ചെന്നൈ: പുതുവത്സര ദിനത്തിൽ രാജ്യത്തിന്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആർഒ പുതുവർഷത്തെ വരവേൽക്കുന്നത്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 9.10നാണ് വിക്ഷേപണം.

തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്‌സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. എക്‌സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്‌ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. ചില സർപ്രൈസുകളും ഇസ്രൊ കാത്തുവെച്ചിട്ടുണ്ട്.

പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റിൽ ഉള്ളത്. ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്‌സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്‌സ്‌പോസാറ്റിന്റെ പ്രവർത്തന കാലാവധി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്.

ഇതുവരെ 59 പിഎസ്എൽവി റോക്കറ്റുകൾ വിക്ഷേപിച്ചതിൽ 57 വിജയകരമാണെന്നും നാളെ വിക്ഷേപിക്കുന്നത് 60ാമത്തെയാണെന്നും എൽപിഎസ് സി മേധാവി ഡോ. വി നാരായണൻ പറഞ്ഞു. എക്‌സ്‌പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി പൂർത്തിയാകില്ല. പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും.

തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിക്ഷേപണം തിങ്കളാഴ്ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി സി-58 പറന്നുയരും.

പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിക്കും. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച 'വി-സാറ്റ്' ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്. തിരുവനന്തപുരം വി എസ്എസ്‌സിയും എൽപിഎസ്‌സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം. പുതു വർഷത്തിൽ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജിഎസ്എൽവി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.

തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും പഠിക്കുകയെന്നതാണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അഞ്ചു വർഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്‌സ്, എക്‌സ്‌പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്‌സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. 2021 ൽ നാസ എക്‌സ്റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.

ലോകത്തിനു മുന്നിൽ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ 3, സൗരദൗത്യമായ ആദിത്യ എൽ1 എന്നിവയ്ക്കു പിന്നാലെയാണു തമോഗർത്തങ്ങളിലേക്ക് ഐഎസ്ആർഒ നോട്ടമിടുന്നത്. ചന്ദ്രയാൻ 3 ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 'ശിവശക്തി പോയിന്റിൽ' സോഫ്റ്റ്‌ലാൻഡിങ് നടത്തി.

സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പും പുരോഗമിക്കുകയാണ്.