- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024നെ ആഘോഷത്തോടെ വരവേറ്റ് ലോകം; പുതുവത്സരാഘോഷ ലഹരിയിൽ നാടെങ്ങും; കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ചകൾ; ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്; പിന്നാലെ ന്യൂസീലൻഡും ഓസ്ട്രേലിയയും; ഡൽഹിയിലും മുംബൈയിലുമടക്കം രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ; ഫോർട്ട് കൊച്ചിയിൽ ജനസാഗരം
ന്യൂഡൽഹി: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകജനത. ലോകരാജ്യങ്ങളിലെ വൻനഗരങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമർന്ന് ലോകമെങ്ങും ന്യൂഇയർ ആഘോഷത്തിൽ ആറാടുമ്പോൾ ഇന്ത്യയിലെ വിവിധ നഗരങ്ങളും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങൾ ഏറ്റെടുക്കുകയാണ്.
പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് 2024നെ ആദ്യം വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണു പുതുവർഷമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്.
സിഡ്നിയിലും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ചകളായിരുന്നു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാർബർ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങൾ.
പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സരത്തെ തൊട്ടറിഞ്ഞു. വമ്പൻ വെടിമരുന്ന് പ്രയോഗത്തോടെയാണ് ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെ ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ആറരയോടെ ഓസ്‌ട്രേലിയയിലും പുതുവർഷമെത്തി. ഇന്ത്യൻ സമയം ഒന്പതരയോടെ ചൈനയും പുതുവർഷത്തിലേക്ക് കടന്നു. തായ് ലാൻഡിലും പുതുവർഷമെത്തി.
ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാരിക്കും യുകെയിലെ പുതുവർഷാഘോഷം. ഇന്ത്യൻ സമയം രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. മരുഭൂമിയിൽ ടെന്റ് ഉൾപ്പടെ ഒരുക്കി, മണിക്കൂറുകൾ മുൻപേ തന്നെ പ്രവാസി മലയാളികളുടെ ന്യൂഇയർ ആഘോഷം തുടങ്ങി.
പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.
പലയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ന്യൂസീലൻഡിലെ ഓക്ലൻഡിലെയും വെല്ലിങ്ടനിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. സെൻട്രൽ ഓക്ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷത്തെ വരേവൽക്കാനായി എത്തി.
പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.
കേരളത്തിലും നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിർപ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമർന്നു. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തിൽ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീർത്തിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പൊലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികൾ പുരോഗമിക്കുകയാണ്.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞു. പാട്ടും ഡാൻസുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങൾ. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാൽ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളിൽ പങ്കുചേർന്നുമാണ് ആളുകൾ പുതുവർഷത്തെ വരവേൽക്കുന്നത്.
ആഭ്യന്തര-വിദേശ സഞ്ചാരികളാണ് ആയിരങ്ങളാണ് കോവളത്ത് പുതുവർഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ