- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറ്റാലിയൻ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി കത്തോലിക്കാ സഭ
കത്തോലിക്ക സഭയിൽ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള പോര് സജീവമായി നിലനിൽക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. പുതുവർഷ തലേന്ന് നടത്തിയ പ്രാർത്ഥനാ ചടങ്ങുകൾക്കിടയിൽ മാർപ്പാപ്പയെ സഭാ വിരുദ്ധനെന്ന് വിശേഷിപ്പിച്ച ഒരു ഇറ്റാലിയൻ വൈദികനെതിരെ നടപടിയുമായി സഭ. ഇറ്റലിയിലെ ലിവോർണോ പ്രവിശ്യയിലുള്ള ഗോസ്റ്റിസ് ഈ ചെറുപട്ടണത്തിലെ പള്ളി വികാരിയാണ് വിവാദത്തിലായത്.
ഇവിടത്തെ സെയിന്റ് റനീരി പള്ളിയിലെ വികാരി ഫാദർ റാമൺ ഗിഡെറ്റിയാണ് വിവാദ പ്രസംഗം നടത്തിയത്. പോപ്പ് ഫ്രാൻസിസിന്റെ മുൻഗാമി ബെനെഡെക്ട് പതിനാറാമന്റെ സ്മരണ പുതുക്കൽ ചടങ്ങിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഈ ചടങ്ങുകളുടെ 20 മിനിറ്റോളം നീണ്ടു നിൽക്കുന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. അർജന്റീനിയക്കാരൻ ആയ പോപ്പ് ഫ്രാൻസിസിനെ, അദ്ദേഹത്തിന്റെ മുൻ പേരായ ബെർഗോഗിളോ എന്ന പേര് ഉപയോഗിച്ചാണ് പുരോഹിതൻ അഭിസംബോധന ചെയ്തിരിക്കുന്നത്.
മിസ്റ്റർ ബെർഗോഗ്ലിയോ എന്ന് പോപ്പിനെ പരാമർശിച്ച വൈദികൻ അദ്ദേഹം സഭാ വിരുദ്ധനാണെന്നും ലോകത്തിൽ അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ള ഒരു ജെസ്യുട്ട് ഫ്രീമേസൺ ആണെന്നും ആരോപിച്ചു. നല്ലവനായ ബെനെഡിക്ട് മാർപ്പാപ്പയുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാൻസിസിന് വളരെ വിളറിയ വീക്ഷണങ്ങളാണ് ഉള്ളതെന്നും വൈദികൻ ആരോപിച്ചു.
വൈദികന്റെ ചില അനുയായികൾ ഈ പ്രസ്താവനയെ കൈയടിച്ച് സ്വാഗതം ചെയ്തെങ്കിലും സഭാ നേതൃത്വം ഇത് ഗൗരവകരമായി എടുക്കുകയായിരുന്നു. ലിവോർണോ ബിഷപ്പ് ഉടനടി നടപടി എടുക്കുകയായിരുന്നു. സഭയ്ക്കുള്ളിൽ ഭിന്നത വളർത്തുന്ന നടപടിയാണ് വൈദികൻ കൈക്കൊണ്ടത് എന്ന് ആരോപിച്ച ബിഷപ്പ് വൈദികനെ ഉടനടി വൈദിക ചുമതലകളിൽ നിന്നും നീക്കിക്കൊണ്ടുള്ള ഡിക്രി പുറപ്പെടുവിക്കുകയായിരുന്നു.
ഈ വൈദികൻ നടത്തുന്ന ഒരു ആഘോഷ പരിപാടികളിലും പങ്കെടുക്കരുതെന്ന് മറ്റ് വൈദികർക്ക് കർശനമായ മുന്നറിയിപ്പും ബിഷപ്പ് നൽകിയിട്ടുണ്ട്. അതുപോലെ, സഭയുടെ നിയമത്തിലല്ലാതെ മറ്റു കൾട്ടുകളുടെ ആചാരാനുഷ്ഠാനങ്ങളിലൊന്നും തന്നെ വിശ്വസിക്കരുതെന്നും അനുശാസിച്ചിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
നേരത്തെയും മാർപ്പാപ്പക്ക് എതിരായ പല പ്രസ്താവനകളും ഇറക്കിയിട്ടുള്ള വൈദികൻ പറയുന്നത് ഈ ഒരു കാര്യത്തിൽ പുറത്താക്കപ്പെട്ടതിൽ അഭിമാനമേയുള്ളു എന്നാണ്. താൻ തികച്ചും ശാന്തനാണെന്ന് ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞ അദ്ദേഹം, പക്ഷെ ഈ നടപടി വന്ന വേഗത തന്നെ അമ്പരിപ്പിക്കുന്നു എന്നും പറഞ്ഞു. തനിക്ക് ലഭിച്ച ഡിക്രി താൻ ഫ്രെയിം ചെയ്ത് വീട്ടിൽ തൂക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോപ്പ് ബെനഡിക്ടിന് ശേഷം 2013 മാർച്ചിലായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയാകുന്നത്. തികഞ്ഞ പുരോഗമന വാദിയായ പോപ്പ് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ സഭയ്ക്കകത്ത് പാരമ്പര്യവാദികൾ സമരത്തിലുമാണ്. അവിവാഹിതരായ ദമ്പതികളെയും സ്വവർഗ്ഗ ദമ്പതികളെയും അനുഗ്രഹിക്കാനുള്ള അനുവാദം ഉൾപ്പടെ വിവാദമായ പല തീരുമാനങ്ങളും പോപ്പ് ഫ്രാൻസിസ് നടപ്പിലാക്കുകയുണ്ടായി.