പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസിൽ പ്രതിയായി ജയിലിൽ കഴിയവെ മരണമടഞ്ഞ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ പേരുകൾ വെളിപ്പെടുത്തുകയാണ് ന്യുയോർക്കിലെ കോടതി. 187 പ്രശസ്ത വ്യക്തികളുടെ പേരുകളാണ് അതിൽ ഉള്ളത്. അതിൽ മൂന്ന് പേരുടേതൊഴിച്ചുള്ള 184 പേരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിടുന്നത്.

എപ്സ്റ്റീനിന് പെൺകുട്ടികളെയും സ്ത്രീകളെയും എത്തിച്ചു കൊടുത്തിരുന്നു എന്ന് ആരോപിക്കപ്പെട്ട ഗിസ്ലെയ്ൻ മാക്സ്വെല്ലിനെതിരെ ഇരകളിൽ ഒരാളായ വെർജീനിയ ഗിഫർ നൽകിയ കേസ് 2017-ൽ സെറ്റിൽ ചെയ്തിരുന്നു. ആ കേസിൽ പ്രതിപാദിച്ചിരിക്കുന്നതാണ് ഈ പേരുകൾ. ലിസ്റ്റിലെ പേരുകൾ മുഴുവൻ പുറത്തു വിടണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇതിൽ ഉൾപ്പെട്ട ജെയ്ൻ ഡോ 107 എന്ന് പരാമർശിക്കപ്പെട്ട വനിത, തന്റെ പേര് പുറത്തു വിട്ടാൽ അത് തനിക്ക് അപകടകരമാകുമെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നു. ഈ വാദം ശരിയാണെന്ന് തെളിയിക്കാൻ ഇവർക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതുവരെ ഇവരുടെ പേർ പുറത്തുവിടില്ല. അതുപോലെ മറ്റു രണ്ടു പേർക്കും ജനുവരി 22 വരെ സമയം നൽകിയിട്ടുണ്ട്. ബാക്കിയുള്ള 184 പേരുടെയും വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന.

ഒന്നൊന്നായി ആയിരിക്കുമോ പേരുകൾ വെളിപ്പെടുത്തുക, അതല്ല, എല്ലാം ഒന്നിച്ച് പ്രസിദ്ധീകരിക്കുമോ എന്നത് വ്യക്തമായിട്ടില്ല. എപ്സ്റ്റീനിന്റെ കുപ്രസിദ്ധമായ സ്വകാര്യ ജറ്റിൽ പറന്നവരിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ, ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ എന്നിവരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ പേരുള്ളവരിൽ പലരും തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തിയിരുന്ന കാര്യം നിഷേധിച്ചിരുന്നു. ഇവരുടെ ആരുടെയും പേരിൽ കേസുകളും നിലവിലില്ല.

എന്നാൽ, മറ്റൊരു കേസിൽ എപ്സ്റ്റീനിന്റെ സുഹൃത്തും ദല്ലാളെന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന മാക്സ്വെൽ എന്ന 62 കാരിക്ക് 20 വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ലൈംഗിക ഉപയോഗത്തിനായി മനുഷ്യക്കടത്ത് നടത്തി എന്നതാണ് ഇവരുടെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഈ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ള, എപ്സ്റ്റീനിന്റെ അടുത്ത സുഹൃത്തായ മറ്റൊരു വനിത കോടതിയിൽ പറഞ്ഞത് താൻ ജീവിക്കുന്നത് സാംസ്‌കാരികമായി അതീവ യാഥാസ്ഥിതികത്വം പുലർത്തുന്ന ഒരു രാജ്യത്താണെന്നും, തന്റെ പേര് പുറത്തു വരുന്നത് തനിക്ക് അപകടകരമാകും എന്നാണ്. ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കാൻ ഇവർക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിന് രണ്ട് വർഷം മുൻപ് കേസ് സെറ്റിൽ ആയെങ്കിലും അതിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖ ഇത്രകാലവും അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഡിസംബർ 18 ന് ആയിരുന്നു ജഡ്ജി ഈ രേഖ പ്രസിദ്ധപ്പെടുത്താൻ സമ്മതിച്ചത്. ലിസ്റ്റിലുള്ളവരുടെ പേരുവിവരങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരമായ ബാദ്ധ്യതയില്ലാത്തതിനാലാണ് ഇതെന്നും ജഡ്ജി പറഞ്ഞിരുന്നു.