കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. തന്റെ പരാമർശങ്ങൾക്കെതിരെ വൈദിക ശ്രേഷ്ഠർ ഉൾപ്പടെ രംഗത്തുവന്ന സാഹചര്യത്തിലാണ് പരാമർശം പിൻവലിക്കുന്നതെന്നും സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഞാൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്‌നത്തിൽ എന്റെ നിലപാടിൽ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശം വലിയതോതിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമർശങ്ങൾ പിൻവലിച്ചത്. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശിക്കപ്പെട്ട ഭാഗത്ത് കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പൂർ പ്രശ്‌നത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം. 2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

വർത്തമാനകാല ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയ ആധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം രാജ്യത്ത് 700 ഓളം വർഗീയ ആക്രമണങ്ങളാണ് ഉണ്ടായത്. ഒരുദിവസം ഏതാണ്ട് രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗത്തിന് നേരെ ആക്രണം ഉണ്ടാകുന്നതായാണ് റിപ്പോർട്ടിൽ കാണിക്കുന്നത്, ഇതിൽ 287 എണ്ണം യുപിയിലും 148 ഛത്തീസ്‌ഗഡിലും 49 എണ്ണം ഝാർഖണ്ഡിലും 47 എണ്ണം ഹരിയാനയിലും ആണ്. ഇവിടെയെല്ലം ഭരിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ 9 വർഷത്തെ ഭരണത്തിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം വർധിക്കുകയാണ്. ക്രൈസ്തവ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാമതാണ്. കഴിഞ്ഞ വർഷം മണിപ്പൂർ സംഘർഷമാണ്് ഇന്ത്യയെ പിടിച്ചുകുലുക്കിയത്. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, 200 ലധികം പേരാണ് അവിടെ മരിച്ചത്. പതിനായിരത്തിലധികം ആളുകളാണ് പലായനം ചെയ്തത്.

ഇവിടെ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും സംഘർഷം തുടരുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും അവിടെയൊന്ന് പോകാൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാർലമെന്റിൽ ഒരു പ്രസ്താവന പോലും അദ്ദേഹം നടത്തിയിട്ടില്ല. ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്.ക്രൈസ്തവർക്ക് മാത്രമല്ല മുസ്ലീങ്ങൾക്കെതിരെയും ഇത്തരത്തിൽ സംഘർഷം തുടരുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.

ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ സജി ചെറിയാനെതിരെ പ്രതിഷേധം ഉയരുന്നു സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നത്. പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ വിശദീകരണം നൽകണമെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കി.

സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ പ്രതികരിച്ചു. സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ല. ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ രംഗത്തെത്തി. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞിരുന്നു.