ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുസു നഗരത്തിൽ സൂനാമിത്തിരകൾ അടിച്ചതായും റിപ്പോർട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. ജപ്പാൻ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറി. ആണവനിലയങ്ങളിൽ എന്തെങ്കിലും തകരാറുകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടർന്ന് വിവിധയിടങ്ങളിൽ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ഒഹിയിലെ കാൻസായി ഇലക്ട്രിക് പവറിലെയും ഫുക്കുയ് മേഖലയിലെ തകഹാമ പ്ലാന്റിലെയും അഞ്ച് സജീവ റിയാക്ടറുകൾ ഉൾപ്പെടെയാണിത്. ഇഷികാവയിലെ ഹൊക്കുരിക്കുസ് ഷിക പ്ലാന്റിലെ രണ്ട് റിയാക്ടറുകൾ ഭൂചലനം ഉണ്ടാകുന്നതിനു മുൻപ് പരിശോധനകൾക്കായി നിർത്തിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്കു മാറാൻ അധികൃതർ മുന്നറിയിപ്പു നൽകി. സർക്കാർ മാധ്യമങ്ങൾ വഴിയാണ് അറിയിപ്പ് നൽകിയത്. ജപ്പാൻ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 300 കിലോമീറ്റർ വരെ സൂനാമിത്തിരകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയിൽ 1.2 മീറ്റർ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നോട്ടോയിൽ അഞ്ച് മീറ്റർ വരെ ഉയരമുള്ള രാക്ഷസത്തിരമാലകൾ അടിക്കുമെന്നാണ് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി വ്യക്തമാക്കുന്നത്.

പലയിടങ്ങളിലും കിട്ടിയതെല്ലാം വാരിപ്പെരുക്കി ആളുകൾ സുരക്ഷിതമായി ഇടംതേടി പലായനം ചെയ്യുകയാണ്. ഫുക്കുയി, നോർതേൺ ഹൊയ്ഗോ, ഹൊക്കായ്ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളൽ അതിശക്തമായ തിരയടിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ജപ്പാനിൽ ഭൂചലനം ഉണ്ടായ സാഹചര്യത്തിൽ ദക്ഷിണ കൊറിയ സമുദ്രനിരപ്പ് നിരീക്ഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കിഴക്കൻ റഷ്യൻ പ്രദേശങ്ങളായ വ്ളാഡിവോസ്റ്റോക്ക്, നഖോഡ്ക, സഖാലിൻ ദ്വീപുകൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാൻ കടലിന് സമീപത്താണീ പ്രദേശങ്ങൾ.