- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിൽ വീണ്ടും ഭൂചലനത്തിന് സാധ്യത
ടോക്യോ: പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായത് 155 ഭൂചലനങ്ങൾ. 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെയാണിത്. മറ്റുള്ളവ കൂടുതലും 3ൽ കൂടുതൽ തീവ്രതയുള്ളവയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഈ മേഖലലുണ്ടായ 90 ലധികം ഭൂചലനങ്ങളിൽ ഒന്നാണിതെന്ന് ജാപ്പനീസ് അധികൃതർ പറഞ്ഞു.
ഇഷികാവയിൽ തുടർ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പിന്റെ തീവ്രത കുറച്ചു. തീരമേഖലയിൽ നിന്ന് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിരുന്നു. അതേസമയം, തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുണ്ട്.
കടലോരമായ ഇഷികാവ പ്രിഫെക്ചറിലെ നോതോയിൽ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നുണ്ടായ (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഭൂകമ്പത്തിൽ 1.2 മീറ്റർ ഉയരത്തിൽ തിരമാലയടിച്ചു. ഭൂകമ്പമാപിനിയിൽ 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തിൽ വീടുകൾ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
അഞ്ചു മീറ്ററിലേറെ ഉയരത്തിൽ തിരമാലയടിക്കുന്ന വൻ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി ആദ്യം മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുൾപ്പെടെ ഒട്ടേറെ തുടർചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിൽ തുടർചലനങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇഷിക്കാവയിൽ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകർന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.
പുതുവത്സര ദിനത്തിൽ പ്രധാനമായും ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ ആഞ്ഞടിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടുകൾക്ക് ഉൾപ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ, വൈദ്യുതിയില്ലാതെ ഇരുട്ടിൽ ജനങ്ങൾ എന്നിങ്ങനെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിലെ 32,700 വീടുകളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങിയതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റർ (നാലടി) ഉയരമുള്ള തിരമാലകൾ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുശേഷം മുന്നറിയിപ്പ് പിൻവലിച്ചു. പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ആയിരത്തോളം പേർ സൈനിക താവളത്തിൽ താമസിക്കുന്നുണ്ട്.
ജപ്പാനിൽ നല്ല തണുത്ത കാലാവസ്ഥയാണിപ്പോൾ. വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങൾ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താൻ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.