ടോക്കിയോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിൽ റൺവേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചുണ്ടാ അപകടത്തിൽ അഞ്ച് മരണം. ജപ്പാൻ എയർലൈൻസിന്റെ വിമാനം പൂർണ്ണമായും കത്തിയമർന്നു. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. യാത്രാ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരേയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു.

വിമാനം പൂർണമായും കത്തിയമരുന്നതിന് മുമ്പ് തന്നെ യാത്രക്കാരേയും ജീവനക്കാരേയും സമയംപാഴാക്കാതെ പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഷിൻ ചിറ്റോസെയിൽനിന്ന് ഹാനഡയിലേക്ക് വന്ന ജെ.എ.എൽ. 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർബസ് എ350 ശ്രേണിയിൽപ്പെട്ട വിമാനമാണിത്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിൽപെട്ടവർക്ക് സഹായവുമായി പോവുകയായിരുന്ന വിമാനമാണ് ജപ്പാൻ എയർലൈൻസ് വിമാനവുമായി കൂട്ടിയിടച്ചതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

പ്രദേശിക സമയം വൈകീട്ട് 5.47-ഓടെയാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷിച്ചു. മറ്റ് അഞ്ചുപേരെ കാണാനില്ലെന്നായിരുന്നു വിവരം. പിന്നീട് ഇവർ മരിച്ചുവെന്ന് ജപ്പാൻ ഗതാഗതമന്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്യുകയായിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റന് സാരമായി പരിക്കേറ്റിറ്റുണ്ട്.

യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ഇതിൽ എട്ട് കുട്ടികളും 12 ജീവനക്കാരും ഉൾപ്പെടും. അടിയന്തരവാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂർണമായി കത്തിയമർന്നുവെന്നാണ് റിപ്പോർട്ട്. കോസ്റ്റ് ഗാർഡ് വിമാനത്തിൽ യാത്ര ചെയ്ത ആറു പേരിൽ ഒരാളെ മാത്രമെ രക്ഷിക്കാനായുള്ളു.

അഗ്‌നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോർട്ട്. വിമാനത്തിന്റെ ജനാലകളിൽ കൂടി തീനാളങ്ങൾ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. പരിഭ്രാന്തരായ യാത്രക്കാർ റൺവേയിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഹൊക്കൈയ്ഡോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ജെഎഎൽ516 വിമാനത്തിൽ 379 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയിരുന്നുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലു മണിക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസ് വിമാനം മുൻ നിശ്ചയിച്ച പ്രകാരം 5.40ന് ഹനേഡ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. റൺവേ സിയിൽ വച്ചാണ് രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിന്റെ യഥാർഥ്യ കാരണങ്ങൾ ലഭ്യമല്ല. അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. ഹാനഡ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാർഡും അറിയിച്ചു.