തിരുവനന്തപുരം: രാജ്യത്തെ സുരക്ഷാ ഏജൻസികൾ ഏറെനാളുകളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംഭീകരൻ ജാവിദ് അഹമ്മദ് മട്ടു ജീവനോടെ പിടിയിൽ. എൻഐഎ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാട്ടൂവിനെ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം പിടികൂടുന്നത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭാഗമായാണ് കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്. മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം.

രാജ്യത്തെ സുരക്ഷാ ഏജൻസികൾ തേടിക്കൊണ്ടിരിക്കുന്ന പത്ത് ഭീകരരിൽ ഒരാളാണ് മട്ടു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ നേരത്തെ കേന്ദ്ര സർക്കാർ വിലയിട്ടിരുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ള മട്ടുവിന്റെ അറസ്റ്റ് നിർണായകമാകുമെന്നാണ് സൂചന.

വടക്കൻ കശ്മീരിലെ സോപോർ സ്വദേശിയാണ് ഇയാൾ. നിരവധി തവണ പാക്കിസ്ഥാനിൽ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു മട്ടു എന്നാണ് വിവരം. ഭീകരന്മാരുടെ എ++ കാറ്റഗറിയിലാണ് മട്ടുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തിയ ആളാണ് ഇയാൾ.

എന്നാൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ജാവേദിന്റെ സഹോദരൻ സ്വന്തം വീടിന് മുന്നിൽ ത്രിവർണ പതാക പറത്തുകയും ഹിന്ദുസ്ഥാൻ ഹമാരാ ഹേ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തന്റെ സഹോദരൻ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും തങ്ങൾ ഇന്ത്യാക്കാരയതിൽ അഭിമാനിക്കുന്നു എന്നുമായിരുന്നു റയീസ് മട്ടു അന്ന് പ്രതികരിച്ചത്. സഹോദരൻ 2009 മുതൽ ഭീകരപ്രവർത്തങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും എന്നാൽ അവനെക്കുറിച്ച് കുടുംബത്തിന് ഒന്നും അറിയില്ലെന്നും റയീസ് പറഞ്ഞു.

ജാവേദിനെ കണ്ടെത്താൻ എൻ.ഐ.എയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. ജമ്മു കശ്മീരിലെ നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. അഞ്ച് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിലായി പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയണ്.

പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ച മാട്ടൂവിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെയും കേന്ദ്ര ഏജൻസികളുടെയും ഏകോപനത്തോടെയാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് ഡൽഹി സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ എച്ച്ജിഎസ് ധലിവാൾ പറഞ്ഞത്.