ടോക്യോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിൽ റൺവേയിൽ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാൻ എയർലൈൻസിന്റെ വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെയാണ് തീഗോളം ഉയരുന്നതും വിമാനത്തിലേക്ക് തീപടർന്നതും. അതേസമയം, കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് റിപ്പോർട്ടുകളുണ്ട്.

വിമാനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ തീഗോളം ഉയരുന്നതും പിന്നാലെ തീപടർന്ന വിമാനം റൺവേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം. വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ലാന്റിംഗിനിടെ ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അഗ്‌നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഹനേദ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോർട്ട്. വിമാനത്തിന്റെ ജനാലകളിൽ കൂടി തീനാളങ്ങൾ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഷിൻ ചിറ്റോസെയിൽനിന്ന് ഹാനഡയിലേക്ക് വന്ന ജെ.എ.എൽ. 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർബസ് എ350 ശ്രേണിയിൽപ്പെട്ട വിമാനമാണിത്. റൺവേയിൽ ഒന്നിലേറ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

ആളപായമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, യാത്രക്കാരും ജീവനക്കാരുമായി 400-ഓളം പേരുണ്ടായിരുന്നെന്നും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.