തിരുവനന്തപുരം: നാല് പതിറ്റാണ്ടോളം കാലം മലയാളികളുടെ സ്വീകരണമുറിയിൽ വാർത്ത അവതാരകയായി നിറഞ്ഞുനിന്ന ഹേമലത ദൂരദർശന്റെ പടിയിറങ്ങി. ഇന്നലെ വൈകിട്ട് ഏഴ് മണിക്കുള്ള ബുള്ളറ്റിൻ അവതരിപ്പിച്ചാണ് അവർ ദൂരദർശനിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. റീഡർ ആയി തുടങ്ങിയ ഹേമലത, വാർത്ത വായിച്ച് തന്നെ പടിയിറങ്ങാം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു വിടവാങ്ങൽ രീതി തിരഞ്ഞെടുത്തത്. അസി ന്യൂസ് എഡിറ്ററായാണ് ഹേമലത 39 വർഷം നീണ്ട കരിയർ പൂർത്തിയാക്കുന്നത്.

സ്വകാര്യ ചാനലുകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദർശനിൽ ദിനംപ്രതി പ്രേക്ഷകർ കണ്ട് പരിചയിച്ച ഹേമലത, പുതുതലമുറയുടെ റോൾമോഡലായാണ് കരിയർ പൂർത്തിയാക്കുന്നത്. വാർത്ത വായിക്കുവാനായി ഹേമലത എത്തുമ്പോൾ മുൻഅനുഭവങ്ങളോ റോൾ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1985 ജനുവരി രണ്ട് മുതലാണ് തിരുവനന്തപുരം ദൂരദർശനിൽ മലയാളം വാർത്തകൾ ആരംഭിക്കുന്നത്. അതേ വർഷം തന്നെയാണ് ഹേമലത ദൂരദർശനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാളം ചാനലിലെ രണ്ടാമത് ലൈവ് വാർത്ത അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഹേമലതയ്ക്കാണ്. ഹേമലത അടങ്ങുന്ന ആദ്യ സംഘം പിൻഗാമികൾക്ക് റോൾമോഡലുകളായി മാറുകയായിരുന്നു.

ആദ്യമായി മലയാളത്തിൽ വാർത്തകൾ വായിച്ചത് ജി.ആർ കണ്ണൻ എന്ന അവതാരകനായിരുന്നു. ജി.ആർ കണ്ണന്റെ ഭാര്യയാണ് ഹേമലത. 1985-ൽ ദൂരദർശൻ മലയാളം തുടങ്ങിയപ്പോൾ രണ്ടാമത് ലൈവ് വാർത്തയാണ് ഹേമലത വായിച്ചത്. ആദ്യ വാർത്ത വായിച്ചത് ഹേമലതയുടെ ഭർത്താവ് ജി.ആർ.കണ്ണനായിരുന്നു. പ്രോഗ്രാം എക്‌സിക്യൂട്ടീവായാണ് ദൂരദർശനിൽ നിന്നും അദ്ദേഹം വിരമിച്ചത്. ഒരുപാട് ഗൃഹാതുര സ്മൃതികൾ ബാക്കിയാക്കി ഹേമലതയും പടിയിറങ്ങിയത്.

ഒരു ടെൻഷനുമില്ലാതെയാണ് ദൂരദർശൻ മലയാളത്തിന്റെ ആദ്യ ലൈവ് വാർത്ത വായിച്ചതെന്ന് ഹേമലത പറയുന്നു. "അനായാസം വായിച്ചുവെന്നാണ് അന്ന് ന്യൂസ് എഡിറ്റർ ആയിരുന്ന ചാമിയാരും പറഞ്ഞത്. രണ്ട് പേരാണ് സ്റ്റുഡിയോയിൽ എനിക്ക് മുന്നിലുള്ളത്. അതുകൊണ്ട് ടെൻഷൻ വന്നില്ല. ഇത്രയധികം ആളുകൾ കാണുന്നു എന്ന വിചാരവും മനസിൽ വന്നില്ല."-ഹേമലത പറയുന്നു.



ദൂരദർശൻ കാലത്തെക്കുറിച്ച് ഹേമലത പറയുന്നത് ഇങ്ങനെ: "വളരെ സന്തോഷത്തോടെ, അഭിമാനത്തോടെയാണ് ഈ പടിയിറക്കം. ലൈവ് ബുള്ളറ്റിനുകളുടെ പൊടിപൂരമായിരുന്നു. എല്ലാം ലൈവ് മാത്രം. എത്രയോ വാർത്തകൾ വായിച്ചു. എത്രയോ അനുഭവങ്ങൾ. ബർലിൻ മതിൽ പൊളിച്ച വാർത്ത, വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയുടെ മോചനം. ഇതെല്ലാം ഡിഡിയിലൂടെ മലയാളികളെ അറിയിച്ചു.

കല്ലും മുള്ളുമില്ലാത്ത യാത്രയായിരുന്നില്ല. പക്ഷെ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് തന്നെ പോയി. പക്ഷെ എത്രയോ നല്ല ഓർമ്മകളും ഒപ്പമുണ്ട്. അസി.ന്യൂസ് എഡിറ്റർ ആയപ്പോൾ വാർത്തകളുടെ എണ്ണം കുറച്ചു. ഞാൻ ചെയ്ത പല അഭിമുഖങ്ങളും ഇന്നും സോഷ്യൽ മീഡിയകളിലുണ്ട്. അതിലെല്ലാം ഇപ്പോഴും ആളുകൾ കമന്റ് ചെയ്യുന്നു. അവരെല്ലാം ഇപ്പോഴും ഓർമ്മിക്കുന്നു. നിറഞ്ഞ സന്തോഷമുണ്ട്.

1984 ഒക്ടോബറിലാണ് ഡിഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കുന്നത്. പിന്നെ പരിശീലനമായിരുന്നു. അന്ന് ഡിഡിക്ക് ന്യൂസ് എഡിറ്റർ പോലുമുണ്ടായിരുന്നില്ല. മായ, അളകനന്ദ, ശ്രീകണ്ഠൻനായർ, അലക്‌സാണ്ടർ മാത്യു ഇവരോടെല്ലാം അടുപ്പമുണ്ടായിരുന്നു. പിന്നീട് ഓരോരുത്തരായി ദൂരദർശൻ വിട്ടു.

അച്ഛന്റെ നാട് കോട്ടയവും അമ്മയുടെ നാട് ചെങ്ങന്നൂരുമായിരുന്നു. അച്ഛൻ ദ്വാരകനാഥ്, അമ്മ ശാന്ത. അച്ഛൻ കെഎസ്ഇബി ടെക്‌നിക്കൽ ബോർഡ് മെമ്പർ ആയിരുന്നു. അതിനാൽ പല ജില്ലകളിലും താമസിച്ചു. ഒടുവിൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഭർത്താവ് കണ്ണൻ ഒപ്പമുണ്ട്. മകൾ പൂർണിമ എട്ട് വർഷത്തോളം റേഡിയോ മാംഗോ അവതാരകയായിരുന്നു-ഹേമലത പറയുന്നു. തിരുവനന്തപുരം കുടപ്പനകുന്നിലുള്ള ദൂരദർശൻ കേന്ദ്രത്തിന് അടുത്ത് തന്നെയാണ് കണ്ണനും ഹേമലതയും താമസിക്കുന്നത്.