തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖർക്കു വിരുന്നൊരുക്കിയത് വേണ്ടത്ര വിജയിച്ചില്ലെന്ന വിലയിരുത്തലിൽ സർക്കാർ. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വിരുന്നിനുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം രാജ്ഭവനിൽ എത്തിച്ചെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പോയില്ല. എന്നാൽ ചില പ്രമുഖ വൈദികർ എത്താത്തതാണ് സർക്കാരിനെ ചിന്തിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിരുന്നിന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. തിരക്കുകൾ കാരണമാണു പങ്കെടുക്കാൻ കഴിയാത്തതെന്ന് ഇരുസഭകളുടെയും പ്രതിനിധികൾ പ്രതികരിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പ്രഭാതയോഗത്തിലും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പങ്കെടുത്തിരുന്നില്ല. ദക്ഷിണ കേരളത്തിലും തീര ദേശത്തും നിർണ്ണായക സ്വാധീനമുള്ള സഭയാണ് ലത്തീൻ സഭ. സർക്കാരുമായുള്ള അതൃപ്തിയാണ് ഇതിലൂടെ ലത്തീൻ സഭ അറിയിക്കുന്നതെന്നാണ് സൂചന.

വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ ലത്തീൻ സഭ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇതിനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നിന് പോയവരെ മന്ത്രി സജി ചെറിയാൻ കളിയാക്കിയതും ലത്തീൻ സഭയെ ചൊടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അതിനിർണ്ണായക വോട്ട് ബാങ്കായ ലത്തീൻ സഭയുടെ പിണക്കും സർക്കാരിന് വലിയ തലവേദനയായി മാറും. വിഴിഞ്ഞം തുറമുഖത്തിൽ ലത്തീൻ സഭയുടെ തീരുമാനങ്ങളും നിർണ്ണായകമാകും. ഇതിനൊപ്പമാണ് ഗവർണ്ണറുടെ വിട്ടു നിൽക്കലും ചർച്ചയാകുന്നത്. വിളിക്കാൻ വേണ്ടി പേരിന് മാത്രമായി വിളിയൊതുങ്ങി. അതുകൊണ്ടാണ് ഗവർണ്ണർ വരാത്തത്.

ഗവർണറെ മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി ക്ഷണിക്കുകയോ മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയോ ആയിരുന്നു പതിവ്. ഇത്തവണ ഗവർണറുടെയും രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും പേരിലുള്ള ക്ഷണക്കത്തുകൾ ആൾ വശം കൊടുത്തു വിടുകയായിരുന്നു. നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം 25നു നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ ഗവർണറെ അറിയിച്ചിട്ടില്ല. മന്ത്രിസഭ തീരുമാനിച്ച ശേഷം സ്പീക്കർ നേരിട്ടെത്തി ഗവർണറെ ക്ഷണിക്കുന്നതാണ് കീഴ്‌വഴക്കം. അതുപക്ഷേ സ്പീക്കർ ചെയ്യുമെന്നാണ് സൂചന.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ, കുര്യാക്കോസ് മാർ സേവേറിയോസ് , ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിറിൽ മാർ ബസേലിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ബിഷപ് ഡോ.വിൻസന്റ് സാമുവൽ, റവ.ജെ.ജയരാജ്, വി.പി.ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ.ഫസൽ ഗഫൂർ, ഡോ.എം വിപിള്ള, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, ജോസ് തോമസ്, ടോണി തോമസ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ.വി.കെ.രാമചന്ദ്രൻ, മുൻ മന്ത്രിമാർ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർ, അഡിഷനൽ ചീഫ് സെക്രട്ടറിമാർ തുടങ്ങിയവരും ചടങ്ങിനെത്തി.