരവും ഖേൽ രത്ന പുരസ്‌കാരവും മടക്കിനൽകി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഡൽഹിയിലെ കർത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നിൽ പുരസ്‌കാരം വച്ച് മടങ്ങുകയായിരുന്നു അവർ. പ്രധാനമന്ത്രി ഓഫീസിന്റെ പുറത്ത് പുരസ്‌കാരം ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെങ്കിലും പൊലീസ് തടയുകയായിരുന്നു.
ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകുമെന്ന് നേരത്തെ വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താരം കത്ത് നൽകിയിരുന്നു.
അർജുന അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. ഖേൽ രത്ന പുരസ്‌കാരവും റോഡിൽ വച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ താരങ്ങൾ പ്രതിഷേധിക്കുകയാണ്. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ കുറ്റപ്പെടുത്തി.
നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പത്മശ്രീ മടക്കിനൽകിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ദേശീയ മത്സരങ്ങൾ തിടുക്കത്തിൽ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്.


