ന്യൂഡൽഹി: ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ചു ആഴ്ചകളായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രാതിർത്തിയിലെ സുരക്ഷാസംവിധാനം കൂടുതൽ ശക്തമാക്കി ഇന്ത്യൻ നാവികസേന. അറബിക്കടലിലും ഏഡൻ ഉൾക്കടലിലുമായി അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും നാവികസേന കൂടുതലായി വിന്യസിച്ചു കഴിഞ്ഞു. നാല് ഡിസ്ട്രോയർ, ഒരു ഫ്രിഗേറ്റ് കപ്പലുകളും ഒരു പി-81 ലോങ് റേഞ്ച് പട്രോൾ വിമാനവുമാണ് നാവികസേന വിന്യസിച്ചിട്ടുള്ളത്.

രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകളുടെ സുരക്ഷിതത്വം പരിഗണിച്ച് മധ്യവടക്കൻ അറബിക്കടലിലും ഏദൻ ഉൾക്കടലിലുമാണ് ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കിയത്. സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചു. അടുത്തിടെ മാർട്ടീസ്, ലെബനീസ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നീക്കം.

അറബിക്കടലിൽ നിരീക്ഷണത്തിനായി പ്രിഡേറ്റർ ഡ്രോൺ വിന്യസിച്ചതായി നാവികസേന വക്താക്കളിൽനിന്ന് വിവരം ലഭിച്ചതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കൂടാതെ നിരീക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഡ്രോണിയറും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെ അടിക്കടിയുണ്ടായ ആക്രമണങ്ങളെ തുടർന്നാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നത്.

ഡിയ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റും സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ.

ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളുടെ നിരയിലേക്ക് ഡിസംബർ 26ന് പുതിയൊരു കപ്പൽ കൂടി-ഐഎൻഎസ് മൊർമുഗാവ്- നാവികസേനയുടെ കരുത്തിനായി എത്തിയിട്ടുണ്ട്. അറബിക്കടലിലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് എംവി ചെം പ്ലൂട്ടോഎന്ന ഓയിൽ ടാങ്കറിന് നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഈ മേഖലയിൽ ഐഎൻഎസ് മൊർമുഗാവിനെ കൂടി വിന്യസിച്ചത്. ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി മറ്റ് ദേശീയ ഏജൻസികളുമായി നിരീക്ഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ നാവികസേന സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.

ആളില്ലാ വിമാനം (യുഎവി), മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ദീർഘദൂര മാരിടൈം എയർക്രാഫ്റ്റ് എന്നിവയും വിന്യസിച്ചതായി നാവികസേന അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കോസ്റ്റ് ഗാർഡുമായി അടുത്തു പ്രവർത്തിക്കുന്നതായും സേന വ്യക്തമാക്കി.

രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിരവധിതവണ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു നാവികസേന സുരക്ഷ കർശനമാക്കിയത്. ഇന്ത്യൻ തീരത്തുനിന്നും 700 നോട്ടിക്കൽ മൈൽ ദൂരത്ത് എംവി റൂവനു നേരെയും അറബിക്കടലിൽ എംവി കെം പ്ലൂട്ടോയ്ക്കു നേരെയുമുണ്ടായ ആക്രമണം കണക്കിലെടുത്താണ് നടപടി.