ലണ്ടൻ: ഇതൊരു ബ്രിട്ടണിലെ ചേരിയുടെ കഥയാണ്. മൂന്നാം ലോകരാജ്യങ്ങളിലെ ചേരികളേക്കാൾ വൃത്തിഹീനവും അപകടകരവുമായ ഹൗസിങ് എസ്റ്റേറ്റ് പടിഞ്ഞാറൻ ലണ്ടനിലാണുള്ളത്. ഗ്യാങ്വാറും വേശ്യാവൃത്തിയും കൊലപാതക ശ്രമങ്ങളും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ഇവിടെ ആളുകൾ ജീവിക്കുന്നത് പ്രാണഭയത്താലും.

താത്ക്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകളെ പുനരധിവസിപ്പിക്കും എന്ന് പറയുമ്പോഴും അത് ഇനിയു ംമാസങ്ങൾ നീളുമെന്നാണ് പറയുന്നത്. എന്നാൽ, അവിടത്തെ താമസക്കാരാണെങ്കിൽ എങ്ങനെയെങ്കിലും അവിടം വിട്ടു പോയാൽ മതി എന്ന ചിന്തയിലും. പടിഞ്ഞാറൻ ലണ്ടന്നിലെ ആക്ടണിലുള്ള മീത് കോർട്ട് എസ്റ്റേറ്റിലെ കാര്യമാണിത്. അക്ഷരാർത്ഥത്തിൽ ഒരു നരകമാണിതെന്ന് അവർ പറയുന്നു.

ഈ വർഷം അവസാനത്തോടെ അവരെ പുനരധിവസിപ്പിക്കും എന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, അടുത്ത വർഷം ജൂൺ മാസത്തിന് മുൻപായി അത് നടക്കാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്ന വിവരം. പുനരധിവാസത്തിന്റെ കാര്യത്തിൽ തങ്ങൾ ബദ്ധശ്രദ്ധരാണ് എന്നാണ് ഈ പ്രദേശം ഉൾപ്പെടുന്ന, ലേബർ പാർട്ടി ഭരിക്കുന്ന ഈലിങ് കൗൺസിൽ പറയുന്നത്. എന്നാൽ, ഏത് സമയവും കൊലപാതകം വരെ സംഭവിച്ചേക്കാം എന്ന് ഭയന്നാണ് ഇവിടെ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

ബ്രിട്ടനിൽ ജീവിക്കുവാൻ ഏറ്റവും മോശമായ സ്ഥലമാണിതെന്ന് പറഞ്ഞ പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞത് താൻ ഏത് സമയവും കൊല്ലപ്പെട്ടേക്കും എന്ന് ഭയക്കുന്നു എന്നായിരുന്നു. മൂന്നാം ലോക രാജ്യങ്ങളേക്കാൾ പരിതാപകരമാണ് അവസ്ഥ എന്നും അവർ പറയുന്നു. ഷിപ്പിങ് കൺടെയ്നർ കൊണ്ട് നിർമ്മിച്ച താത്ക്കാലിക വീടുകളിൽ താമസിക്കുന്നവർ തങ്ങളുടെ വീടുകൾ വരെ ഏത് നിമിഷവും തുരുമ്പെടുത്ത് വീണേക്കാം എന്ന ഭയത്തിലുമാണ്.

കൊലപാതക ശ്രമങ്ങളും, ലൈംഗിക പീഡനവുമെല്ലാം തുടർക്കഥയാകുന്ന ഈ പ്രദേശത്ത് അക്രമവും വേശ്യാവൃത്തിയും മയക്കുമരുന്ന് വിൽപനയുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ഒരു താവളമായി മാറിക്കഴിഞ്ഞ ഇവിടെ ഓരോ നിമിഷവും ഭയന്നാണ് ആളുകൾ ജീവിക്കുന്നത്. പുതിയ വീട്ടിലേക്ക് പുനരധിവസിപ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിൽ പലരും അസ്വസ്ഥരാണ്. പുനരധിവാസം സാധ്യമാകുന്നതിന് മുൻപ് തന്നെ കൊല്ലപ്പെടുമോ എന്ന് ഭയന്ന് ജീവിക്കുന്നവരാണ് ഏറെയും.

മൂന്നാം ലോക രാജ്യങ്ങളിലെ ചേരികളേക്കാൾ കഷ്ടമായ ഈ പ്രദേശത്തു നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വെമ്പൽ കൊള്ളുകയാണ് ഇവിടെ താമസിക്കുന്നവർ. കൗൺസിൽ, പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷയിലാണവർ.