- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിലെ റൺവേയിൽ വിമാനങ്ങളുടെ കൂട്ടയിടി
ടോക്യോ: പുതുവത്സരദിനത്തിൽ ഭൂകമ്പം ഭീതിവിതച്ച ജപ്പാനിൽ വിമാന ദുരന്തവും. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലെ ഹനേഡ വിമാനത്താവളത്തിലിറങ്ങിയ വിമാനം തീരരക്ഷാസേനയുടെ ചെറുവിമാനത്തിൽ ഇടിച്ച് തീപിടിച്ചു. 12 ജീവനക്കാരുൾപ്പെടെ 379 പേരുമായി വിമാനമാണ് റൺവേയിൽ വെച്ച് കൂട്ടിയിടിച്ചത്. ചെറുവിമാനത്തിലെ അഞ്ചു ജീവനക്കാർ മരിച്ചു. തീരരക്ഷാസേനയുടെ വിമാനത്തിലെ പൈലറ്റ് ഗുരുതരപരിക്കുകളോടെ രക്ഷപ്പെട്ടു. യാത്രാവിമാനത്തിലെ 379 പേരെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി.
പ്രാദേശികസമയം വൈകീട്ട് ആറോടെയായിരുന്നു(ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30) ജപ്പാൻ എയർലൈൻസ് വിമാനം അപകടത്തിൽപ്പെട്ടത്. തീ തോൽക്കും വിധം രക്ഷാപ്രവർത്തനം നടത്തിയതോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞു. 17 പേർക്ക് പരിക്കുണ്ട്. കോസ്റ്റ്ഗാർഡിന്റെ ബൊംബാർഡിയർ ഡാഷ് 8 വിമാനവുമായുള്ള കൂട്ടിയിടിയെത്തുടർന്നു ജപ്പാൻ എയർലൈൻസിന്റെ എയർബസ് എ350 യാത്രാവിമാനത്തിന്റെ ചിറകുഭാഗത്താണ് ആദ്യം തീപടർന്നത്. ഒരു മണിക്കൂറിനകം വിമാനം മുഴുവനും കത്തിയമർന്നു.
സമാനതകളില്ലാത്ത അദ്ത്ഭുത രക്ഷാപ്രവർത്തനമാണിതെന്ന് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. റൺവേയിൽ ഇറങ്ങിയപ്പോഴോ അതിനുശേഷം മുന്നോട്ടുനീങ്ങുമ്പോഴോ ആണ് തീരരക്ഷാസേനയുടെ ചെറുവിമാനവുമായി കൂട്ടിയിടിച്ചത്. ഭൂകമ്പത്തിൽ 48 പേർ മരിച്ച ഇഷികാവയിലേക്ക് ദുരിതാശ്വാസപ്രവർത്തനത്തിനായി പോവുകയായിരുന്നു സേനാവിമാനം.
ജപ്പാനിലെ സപോറയിൽനിന്ന് വൈകിട്ട് ആറോടെയാണു 367 യാത്രാക്കാരും 12 ജീവനക്കാരുമായി യാത്രാവിമാനം ഹാനഡയിലിറങ്ങിയത്. യാത്രക്കാരിൽ എട്ടുകുട്ടികളും ഉണ്ടായിരുന്നു. ഹനേഡ വിമാനത്താവളത്തിന്റെ റൺവേയിലിറങ്ങി മുന്നോട്ടുനീങ്ങുമ്പോഴാണ് വിമാനത്തിന്റെ അടിയിലും പിന്നിലുംനിന്ന് തീയും പുകയുമുയർന്നത്. വിമാനത്തിന്റെ അടിയന്തരരക്ഷാ വാതിലിലെ സ്ലൈഡിലൂടെ യാത്രക്കാർ തെന്നിയിറങ്ങി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒഴിപ്പിക്കുന്നതിനിടെ 17 പേർക്കു പരുക്കേറ്റു. പിന്നാലെ ഒട്ടേറെ അഗ്നിരക്ഷാവാഹനങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഭൂകമ്പ ദുരിതബാധിതർക്കു സഹായവുമായി പോകാനെത്തിയതാണു കോസ്റ്റ് ഗാർഡ് വിമാനം. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേഡ. തീപ്പിടിത്തത്തെത്തുടർന്ന് ആഭ്യന്തരവിമാന സർവീസുകൾ നിർത്തിവെച്ചു. ഏതാനും മണിക്കൂറുകൾക്കുശേഷമാണ് പുനരാരംഭിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.
1985-ലാണ് ജപ്പാനിൽ വൻ വിമാനാപകടമുണ്ടായത്. ടോക്യോയിൽനിന്ന് ഒസാക്കയിലേക്കു പോയ ജെ.എ.എൽ. വിമാനം ഗുന്മയിൽ തകർന്നുവീണ് യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 520 പേർ അന്നു മരിച്ചു.