ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിലെ ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട്, വിമാനത്തിനകത്ത് ഒരു സ്റ്റുവാർഡ് കുഴഞ്ഞുവീണു മരിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ഹോങ്കോംഗിലേക്ക് പറന്നുയരാൻ തയ്യാറായ വിമാനത്തിലായിരുന്നു ഈ ദുര്യോഗം നടന്നത്. പുതുവത്സര തലെന്നായിരുന്നു സംഭവം.

സ്റ്റുവാർഡ് കുഴഞ്ഞുവീണ ഉടനെ തന്നെ വിമാനത്തിനകത്ത് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടവർ ആരെങ്കിലുമുണ്ടൊ എന്ന് ക്യാപ്റ്റൻ വിളിച്ചു ചോദിച്ചു. പ്രഥമ ശുശ്രൂഷ നൽകുന്നതിൽ പരിശീലനം ലഭിച്ച ഒരു വ്യക്തിയുണ്ടായിരുന്നു വിമാനത്തിനകത്ത്. ആ വ്യക്തി പ്രഥമ ശുശ്രൂഷ നൽകുന്നതിന് തയ്യാറായി മുൻപോട്ട് വരികയും ചെയ്തു.,

കുഴഞ്ഞു വീണ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നൽകുന്നത് യാത്രക്കാർ ഭയത്തോടെ നോക്കി നിന്നു. അതിനു പുറകെ പാരാമെഡിക്സും പൊലീസും എത്തിച്ചേര്ന്നു. ഇവരെല്ലാവരും പരമാവധി ശ്രമിച്ചിട്ടും പക്ഷെ സ്റ്റുവാർഡിന്റെ ജീവൻ തിരികെ പിടിക്കാനായില്ല. സംഭവം നടന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ ഫ്ളൈറ്റ് 32 പിന്നീട് മെഡിക്കൽ എമർജൻസി എന്ന കാരണത്താൽ റദ്ദാക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്കകം ബ്രിട്ടീഷ് എയർവേയ്സിൽ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഡിസംബർ 23 ന് 52 കാരനായ മറ്റൊരു സ്റ്റുവാർഡും ഇത്തരത്തിൽ മരണമടഞ്ഞിരുന്നു. ഡ്യുട്ടിക്ക് ഈ സ്റ്റുവാർഡ് വരാത്തതിനെ തുടർന്ന് സഹപ്രവർത്തകരായിരുന്നു ആദ്യം അന്വേഷണം ആരംഭിച്ചത്. താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ആ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് അന്ന് ന്യുവാർക്കിൽ നിന്നും ഹീത്രൂവിലേക്കുള്ള വിമാനവും ബ്രിട്ടീഷ് എയർവേയ്സ് റദ്ദാക്കിയിരുന്നു.

ഈ രണ്ടു വിമാനങ്ങളിലും യാത്രചെയ്യാൻ ഉദ്ദേശിച്ചവരെ പിന്നീട് മറ്റു വിമാനങ്ങളിൽ അയയ്ക്കുകയായിരുന്നു. ഈ രണ്ട് മരണങ്ങളിലും, നേരത്തെ അറിയാമായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബ്രിട്ടീഷ് എയർവേയ്സ് വക്താവ് അറിയിച്ചത്. അതേസമയം, എല്ലാവരും ഉത്സവമാഘോഷിക്കുന്ന ഈ നേരത്ത് ബ്രിട്ടീഷ് എയർവേയ്സിന് നേരിട്ട ആഘാതം ഞെട്ടിക്കുന്നതാണെന്നും വക്താവ് അറിയിച്ചു