- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
കൊല്ലം: കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കൗമാര കലോത്സവത്തിന്റെ അഞ്ച് നാളുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനായി കൊല്ലം നഗരം ഒരുങ്ങി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കുക. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും.
തിരുവിതാംകൂറിൽ ആദ്യമായി വിമാനം പറന്നിറങ്ങിയ ആശ്രാമം മൈതാനത്താണ് സ്കൂൾ കലോത്സവത്തിന് അരങ്ങുണരുന്നത്. ഇനിയുള്ള അഞ്ച് നാളുകൾ കൊല്ലം നഗരത്തിലും ചുറ്റുവട്ടങ്ങളിമുള്ള 24 വേദികളിൽ കലാകേരളം ഒത്തുചേരും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ വേദികളിൽ മത്സരങ്ങൾ തുടങ്ങും. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ച് ദിവസങ്ങളിലായി വിവിധ വേദികളിൽ എത്തും. സാംസ്കാരികനായകരുടെ പേരാണ് വേദികൾക്ക് നൽകിയിട്ടുള്ളത്.
കൊല്ലം ഗവ. എൽ.പി.സ്കൂളിൽ രജിസ്ട്രേഷൻ നടപടികൾ തുടരുകയാണ്. കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്കാനുള്ള സ്വർണ്ണക്കപ്പിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലാ അതിർത്തിയായ കുളക്കടയിൽ വെച്ച് വരവേല്പ് നല്കി. മത്സരവിജയികൾക്കും പങ്കെടുക്കുന്നവർക്കും നൽകാനുള്ള 12,000 പുതിയ ട്രോഫികൾ രാത്രിയോടെ തൃശ്ശൂരിൽ നിന്ന് കൊല്ലത്ത് എത്തിച്ചിരുന്നു.
മത്സരാർത്ഥികൾക്ക് കൊല്ലം നഗരത്തിലെ 23 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാൻ 30 സ്കൂൾ ബസുകൾ കലോത്സവ വാഹനങ്ങളാക്കി സംഘാടകർ ഓടിക്കുന്നുണ്ട്. വേദികൾക്ക് സമീപം ഓരോ ജില്ലകളിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചാണ് പാർക്കിങ് സ്ഥലം നിശ്ചയിച്ച് നൽകുന്നത്.
തീവണ്ടിമാർഗം എത്തുന്ന വിദ്യാർത്ഥികള്ക്ക് വേദികൾ, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകാൻ റെയിൽവേ സ്റ്റേഷനിൽ ഹെല്പ് ഡെസ്കും പ്രവർത്തിക്കും.കൊല്ലം ക്രേവൻ സ്കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിക്കലവറയും തയ്യാറായിരിക്കുകയാണ്. പ്രഭാതഭക്ഷണമടക്കം ഒരു ദിവസം 35,000 പേർക്ക് ഭക്ഷണമൊരുക്കാനുള്ള പഴയിടത്തിന്റെ രുചിയിടമാണ് സജ്ജമായിരിക്കുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവാത്തിന് മത്സരാർഥികളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സർവീസിന്റെ ഉദ്ഘാടനം ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്നും ക്രേവൻ എൽ എം എസ്. ഹൈസ്കൂളിലേക്ക് ഓട്ടോയിൽ സഞ്ചരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത് .
ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 ഓട്ടോകളാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് സേവനം. താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കുമാണ് സേവനം ലഭ്യമാവുക.
കൗമാര കലോത്സവ മികവിന്റെ അഭിമാനസാക്ഷ്യമായ സ്വർണ കപ്പ് കൊല്ലത്തെത്തി. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച് വിവിധ ജില്ലകളിലെ ആയിരങ്ങളുടെ കാഴ്ചനിറവായി മാറിയ അംഗീകാരമുദ്രയായ കപ്പ് ജില്ലാതിർത്തിയായ ഏനാത്ത് നിന്നാണ് ഏറ്റുവാങ്ങിയത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എന് ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർക്കൊപ്പമാണ് കപ്പ് സ്വീകരിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ലൈറ്റ്സ് ആന്ഡ് സൗണ്ട്സിന്റെ സ്വിച്ച് ഓണ് കർമം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ എം മുകേഷ് എം എൽ എ അധ്യക്ഷനായി.
ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്രതാരം നിഖില വിമൽ ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേശ് കുമാർ, മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.
ആകെ 24 വേദികൾ
വേദി 1- ഒഎൻവി സ്മൃതി - ആശ്രാമം മൈതാനം
വേദി 2- ഒ മാധവൻ സ്മൃതി - സോപാനം ഓഡിറ്റോറിയം
വേദി 3- ഭരത് മുരളി സ്മൃതി - സിഎസ്ഐ കൺവെൻഷൻ സെന്റർ
വേദി 4- ജയൻ സ്മൃതി - സി കേശവൻ മെമോറിയൽ ടൗൺ ഹാൾ
വേദി 5- ലളിതാംബികാ അന്തർജനം സ്മൃതി - എസ്എൻ ഓഡിറ്റോറിയം
വേദി 6- തിരുനല്ലൂർ കരുണാകരൻ സ്മൃതി - വിമലഹൃദയ ഗേൾസ് എച്ച്എസ്എസ്
വേദി 7- കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി - ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം
വേദി 8- വി സാംബശിവൻ സ്മൃതി - ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം
വേദി 9- ചവറ പാറുക്കുട്ടി സ്മൃതി - ഗവ. ഗേൾസ് എച്ച്എസ്, കൊല്ലം
വേദി 10- തേവർതോട്ടം സുകുമാരൻ സ്മൃതി (അറബിക് കലോത്സവം)
വേദി 11- പി ബാലചന്ദ്രൻ സ്മൃതി കെവി എസ്എൻഡിപി യുപി കടപ്പാക്കട (അറബിക് കലോത്സവം)
വേദി 12- അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി - ജഹവർ ബാലഭവൻ (സംസ്കൃത കലോത്സവം)
വേദി 13- അച്ചാണി രവി സ്മൃതി - ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആശ്രാമം
വേദി 14- ജി ദേവരാജൻ സ്മൃതി - സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (താഴത്തെ നില)
വേദി 15- രവീന്ദ്രൻ മാഷ് സ്മൃതി - സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (രണ്ടാം നില)
വേദി 16- കാക്കനാടൻ സ്മൃതി - കർമ്മറാണി ട്രെയിനിങ് കോളേജ്
വേദി 17- ഗീഥാസലാം സ്മൃതി - സെന്റ് ജോസഫ്സ് കോൺവെന്റ് ജിഎത്ത്എസ്എസ് കൊല്ലം (താഴത്തെ നില)
വേദി 18- വിനയചന്ദ്രൻ സമൃതി സെന്റ് ജോസഫ്സ് കോൺവെന്റ് ജിഎച്ച്എസ്എസ് കൊല്ലം (മുകളിലത്തെ നില)
വേദി 19- ഡോ. വയലാ വാസുദേവൻപിള്ള സ്മൃതി - ബാലികാമറിയം എൽപിഎസ് കൊല്ലം
വേദി 20- കൊല്ലം ശരത് സ്മൃതി - കർബല ഗ്രൗണ്ട്
വേദി 21- കുണ്ടറ ജോണി സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 22- കെപി അപ്പൻ സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 23- പന്മ രാമചന്ദ്രൻ നായർ സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 24- ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട