ടോക്കിയോ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ അനുഭവപ്പെട്ടതിന് പിന്നാലെ ചെറിയ സുനാമിത്തിരകൾ തീരത്തടിച്ചതായി സൂചന. ജപ്പാനിൽ പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുനാമി സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ മേഖലയിൽ പ്രാദേശിക സമയം ഏകദേശം 4:10 ന് ആണ് ഭൂകമ്പമുണ്ടായത്.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ടോയാമ നഗരത്തിൽ ആഞ്ഞടിച്ച സുനാമിയുടെ ആദ്യ തിരമാലകൾ വ്യക്തമാണ്. 1.2 മീറ്റർ ഉയരത്തിൽ എത്തിയ തിരമാലകൾ ഇഷികാവ പ്രിഫെക്ചറിലെ വാജിമ തുറമുഖത്തെ അടിച്ചുവീഴ്‌ത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. യുഎസ് ജിയോളജിക്കൽ സർവേ നോട്ടോ മേഖലയിൽ ദ്രുതഗതിയിലുള്ള ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു.

റിക്ടർ സ്‌കെയിലിൽ 4.0 മുതൽ 7.6 വരെ രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെറിയ സുനാമി തിരകൾ ജപ്പാൻ തീരത്ത് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൂന്ന് മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമമായ എൻ.എച്ച്.കെ.റിപ്പോർട്ട് ചെയ്തു.

ടോയാമ, ഇഷികാവ, നിഗറ്റ എന്നീ പ്രദേശങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്തുള്ള പ്രദേശങ്ങളാണിവ. ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രത്തിന് ചുറ്റും ഏകദേശം 33,500 വീടുകളിൽ വൈദ്യുതി ഇല്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ആണവനിലയങ്ങളെ ഭൂചലനം ബാധിച്ചതായി റിപ്പോർട്ടില്ലെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിമാസ ഹയാഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, സുനാമിക്കുള്ള സാധ്യത മുന്നിൽ കണ്ട് തീരദേശത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലനത്തിൽ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാജിമ പ്രദേശത്ത് നിലത്ത് വിള്ളലുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, ഒരു വീട് തകർന്നതായും ഉള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുന്നതായും വാർത്താ ഏജൻസിയായ എ.പി.റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ദേശീയപാതയുടെ ചില ഭാഗങ്ങളും അടച്ചു. ജല പൈപ്പുകൾ പൊട്ടിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈകുന്നേരം 4:06 ന് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തോടെയാണ് പ്രകമ്പനം ആരംഭിച്ചത്. തുടർന്ന് 4:10 ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 4:18 ന് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 4:23 ന് 4.5 തീവ്രതയുള്ള ഭൂചലനം, 4:29 ന് 4.6 തീവ്രതയുള്ള ഭൂചലനം, 4:32 ന് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എന്നിങ്ങനെ തുടർചലനങ്ങൾ രേഖപ്പെടുത്തിയതോടെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഭൂകമ്പം ഇതിനകം തന്നെ സ്ഥിതിഗതികൾ കൂടുതൽ തീവ്രമാക്കിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഒന്നരമണിക്കൂറിനിടെ ചെറുതും വലുതുമായ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിൽ പരുക്കേറ്റ നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സുസു നഗരത്തിലും സൂനാമിത്തിരകൾ അടിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതാണ്ട് 36,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ട നിലയിലാണ്. പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറി ഗതാഗതം തടസപ്പെട്ടു. സുനാമിയുടെ പശ്ചാത്തലത്തിൽ ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ വരെ സുനാമിത്തിരകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇഷികാവയിലെ വാജിമ സിറ്റിയിൽ 1.2 മീറ്റർ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. കടൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനങ്ങൾക്കിടെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ഏതെങ്കിലും തരത്തിലുള്ള സഹായത്തിനും ദുരിതാശ്വാസത്തിനും ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി നമ്പറുകളും ഇമെയിൽ ഐഡികളും എംബസി പുറത്തുവിട്ടു.

മധ്യജപ്പാനിലെ തീരപ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനങ്ങളും ചെറിയ തരത്തിലുള്ള സുനാമിയും ഉണ്ടായത്. വലിയരീതിയിലുള്ള സുനാമിക്ക് സാധ്യകളുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ.

ഇന്ത്യൻ എംബസി പുറത്തുവിട്ട ഹൈൽപ്പ്ലൈൻ നമ്പറുകളും ഇ-മെയിൽ അഡ്രസ്സും

+81-80-3930-1715
+81-70-1492-0049 (Ajay Sethi)
+81-80-3214-4734 (DN Barnwal)
+81-80-6229-5382 (S Bhattacharya)
+81-80-3214-4722 (Vivek Rathee)
sscons.tokyo@mea.gov.in offfseco.tokyo@mea.gov.in