- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാത്രി 8ന് ഹോട്ടലുകളും കൂൾബാറുകളും അടയ്ക്കണം'; 'അച്ചടി പിശകാവാ'മെന്ന് വിവാദ ഉത്തരവിൽ മറുപടി; പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പൊലീസ്; അരീക്കോട്ടും പുതുവർഷം ആഘോഷിക്കാം; നിയന്ത്രണം രാത്രി പത്തിന് ശേഷം

കോഴിക്കോട്: പുതുവർഷ ആഘോഷത്തോട് അനുബന്ധിച്ച് അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് വിവാദമായതോടെ വിചിത്രമായ ഉത്തരവ് പിൻവലിച്ചു. നോട്ടീസിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മേഖലയിൽ ആഘോഷമാകാമെന്നു പൊലീസ് വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ടർഫുകൾ, ബോട്ടുകൾ എന്നിവ നേരത്തെ അടയ്ക്കുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് നൽകിയ നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയത്. പുതുവർഷത്തലേന്ന് സ്ഥാപനങ്ങൾ എട്ടുമണിക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിക്കുന്ന തരത്തിലുള്ള നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതും വിമർശിക്കപ്പെട്ടതും.
അരീക്കോട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ പേരിലുള്ളതാണ് നോട്ടീസ്. ഹോട്ടലുകളും കുൾബാറുകളും എട്ടു മണിക്ക് അടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. റിസോർട്ടുകളിൽ പുതുവർഷത്തലേന്ന് ഡി.ജെ. പരിപാടികൾ, ക്യാമ്പ് ഫയറുകൾ എന്നിവ അനുവദിക്കുന്നതല്ല. എട്ടു മണിക്കുശേഷം പുതിയ സന്ദർശകരെ സ്വീകരിക്കാൻ പാടില്ല. ടർഫ് ഗ്രൗണ്ടുകൾ കൃത്യം എട്ടുമണിക്ക് അടച്ചിരിക്കണമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു.

ബോട്ടു സർവീസും പടക്കക്കടകളും അഞ്ച് മണിക്ക് അടച്ചിരിക്കണമെന്നാണ് നിർദ്ദേശം. പുതുവർഷത്തെ സമാധാനപരമായി വരവേൽക്കുന്നതിന് ഞായറാഴ്ച മേൽപ്പറഞ്ഞ സ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നാണ് ഉടമകളെ അറിയിച്ചത്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കാതിരിക്കുകയും കടയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ അതിന്റെ ഉത്തരവാദി കടയുടമയായിരിക്കുമെന്നും നോട്ടീസിലുണ്ട്. സി.ആർ.പി.സി. 149 പ്രകാരമായിരിക്കും നടപടിയെന്നും മുന്നറിയിപ്പ് നൽകി.
കോഗ്‌നിസിബിൾ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന് അധികാരം നൽകുന്ന വകുപ്പാണ് സി.ആർ.പി.സിയുടെ 149. പുതുവർഷ തലേന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ വകുപ്പ് ഉപയോഗിക്കുന്നത് അധികാരപരിധിക്ക് പുറത്താണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നോട്ടീസിലെ സമയം അച്ചടി പിശകാവാമെന്നാണ് പൊലീസ് ഭാഷ്യം. പത്ത് മണിക്കുശേഷമാണ് നിയന്ത്രണമെന്നും അരീക്കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്.
ഹോട്ടലുകൾ, കൂൾബാർ, ടർഫ് ഗ്രൗണ്ടുകൾ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കാമെന്നു പൊലീസ് പറഞ്ഞു. ഇവയെല്ലാം രാത്രി 8ന് അടയ്ക്കണം എന്നായിരുന്നു ആദ്യ ഉത്തരവിൽ പൊലീസ് നിർദ്ദേശിച്ചത്. ഡിജെ പരിപാടികൾ, ക്യാംപ് ഫയർ തുടങ്ങിയവ അനുവദിക്കില്ലെന്നും ബോട്ട് സർവീസ് വൈകിട്ട് 5ന് നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും പരിഹാസവും ഉയർതോടെയാണു തിരുത്തൽ നടപടി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണു വിവാദ ഉത്തരവ് പിൻവലിച്ചത്. രാത്രി 10 വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് പൊലീസ് ഇൻസ്പക്ടറോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണു പൊലീസിന്റെ വിശദീകരണം.
പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിർദ്ദേശവുമായി പൊലീസും എക്‌സൈസും രംഗത്തെത്തിയിരുന്നു. D J പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും മുൻ കൂട്ടി എക്‌സൈസിന്റെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്‌സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം


