തിരുവനന്തപുരം: ഗതാഗത വകുപ്പിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മന്ത്രി കെബി ഗണേശ് കുമാർ. അതിനിടെ ഗതാഗത വകുപ്പിൽ അഴിമതി നടന്നിരുന്നു എന്ന മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുൻ മന്ത്രി ആന്റണി രാജു രംഗത്ത് വരികയും ചെയ്തു. ഇതോടെ ഗതാഗത വകുപ്പ് ഇടതുമുന്നണിയിൽ വീണ്ടും ചർച്ചയ്ക്ക് വിധേയമാകും. അടുത്ത മുന്നണി യോഗത്തിൽ ഗണേശിനെതിരെ ആഞ്ഞടിക്കാനാണ് ആന്റണി രാജുവിന്റെ തീരുമാനം. താനെടുത്ത തീരുമാനങ്ങൾ തിരുത്തുന്നതും അതെല്ലാം അഴിമതിയാണെന്ന് വരുത്തി തീർക്കുന്നതും നല്ലതിനല്ലെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.

സത്യപ്രതിജ്ഞയ്ക്ക് മുൻപ് അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെയാണെന്ന് ആന്റണി രാജു ചോദിച്ചു. നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേശ്. അഭിപ്രായം പറയുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അതേ നാണയത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു. അതിരൂക്ഷമായ ആരോപണമാണ് മുൻ മന്ത്രി ഉയർത്തുന്നത്. ഗണേശിന്റെ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയെ പോലും പരിഹസിക്കുന്നു. ഇതിനെ ഗണേശും ഗൗരവത്തോടെ എടുക്കും.

'ഗണേശിന്റെ പിതാവിനൊപ്പം എംഎൽഎ ആയിരുന്നയാളാണ് ഞാൻ. ഗാലറിയിൽ ഇരുന്നു കളി കാണാൻ എളുപ്പമാണ്. ഇറങ്ങി കളിക്കാനാണ് പാട്. മുൻ ഗതാഗത മന്ത്രിമാർ ഉണ്ടാക്കിവച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തിൽ കൂട്ടിയിട്ടില്ല. കെഎസ്ആർടിസി കംപ്യൂട്ടറൈസേഷൻ നടത്തി ഇപ്പോൾ ട്രയൽ റൺ നടത്തുകയാണ്. എല്ലാ ഡിവിഷനിലും പ്രഫഷനലിസം കൊണ്ടുവന്നു. ഇനി വരുന്നവർക്ക് സുഗമമായി ഭരിക്കാം. അഴിമതിക്ക് ചീഫ് എൻജിനീയറെ സസ്‌പെൻഡ് ചെയ്ത ആളാണ് ഞാൻ. എനിക്കെതിരെ അഴിമതി ആരോപണം ഇല്ല. അഴിമതിക്കേസിൽ ജയിലിൽ കിടന്നിട്ടുമില്ല-ആന്റണി രാജു പറയുന്നു. വകുപ്പിൽ എല്ലാം പ്രശ്‌നമാണെന്നും താൻ വന്ന് നന്നാക്കിയെന്നും വരുത്താനാണ് ശ്രമം. ഒന്നിനും കണക്കില്ലെന്നാണ് ഗണേശ് പറഞ്ഞത്. 2014-15 വരെ ആണ് കെഎസ്ആർ ടിസിയിൽ ഓഡിറ്റ് നടന്നിരുന്നത്. ഞാൻ വന്നതിനു ശേഷമാണ് 2022 വരെ ഉള്ള ഓഡിറ്റ് പൂർത്തിയാക്കിയത്. പുതിയ മന്ത്രി വന്നു കെഎസ്ആർടിസി ജീവനക്കാർക് എല്ലാ മാസവും ഒന്നാംതീയതി ശമ്പളം നൽകിയാൽ നല്ല കാര്യം ആകും.' ആന്റണി രാജു കളിയാക്കി.

മന്ത്രിമാറിയപ്പോൾ 'അഴിമതി'ക്ക് പേരു ദോഷം കേട്ട തീരുമാനവും മാറിയെന്നത് വലിയ ചർച്ചയായിരുന്നു ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്രനിയമം മറികടന്ന് കാലാവധി ആറുമാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരുത്തിയത്. ഒരു വർഷം എന്നുള്ളത് ആറുമാസമാക്കിയത് ചിലർക്ക് അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണം ഉയർന്നിരുന്നു. വൻ കോഴ ചിലർ വാങ്ങിയെന്നും ആക്ഷേപം എത്തി. എന്നാൽ ഗതാഗത മന്ത്രിയായി കെബി ഗണേശ് കുമാർ എത്തുമെന്ന് ഉറപ്പായതോടെ തന്നെ തിരുത്തലിനുള്ള നടപടിയും തുടങ്ങി. അതാണ് ഉത്തരവാകുന്നത്. ഇതിനൊപ്പമാണ് അഴിമതിയിൽ ഗണേശിന്റെ വാക്കുകളും ചർച്ചയായത്. ഇതിനിടെയാണ് ഗണേശിനെ കടന്നാക്രമിച്ച് ആന്റണി രാജു രംഗത്ത് വരുന്നത്.

പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്. ഇതിലൂടെ പുകപരിശോധന കേന്ദ്രം നടത്തിപ്പുകാർക്ക് കൂടുതൽ ലാഭം കിട്ടുമായിരുന്നു. ചില അഴിമതികൾ ചില ഉദ്യോഗസ്ഥർ നടത്തിയതിന്റെ ഭാഗമാണ് ഈ തീരുമാനം എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതാണ് തിരുത്തിയത്. ഇതിനൊപ്പം മോട്ടോർ വാഹന വകുപ്പിലെ സ്ഥലം മാറ്റവും മരവിപ്പിച്ചു. പുതിയ മന്ത്രി എത്തുന്നതിന് തൊട്ടു മുമ്പ് ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഇതിനൊപ്പമാണ് പുകപരിശോധനയിലെ തിരുത്ത്. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു. കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് നേരത്തെ തീരുമാനമെടുത്തത്.

പുകപരിശോധാകേന്ദ്ര നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടിയെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. ബി.എസ്. 4 ഇരുചക്ര മുച്ചക്ര വിഭാഗത്തിൽ സംസ്ഥാനത്ത് അഞ്ചുലക്ഷം വാഹനങ്ങളുണ്ട്. ഹൈക്കോടതി ഇടപെടൽ ഇക്കാര്യത്തിൽ നിർണ്ണായകമായി. പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വർഷം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് ഹൈക്കോടതി നവംബറിൽ തന്നെ വിശദീകരിച്ചിരുന്നു. ഈ നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റർചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന വാഹനത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം മതിയെന്ന് സബ് റൂളിൽ പറയുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഏറെയാണ്. പുക പരിശോധനാ സെന്ററുകൾക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ എന്ന് മുമ്പുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷൻ) ആറുമാസമായി ഉയർത്തിയതുമായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്.

1989-ലെ കേന്ദ്ര മോട്ടോർവാഹനചട്ടം 115 (7) മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു വിലയിരുത്തലുകൾ. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നൽകിയ നിവേദനത്തിലാണ് മന്ത്രി അത്തരത്തിലുള്ള തീരുമാനം എടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവഴി ബി.എസ് 4-ൽപ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങൾ ഇനിമുതൽ വർഷത്തിൽ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നായിരുന്നു സൂചന. വാഹനങ്ങളുടെ പുക പരിശോധനാനിരക്ക് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് അടുത്തിടെ വിവരങ്ങൾ നൽകിയിരുന്നു. ഇതിനൊപ്പമാണ് ബി.എസ്-4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി കുറച്ചതും.