കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പാപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ് എഫ് ഐയുടെ പ്രതിഷേധം. ഗവർണർക്കെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് പുതുവർഷ രാവിലും കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കി കത്തിച്ചത്. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധം എസ് എസ് ഐ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിൽ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കോലം കത്തിച്ചത്.

കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. ബീച്ചിൽ പുതുവർഷം ആഘോഷിക്കാനായി നിരവധി പേർ എത്തിയിട്ടുണ്ട്. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ. ദിവസങ്ങളായി സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയർത്തുന്നത്. സർവ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ എസ് എഫ് ഐ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് മാറ്റിയിരുന്നു. പാളയം വഴിയുള്ള സ്ഥിരം വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഗവർണർ വിമാനത്താവളത്തിലെത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റിയത്.

എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ തെരുവിൽ ഇറങ്ങി ഗവർണർ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ, വ്യാഴാഴ്ച ഡൽഹിയിൽനിന്നും കേരളത്തിലെത്തിയ ഗവർണർക്കുനേരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേന്നും തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ കാട്ടിയ പിണക്കത്തിനു പിന്നിൽ ഇതാണെന്നു സൂചനയുണ്ട്. സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഏതാനും ദിവസത്തേക്കെങ്കിലും പ്രതിഷേധം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഡൽഹിയിൽ നിന്നു ഗവർണർ തിരുവനന്തപുരത്തെത്തിയത്.

സത്യപ്രതിജ്ഞ ശാന്തമായി നടക്കേണ്ടതിനാൽ തൽക്കാലം വെടിനിർത്തൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ തലേന്നു രാത്രി എത്തിയ ഗവർണറെ എകെജി സെന്ററിനു സമീപം എസ്എഫ്ഐ കരിങ്കൊടി കാട്ടി. ഇതുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മിനിറ്റുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്.

വിമാനത്താവളത്തിലേക്കുള്ള റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആണെന്നും തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ഇതേക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. പ്രതിഷേധിക്കുന്നവർക്ക് തുടരാം, തന്റെ വാഹനത്തിനു നേരെ പ്രതിഷേധമെത്തിയാൽ ഇനിയും പുറത്തിറങ്ങി പ്രതികരിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ റദ്ദാക്കാൻ നിരവധി തവണ പറഞ്ഞതാണെന്നും ഗവർണർ പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരെയും അഭിവാദ്യം ചെയ്തിരുന്നുവെന്നും ഗവർണർ പറഞ്ഞു.

രണ്ട് വർഷം പേഴ്‌സണൽ സ്റ്റാഫായവർ പോലും പെൻഷൻ വാങ്ങുകയാണ്. എന്നാൽ 35 വർഷത്തെ സർവ്വീസുള്ളവർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.