- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹിനിയാട്ടത്തോടെ അരങ്ങുണർന്നു; ആദ്യദിനം പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ കോഴിക്കോട് മുന്നിൽ; തൊട്ടുപിന്നാലെ തൃശൂർ; മൂന്നാമത് കണ്ണൂർ; അഞ്ചുദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത് പതിനാലായിരത്തോളം മത്സരാർഥികൾ
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യദിനം പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ കോഴിക്കോട്.മുന്നിൽ. 139 പോയിന്റാണ് കോഴിക്കോട് ഇതുവരെ നേടിയിരിക്കുന്നത്. 137 പോയിന്റുമായി തൊട്ടുപിന്നാലെ തൃശ്ശൂരാണ്. 132 പോയിന്റുകളോടെ കണ്ണൂർ മൂന്നാംസ്ഥാനത്തും 129 പോയിന്റുകളോടെ ആതിഥേയരായ കൊല്ലാം നാലാം സ്ഥാനത്തുമാണുള്ളത്. അഞ്ചാംസ്ഥാനത്ത് 126 പോയിന്റുകളോടെ പാലക്കാടാണ്. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്. മോഹിനിയാട്ടമായിരുന്നു ആദ്യത്തെ മത്സരയിനം.
ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പതിനാലായിരത്തോളം മത്സരാർഥികളാണ് അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ മാറ്റുരയ്ക്കുന്നത്.
24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്‌കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
സംസ്ഥാന കലോത്സവത്തിന്റെ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഒരു മണിക്കൂറാണ് ഹയർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി. തേവള്ളി ഗവ. മോഡൽ ബോയ്‌സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ അപ്പീൽ കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. സമയപരിധി കഴിഞ്ഞ് അപേക്ഷ പരിഗണിക്കുന്നതല്ലെന്നും രാത്രി 8.00 മണിക്ക് ശേഷം വരുന്ന മത്സര ഫലത്തിന്മേൽ മത്സരാർഥികൾക്ക് അടുത്ത ദിവസം രാവിലെ 10 മണി വരെ ഹയർ അപ്പീൽ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
മത്സരാർഥികൾക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാൻ 30 സ്‌കൂൾ ബസുകൾ കലോത്സവ വാഹനങ്ങളായി ഓടുന്നു. കൊല്ലം ക്രേവൻ സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ